ടെൽ അവീവ്: ഇറാനുമായുള്ള യുദ്ധത്തിനിടെ താൻ കൊല്ലപ്പെട്ടുവെന്ന തരത്തിൽ പ്രചരിച്ച അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎസ് അംബാസഡർ മൈക്ക് ഹക്കബിക്കൊപ്പമുള്ള വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം താൻ സുരക്ഷിതനാണെന്ന് ലോകത്തെ അറിയിച്ചത്.(Yes, Mike, I’m alive, Netanyahu mocks death rumours again)
Crossing names off the list is good – doing it shoulder to shoulder with our American friends is even better.
Good to see Ambassador @GovMikeHuckabee. Always a pleasure.
🇮🇱🇺🇸 pic.twitter.com/FZrZN03IZI
— Benjamin Netanyahu – בנימין נתניהו (@netanyahu) March 17, 2026
കഴിഞ്ഞ കുറച്ചുദിവസങ്ങളായി നെതന്യാഹു പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതിരുന്നതും, അദ്ദേഹത്തിന്റെ വീഡിയോയിലെ എഡിറ്റഡ് ദൃശ്യങ്ങൾ ആറ് വിരലുകളുള്ളതായി പ്രചരിച്ചതും വലിയ തോതിലുള്ള ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി കൊല്ലപ്പെട്ടുവെന്ന വാർത്തകൾ ഇറാൻ അനുകൂല കേന്ദ്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നതിനിടെയാണ് പുതിയ ദൃശ്യങ്ങൾ പുറത്തുവന്നത്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരമാണ് താൻ നെതന്യാഹുവിനെ കാണാൻ എത്തിയതെന്ന് മൈക്ക് ഹക്കബി വീഡിയോയിൽ തമാശരൂപേണ പറയുന്നുണ്ട്. “മിസ്റ്റർ പ്രൈം മിനിസ്റ്റർ, താങ്കൾക്ക് സുഖമാണെന്ന് ഉറപ്പുവരുത്താൻ പ്രസിഡന്റ് എന്നെ ഇങ്ങോട്ട് അയച്ചതാണ്.” “അതെ മൈക്ക്, ഞാൻ ജീവനോടെയുണ്ട്” എന്ന് നെതന്യാഹുവും പറയുന്നുണ്ട്.
ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി, ബാസിജ് കമാൻഡർ ഗുലാംറേസ സുലൈമാനി എന്നിവരെ ലക്ഷ്യം വെച്ച് ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ച് വീഡിയോയിൽ നെതന്യാഹു പരാമർശിച്ചു. അമേരിക്കൻ സൈന്യത്തിന്റെ പിന്തുണയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ഇസ്രയേലിനെ തകർക്കാനും അമേരിക്കൻ നഗരങ്ങളിലേക്ക് ആണവായുധങ്ങൾ എത്തിക്കാനും ശ്രമിക്കുന്ന ഭീകരശക്തികളെ തുടച്ചുനീക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

