അബുദാബി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ അതിശക്തമായി പ്രതിരോധിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്. രാജ്യത്തിന്റെ ആകാശപരിധിയിൽ വെച്ച് ശത്രു മിസൈലുകളും ഡ്രോണുകളും തകർക്കുന്ന വീഡിയോ ദൃശ്യങ്ങൾ യുഎഇ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. ചൊവ്വാഴ്ച മാത്രം 11 ബാലിസ്റ്റിക് മിസൈലുകളും 123 ഡ്രോണുകളും യുഎഇ വിജയകരമായി വെടിവെച്ചിട്ടു.(UAE defends against Iranian attack, 172 missiles and 755 drones destroyed)
യുഎഇ നേരിട്ട ആക്രമണങ്ങളുടെയും പ്രതിരോധത്തിന്റെയും ആകെ കണക്കുകൾ മന്ത്രാലയം വെളിപ്പെടുത്തി. ഇറാൻ തൊടുത്തുവിട്ട 186 മിസൈലുകളിൽ 172 എണ്ണവും യുഎഇ തകർത്തു. 13 എണ്ണം കടലിൽ പതിച്ചപ്പോൾ ഒരെണ്ണം മാത്രമാണ് രാജ്യത്തിനുള്ളിൽ വീണത്. ആകെ എത്തിയ 812 ഡ്രോണുകളിൽ 755 എണ്ണവും നശിപ്പിച്ചു. 57 എണ്ണം വിവിധയിടങ്ങളിൽ പതിച്ചു. കണ്ടെത്തിയ എട്ട് ക്രൂയിസ് മിസൈലുകളും വിജയകരമായി നശിപ്പിച്ചു.
മിസൈൽ-ഡ്രോൺ വർഷത്തെത്തുടർന്നുണ്ടായ നാശനഷ്ടങ്ങളിൽ മൂന്ന് വിദേശികൾ കൊല്ലപ്പെട്ടു. പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളാണ് മരണപ്പെട്ടത്. എമിറാത്തികൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 68 പേർക്ക് പരിക്കേറ്റു. എന്നാൽ ഇവരുടെ പരിക്ക് നിസാരമാണെന്ന് അധികൃതർ വ്യക്തമാക്കി. വ്യോമപ്രതിരോധ സംവിധാനങ്ങൾ പൂർണ്ണ സജ്ജമാണെന്നും മന്ത്രാലയം അറിയിച്ചു.

