വാഷിങ്ടൺ: ഇറാനിലെ ഊർജ്ജ നിലയങ്ങൾ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങൾ ഏപ്രിൽ 6 വരെ താൽക്കാലികമായി നിർത്തിവെക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇറാൻ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ പങ്കുവെച്ച കുറിപ്പിൽ ട്രംപ് വ്യക്തമാക്കി.(Trump postpones attack on Iran for 10 days, Talks progressing)
ഏപ്രിൽ 6 വരെ ഊർജ്ജനിലയങ്ങൾ തകർക്കുന്നത് നിർത്തിവെക്കും.ടെഹ്‌റാനുമായുള്ള ചർച്ചകൾ ക്രിയാത്മകമായി മുന്നോട്ടുപോകുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. അമേരിക്ക മുന്നോട്ടുവെച്ച 15 ഇന സമാധാന കരാർ ഇറാൻ അംഗീകരിക്കണമെന്ന നിലപാടിൽ മാറ്റമില്ല.
ഇറാനിയൻ ചർച്ചക്കാരുടെ നിലപാടുകളെ ‘വിചിത്രം’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. സൈനികമായി തകർന്ന നിലയിലുള്ള ഇറാൻ ഒരു കരാറിനായി യാചിക്കുകയാണെന്നും, എന്നാൽ പുറംലോകത്തിന് മുന്നിൽ കരാർ പരിശോധിക്കുകയാണെന്ന് വ്യാജമായി പറയുകയാണെന്നും ട്രംപ് പരിഹസിച്ചു. വൈകുന്നതിന് മുൻപ് അവർ ഗൗരവമായി ചിന്തിക്കുന്നതാണ് നല്ലത്. ഒരിക്കൽ ആക്രമണം പൂർണ്ണതോതിൽ പുനരാരംഭിച്ചാൽ പിന്നെ ഒരു തിരിച്ചുവരവ് സാധ്യമാകില്ല, ട്രംപ് മുന്നറിയിപ്പ് നൽകി.
ട്രംപിന്റെ പ്രസ്താവനകൾ പുറത്തുവരുമ്പോഴും മേഖലയിൽ സംഘർഷത്തിന് അയവില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്നും പോരാട്ടം തുടരുമെന്നും ഇറാൻ ആവർത്തിച്ചു. 15 ഇന വെടിനിർത്തൽ നിർദ്ദേശം ഇറാൻ തള്ളിയതായാണ് വിവരം. ഇറാനിൽ തുടരുന്ന യുഎസ് – ഇസ്രയേൽ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 1900 കടന്നു. ഇറാൻ നാവികസേനാ മേധാവി അലിറേസ തങ്‌സിരിയെ വധിച്ചതായി ഇസ്രയേൽ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.

