ന്യൂയോർക്ക്: ഇറാനുമായുള്ള സമാധാന ചർച്ചകൾക്കിടയിലും പശ്ചിമേഷ്യയിലേക്ക് ആയിരക്കണക്കിന് സൈനികരെ അധികമായി വിന്യസിക്കാൻ അമേരിക്ക ഒരുങ്ങുന്നതായി റിപ്പോർട്ട്. യുഎസ് സേനയിലെ എലൈറ്റ് വിഭാഗമായ 82-ാം എയർബോൺ ഡിവിഷനിൽ നിന്നുള്ള സൈനികരെയാണ് പെന്റഗൺ മേഖലയിലേക്ക് അയക്കുന്നത്. നോർത്ത് കരോലിനയിലെ ഫോർട്ട് ബ്രാഗ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സൈനിക വിഭാഗത്തെ പശ്ചിമേഷ്യയിൽ എവിടെയാണ് വിന്യസിക്കുകയെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട് ചെയ്യുന്നു.(US to deploy thousands of troops from 82nd Airborne Division to Middle Asia )
ഇറാനുമായി നയതന്ത്ര ചർച്ചകൾക്ക് ട്രംപ് ഭരണകൂടം ശ്രമിക്കുന്നുണ്ടെങ്കിലും, ഈ വൻതോതിലുള്ള സൈനിക സന്നാഹം മേഖലയിൽ കനത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. നിലവിൽ ഇറാനിലേക്ക് നേരിട്ടുള്ള സൈനിക നീക്കത്തിന് തീരുമാനമെടുത്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ടെങ്കിലും, ഭാവിയിലുണ്ടായേക്കാവുന്ന അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള മുൻകരുതലായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ആഴ്ച യുഎസ്എസ് ബോക്സർ എന്ന യുദ്ധക്കപ്പലിലും അനുബന്ധ കപ്പലുകളിലുമായി ആയിരക്കണക്കിന് മറീനുകളെയും നാവികരെയും വിന്യസിച്ചതിന് പിന്നാലെയാണ് പുതിയ സൈനിക വിന്യാസം.
ഇറാന്റെ ഊർജ്ജനിലയങ്ങൾക്ക് നേരെ അഞ്ച് ദിവസത്തേക്ക് ആക്രമണം ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം ഡോണൾഡ് ട്രംപ് ഉറപ്പ് നൽകിയിരുന്നു. എന്നാൽ, കൂടുതൽ ശക്തമായ ആക്രമണത്തിന് മുന്നോടിയായി ആയുധങ്ങളും സൈനിക സന്നാഹങ്ങളും ഇസ്രായേലിൽ എത്തിക്കാനുള്ള സാവകാശം നേടാനാണ് ട്രംപ് ഈ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതെന്നാണ് ഇറാന്റെ പക്ഷം.

