വാഷിംഗ്ടൺ: ഇറാനെതിരെ പ്രഖ്യാപിച്ചിരുന്ന അന്ത്യശാസനം രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ അഭ്യർത്ഥന മാനിച്ചാണ് ഈ സുപ്രധാന നീക്കം. ഇതോടെ രണ്ടാഴ്ചത്തേക്ക് ഇറാനിൽ വെടിനിർത്തൽ നിലവിൽ വരുമെന്ന് ട്രംപ് വ്യക്തമാക്കി.(Temporary relief in the West Asia, Trump announces two-week ceasefire in Iran)
പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ട്രംപ് മുന്നോട്ട് വച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ അംഗീകരിച്ചതായി ഇറാൻ. ഹോർമുസ്, ഇറാൻ സൈന്യത്തിന്റെ സഹായത്തോടെ, തുറക്കുമെന്ന് ഇറാൻ വിദേശ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നതിനിടെ സമാധാന ശ്രമങ്ങളുമായി പാകിസ്ഥാൻ രംഗത്തെത്തുകയായിരുന്നു. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, ഫീൽഡ് മാർഷൽ അസീം മുനീർ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ആക്രമണം നിർത്തിവെക്കാൻ തീരുമാനിച്ചതെന്ന് ട്രംപ് അറിയിച്ചു. ഈ സംഘർഷത്തിൽ ഒരു മധ്യസ്ഥന്റെ വേഷമാണ് നിലവിൽ പാകിസ്ഥാൻ കൈകാര്യം ചെയ്യുന്നത്.
ഇറാനുനേരെയുള്ള ബോംബാക്രമണങ്ങളും മറ്റ് സൈനിക നടപടികളും താൽക്കാലികമായി നിർത്തിവെക്കുമെങ്കിലും ട്രംപ് കർശനമായ നിബന്ധന മുന്നോട്ട് വെച്ചിട്ടുണ്ട്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും സുരക്ഷിതമായും ഉടൻ തുറന്നുകൊടുക്കാൻ ഇറാൻ തയ്യാറാകണം. ഇതൊരു ഇരുപക്ഷ വെടിനിർത്തലായിരിക്കുമെന്നും അമേരിക്കയുടെ സൈനിക ലക്ഷ്യങ്ങൾ ഇതിനകം വിജയകരമായി പൂർത്തീകരിച്ചിട്ടുണ്ടെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
പ്രധാന തർക്കവിഷയങ്ങളിൽ ഭൂരിഭാഗത്തിലും ധാരണയായതായും ദീർഘകാല സമാധാന കരാറിലേക്കുള്ള ചർച്ചകളിൽ പുരോഗതിയുള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപ് പ്രഖ്യാപിച്ച ഈ വെടിനിർത്തലിൽ ഇസ്രായേലും പങ്കാളിയാണെന്ന് വൈറ്റ് ഹൗസ് വക്താവ് സ്ഥിരീകരിച്ചു. ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലും ബോംബാക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെക്കും. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ശക്തമായ സൈനിക ആക്രമണം നടത്തുമെന്ന ട്രംപിന്റെ സമയപരിധി അവസാനിക്കാൻ വെറും ഒന്നര മണിക്കൂർ ബാക്കി നിൽക്കെയാണ് ഈ നിർണ്ണായക പ്രഖ്യാപനം ഉണ്ടായത്. ലോകരാജ്യങ്ങൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് പശ്ചിമേഷ്യയിൽ നിന്നുള്ള ഈ പുതിയ നീക്കം.
പശ്ചിമേഷ്യയിൽ 41 ദിവസമായി തുടരുന്ന യുദ്ധത്തിന് താത്കാലിക വിരാമമായതിനെ ഇന്ത്യ സ്വാഗതം ചെയ്തു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ശുഭസൂചനയാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിലവിലെ വെടിനിർത്തൽ പ്രഖ്യാപനം സമാധാനത്തിലേക്കുള്ള നല്ലൊരു ചുവടുവെപ്പാണ്. സംഘർഷം ലഘൂകരിക്കാനുള്ള അന്താരാഷ്ട്ര നീക്കങ്ങളെ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. പശ്ചിമേഷ്യയിലെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ ഉടനടി പഴയ സ്ഥിതി പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ആഗോള ഇന്ധന വിതരണത്തെയും ചരക്ക് നീക്കത്തെയും ബാധിക്കുന്ന ഇടമെന്ന നിലയിൽ ഇവിടം സുരക്ഷിതമായിരിക്കേണ്ടത് അത്യാവശ്യമാണെന്നാണ് രാജ്യത്തിൻ്റെ നിരീക്ഷണം. മേഖലയിലെ സമാധാനം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ സാമ്പത്തിക സുരക്ഷയ്ക്ക് നിർണ്ണായകമാണ്.

