മോസ്കോ: പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കുന്നതിനായി പാകിസ്ഥാനിൽ നടന്ന ഇറാൻ-യുഎസ് ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ നിർണായക നീക്കവുമായി റഷ്യ. ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അറിയിച്ചു. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായി നടത്തിയ ടെലഫോൺ സംഭാഷണത്തിലാണ് പുടിൻ തന്റെ സന്നദ്ധത വ്യക്തമാക്കിയത്.(Putin makes decisive move, Russia ready to mediate US-Iran talks)
1979-ന് ശേഷം വാഷിങ്ടണും ടെഹ്റാനും തമ്മിൽ നടന്ന ആദ്യ നേരിട്ടുള്ള ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് റഷ്യയുടെ ഇടപെടൽ. ഇസ്ലാമാബാദിൽ 21 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലും യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കൃത്യമായ ധാരണയിലെത്താൻ ഇരുരാജ്യങ്ങൾക്കും കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ സംഘർഷത്തിന് രാഷ്ട്രീയവും നയതന്ത്രപരവുമായ പരിഹാരം കണ്ടെത്താൻ റഷ്യ സഹായിക്കുമെന്ന് ക്രെംലിൻ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.
പശ്ചിമേഷ്യയിൽ സുരക്ഷയും സ്ഥിരതയും വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഇരുനേതാക്കളും പങ്കുവെച്ചു. ഇറാനും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സഹകരണം വർദ്ധിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത ഇരുവരും ചർച്ച ചെയ്തു. മധ്യസ്ഥത വഹിക്കാനുള്ള തന്റെ താല്പര്യം പുടിൻ അമേരിക്കയെയും അറിയിച്ചിട്ടുള്ളതായാണ് റിപ്പോർട്ടുകൾ.
നിലവിൽ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും, ശാശ്വതമായ ഒരു സമാധാന കരാറിലെത്താൻ റഷ്യയുടെ ഇടപെടൽ സഹായിക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ കരുതുന്നത്. അമേരിക്കയുടെ കടുത്ത നിബന്ധനകളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഇറാൻ തുടരുന്ന സാഹചര്യത്തിൽ പുടിന്റെ മധ്യസ്ഥത എപ്രകാരം സ്വാധീനിക്കുമെന്നത് നിർണായകമാണ്.

