വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുക്കാനുള്ള സമയപരിധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ, ഇറാന് കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിശ്ചിത സമയത്തിനുള്ളിൽ പാത തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ട്രംപ് ഭീഷണിപ്പെടുത്തി.(Tuesday, 8:00 P.M. Eastern Time, wait and see, Trump to Iran)
ഇറാന് മേൽ ‘നരകം’ അഴിച്ചുവിടുമെന്ന് അദ്ദേഹം ആവർത്തിച്ചെങ്കിലും, ടെഹ്റാനുമായി ഒരു ധാരണയിലെത്താൻ “നല്ല സാധ്യതയുണ്ടെന്ന്” ട്രംപ് അമേരിക്കൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ട്രംപിന്റെ ഭീഷണിയെ “നിസ്സഹായാവസ്ഥയും വിഡ്ഢിത്തവും” എന്ന് വിളിച്ച് ഇറാൻ പരിഹസിച്ചു.
ഇറാൻ വെടിവെച്ചിട്ട അമേരിക്കൻ യുദ്ധവിമാനത്തിലെ രണ്ടാമത്തെ ജീവനക്കാരനെയും ശത്രുരാജ്യത്തിന്റെ ഉള്ളിൽ കടന്ന് നടത്തിയ സാഹസികമായ ഓപ്പറേഷനിലൂടെ രക്ഷപ്പെടുത്തിയതായി അറിയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ ഭീഷണി. വെള്ളിയാഴ്ച എഫ്-15 വിമാനം തകർന്നതിന് പിന്നാലെ പൈലറ്റിനെ ഉടൻ രക്ഷപ്പെടുത്തിയിരുന്നു. രണ്ടാമത്തെ സൈനികനായി ഇറാനിലെ മലനിരകളിൽ യുഎസും ഇറാനും ഒരുപോലെ തിരച്ചിൽ നടത്തിവരികയായിരുന്നു.
ഏറെ നാളായി തുടരുന്ന യുദ്ധത്തിൽ, അമേരിക്കയുടെയും ഇസ്രായേലിന്റെയും വ്യോമാക്രമണങ്ങൾക്ക് മറുപടിയായി ഗൾഫ് രാജ്യങ്ങളിലെ അവരുടെ സഖ്യകക്ഷികൾക്ക് നേരെ ഇറാൻ തിരിച്ചടി നൽകുകയാണ്. ലോകത്തെ അഞ്ചിലൊന്ന് എണ്ണയും വാതകവും കടന്നുപോകുന്ന പ്രധാന പാതയായ ഹോർമുസ് കടലിടുക്കിൽ ഇറാൻ തടസ്സങ്ങൾ സൃഷ്ടിച്ചത് ആഗോള എണ്ണവില കുതിച്ചുയരാനും പണപ്പെരുപ്പത്തിനും കാരണമായിട്ടുണ്ട്.
തന്റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് തന്റെ ആവശ്യം വീണ്ടും ഉന്നയിച്ചത്. ഇറാനിൽ ചൊവ്വാഴ്ച ‘പവർ പ്ലാന്റ് ഡേയും’ ‘ബ്രിഡ്ജ് ഡേയും’ ഒന്നിച്ചുണ്ടാകും. അതുപോലൊന്ന് ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടാകില്ല!!! ആ കടലിടുക്ക് തുറക്കൂ… അല്ലെങ്കിൽ നിങ്ങൾ നരകത്തിൽ ജീവിക്കേണ്ടി വരും – കാത്തിരുന്ന് കണ്ടോ!” പിന്നീട് നൽകിയ അഭിമുഖത്തിൽ, തിങ്കളാഴ്ചയോടെ ഒരു ധാരണയിലെത്താൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഉടൻ പരിഹാരമായില്ലെങ്കിൽ “എല്ലാം ബോംബിട്ട് തകർക്കാനും എണ്ണപ്പാടങ്ങൾ ഏറ്റെടുക്കാനും” താൻ ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ തിങ്കളാഴ്ചയായിരുന്നു അവസാന തീയതി നിശ്ചയിച്ചിരുന്നതെങ്കിലും “ചൊവ്വാഴ്ച രാത്രി 8 മണി, ഈസ്റ്റേൺ ടൈം” എന്ന് പുതുക്കി ട്രംപ് വീണ്ടും പോസ്റ്റ് ചെയ്തു. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട സമയപരിധി ട്രംപ് ഇതിനുമുമ്പും പലതവണ നീട്ടിയിട്ടുണ്ട്. മാർച്ച് 21-ന് നൽകിയ ആദ്യ മുന്നറിയിപ്പിൽ 48 മണിക്കൂറിനുള്ളിൽ പാത തുറന്നില്ലെങ്കിൽ ഇറാനെ നാമാവശേഷമാക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ അമേരിക്കയുമായി യാതൊരു ചർച്ചയും നടക്കുന്നില്ലെന്നാണ് ഇറാൻ ഔദ്യോഗികമായി വ്യക്തമാക്കുന്നത്.

