ദുബായ്: പശ്ചിമേഷ്യൻ സംഘർഷം അയവില്ലാതെ തുടരുന്നു. ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ റവല്യൂഷണറി ഗാർഡ് നടത്തിയ ആക്രമണത്തിൻ്റെ ഫലമായി ദുബായിൽ ഒരാൾ കൊല്ലപ്പെട്ടു. ഗൾഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണം അവസാനിപ്പിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ പ്രസ്താവന നടത്തി മണിക്കൂറുകൾക്കകമാണ് വീണ്ടും സ്ഫോടനങ്ങൾ ഉണ്ടായത് എന്നത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.(Tensions in the Middle East continue unabated, Iranian forces launch attacks)
അബുദാബിയിലെ യുഎസ് വ്യോമത്താവളത്തിൽ ഇറാൻ ഡ്രോണുകൾ പതിച്ചു. യുഎസ് പ്രതിരോധ സംവിധാനങ്ങളെ മറികടന്നായിരുന്നു ആക്രമണം. അൽ ബർഷയിൽ ഇറാന്റെ മിസൈൽ അവശിഷ്ടങ്ങൾ വാഹനത്തിന് മുകളിൽ വീണ് ഏഷ്യൻ വംശജനായ ഡ്രൈവർ കൊല്ലപ്പെട്ടു. ദുബായ് വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് നേരെയും മിസൈൽ ആക്രമണം ഉണ്ടായെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
മനാമയിലെ യുഎസ് ബേസ് ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ റോക്കറ്റാക്രമണം ഉണ്ടായി. ശത്രുക്കൾക്ക് താവളം ഒരുക്കി നൽകുന്ന അയൽരാജ്യങ്ങളെ ഇനിയും ലക്ഷ്യം വെക്കുമെന്ന് ഇറാന്റെ ചീഫ് ജസ്റ്റിസ് മുഹ്‌സനി ഇസെയ് വ്യക്തമാക്കി. സമാധാന ചർച്ചകൾക്കിടയിലും സൈനിക നടപടി തുടരുന്നത് മേഖലയിൽ കൂടുതൽ ആശങ്ക പടർത്തുന്നുണ്ട്.

