ജറുസലേം: ഇറാൻ സംഘർഷത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ ഇസ്രായേലിൽ കടുത്ത രാഷ്ട്രീയ പോരിന് വഴിതുറക്കുന്നു. ഇസ്രായേൽ ചരിത്രത്തിലെ ഏറ്റവും വലിയ ‘നയതന്ത്ര ദുരന്തം’ എന്നാണ് പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് ഈ നീക്കത്തെ വിശേഷിപ്പിച്ചത്. വെടിനിർത്തലിനെ അനുകൂലിച്ച പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നടപടി രാജ്യത്തിന്റെ സുരക്ഷാ താൽപ്പര്യങ്ങൾ ബലികഴിക്കുന്നതാണെന്ന് പ്രതിപക്ഷം ആരോപിച്ചു.(Political crisis in Israel, Opposition accuses Netanyahu of ‘diplomatic disaster’)
ദേശീയ സുരക്ഷയെ ബാധിക്കുന്ന നിർണ്ണായകമായ വെടിനിർത്തൽ ചർച്ചകളിൽ പോലും ഇസ്രായേലിന് പങ്കാളിത്തമുണ്ടായില്ലെന്ന് യെയർ ലാപിഡ് കുറ്റപ്പെടുത്തി. സൈന്യവും പൊതുജനങ്ങളും മികച്ച രീതിയിൽ പോരാടിയപ്പോൾ നയതന്ത്രതലത്തിൽ നെതന്യാഹു പരാജയപ്പെടുകയായിരുന്നു. പ്രധാനമന്ത്രിയുടെ തന്ത്രപരമായ ആസൂത്രണമില്ലായ്മ രാജ്യത്തിനുണ്ടാക്കിയ ആഘാതം പരിഹരിക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്നും ലാപിഡ് എക്സിലൂടെ വിമർശിച്ചു.
ഈ വെടിനിർത്തൽ കരാറിൽ ലബനൻ ഉൾപ്പെടുന്നില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ലബനൻ ഉൾപ്പെടെ എല്ലാ മേഖലകളിലും വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നാണ് മധ്യസ്ഥത വഹിച്ച പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അവകാശപ്പെടുന്നത്. ഇത് വലിയ രീതിയിലുള്ള ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുക, അയൽരാജ്യങ്ങൾക്കും ഇസ്രായേലിനും നേരെയുള്ള ആക്രമണം നിർത്തുക എന്നീ വ്യവസ്ഥകളോടെയാണ് വെടിനിർത്തലിനെ പിന്തുണയ്ക്കുന്നതെന്ന് ഇസ്രായേൽ അറിയിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള ഔദ്യോഗിക ചർച്ചകൾ ഏപ്രിൽ 10-ന് പാകിസ്താനിലെ ഇസ്ലാമാബാദിൽ ആരംഭിക്കും.

