Description
Digital Voice of Kerala
Monday, March 2, 2026

Digital Voice of Kerala
HomeIran Israel Conflictസൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം: യൂറോപ്പിലേക്കും...

സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം: യൂറോപ്പിലേക്കും യുദ്ധം പടരുന്നു | Iran’s drone attack

സൈപ്രസ്: പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങൾ യൂറോപ്യൻ ഭൂഖണ്ഡത്തിലേക്കും വ്യാപിക്കുന്നു. യൂറോപ്യൻ യൂണിയൻ അംഗമായ സൈപ്രസിലെ ബ്രിട്ടീഷ് വ്യോമ താവളത്തിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ഗൾഫ് രാജ്യങ്ങൾക്ക് പിന്നാലെ യൂറോപ്യൻ അതിർത്തികളെയും ലക്ഷ്യം വെച്ചുകൊണ്ട് ഇറാൻ സമ്മർദ്ദ തന്ത്രം ശക്തമാക്കുന്നതിന്റെ സൂചനയാണിത്.(Iran’s drone attack on British military base in Cyprus, War spreads to Europe)

ബ്രിട്ടീഷ് റോയൽ എയർഫോഴ്‌സിന്റെ നിയന്ത്രണത്തിലുള്ള താവളം ലക്ഷ്യമാക്കിയാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. എന്നാൽ, ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ ഇവ തകർക്കാൻ കഴിഞ്ഞതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന് തന്ത്രപരമായ മുൻതൂക്കമുള്ള മേഖലയിലാണ് സൈപ്രസ് സ്ഥിതി ചെയ്യുന്നത് എന്നത് ആക്രമണത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

ഇറാനെതിരായ സൈനിക നീക്കങ്ങളിൽ തങ്ങളുടെ സൈനിക കേന്ദ്രങ്ങൾ പരിമിതമായി വിട്ടുനൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബ്രിട്ടീഷ് താവളത്തിന് നേരെ ഇറാന്റെ ഡ്രോണുകൾ എത്തിയത്. ഇന്നലെയും സമാനമായ രീതിയിൽ സൈപ്രസിൽ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും അവ വഴിതെറ്റി എത്തിയതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം.

ഇറാനെതിരായ സൈനിക നടപടികളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏകപക്ഷീയമായ അധികാരങ്ങൾ നിയന്ത്രിക്കാൻ യുഎസ് കോൺഗ്രസിൽ നീക്കം സജീവമാകുന്നു. കോൺഗ്രസിന്റെ മുൻകൂർ അനുമതിയില്ലാതെ ട്രംപ് യുദ്ധത്തിലേക്ക് നീങ്ങുന്നത് തടയാൻ ‘വാർ പവേഴ്സ് റെസല്യൂഷൻ’ വീണ്ടും അവതരിപ്പിക്കണമെന്നാണ് ഡെമോക്രാറ്റുകളുടെ ആവശ്യം. അമേരിക്കൻ ഭരണഘടന പ്രകാരം യുദ്ധം പ്രഖ്യാപിക്കാനുള്ള ഔദ്യോഗിക അധികാരം ആർട്ടിക്കിൾ 1 പ്രകാരം കോൺഗ്രസിനാണ്. എന്നാൽ സൈന്യത്തിന്റെ ‘കമാൻഡർ-ഇൻ-ചീഫ്’ എന്ന നിലയിൽ അടിയന്തര സാഹചര്യങ്ങളിൽ നടപടിയെടുക്കാൻ ആർട്ടിക്കിൾ 2 പ്രസിഡന്റിന് അധികാരം നൽകുന്നു. ഈ രണ്ട് നിയമങ്ങൾ തമ്മിലുള്ള അവ്യക്തതയാണ് ഇപ്പോൾ വാഷിംഗ്ടണിൽ വലിയ രാഷ്ട്രീയ പോരിലേക്ക് നയിച്ചിരിക്കുന്നത്. ട്രംപിനെ നിയന്ത്രിക്കാനുള്ള നീക്കം തടയാൻ പെന്റഗൺ പ്രതിരോധം ആരംഭിച്ചു. നാളെ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ നേതൃത്വത്തിലുള്ള സംഘം നിലവിലെ യുദ്ധസാഹചര്യം കോൺഗ്രസിൽ വിശദീകരിക്കും.

റിപ്പബ്ലിക്കൻ സ്പീക്കർ മൈക്ക് ജോൺസൺ ആക്രമണങ്ങളെ പിന്തുണയ്ക്കുമ്പോൾ, അനുമതിയില്ലാതെ ട്രംപ് യുദ്ധം തുടങ്ങുകയാണെന്ന് ഡെമോക്രാറ്റുകൾ കുറ്റപ്പെടുത്തുന്നു. അതിനിടെ, അമേരിക്കയുടെ അതിശക്തമായ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന ഇറാന്റെ അവകാശവാദം യുഎസ് സെൻട്രൽ കമാൻഡ് തള്ളി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ ഞായറാഴ്ച തങ്ങൾ കപ്പലിന് നേരെ നാല് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടെന്നായിരുന്നു ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) അവകാശവാദം.

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ-യുഎസ് സംഘർഷം പടരുന്ന സാഹചര്യത്തിൽ പ്രവാസികളുടെ സുരക്ഷയിൽ അതീവ ഉത്കണ്ഠ രേഖപ്പെടുത്തി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി ഗൾഫ് മേഖലയിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. ചർച്ചകളിലൂടെ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. യുഎഇക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി, ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യ യുഎഇക്കൊപ്പം നിലകൊള്ളുമെന്ന് ഉറപ്പുനൽകി. യുഎഇ പ്രസിഡന്റുമായി സംസാരിച്ചു. ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. അവിടെ കഴിയുന്ന ഇന്ത്യൻ സമൂഹത്തോടുള്ള കരുതലിന് അദ്ദേഹത്തിന് നന്ദി പറഞ്ഞു. മേഖലയിലെ സ്ഥിരതയെയും സുരക്ഷയെയും ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് മോദി വ്യക്തമാക്കി.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും മോദി ഫോണിൽ വിളിച്ച് ഇന്ത്യയുടെ ആശങ്ക അറിയിച്ചിട്ടുണ്ട്. മിസൈൽ ആക്രമണ ഭീഷണിയെത്തുടർന്ന് യുഎഇയിൽ അടുത്ത മൂന്ന് ദിവസത്തേക്ക് അതീവ ജാഗ്രത പ്രഖ്യാപിച്ചു. സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി നൽകി. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു. സർക്കാർ-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ അനുവദിച്ചു. ദുബായ് ഗ്ലോബൽ വില്ലേജ് ഉൾപ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു. ഇറാൻ നേതാവ് ഖമേനിയുടെ വധത്തെത്തുടർന്ന് പാകിസ്ഥാനിൽ പ്രതിഷേധം അക്രമാസക്തമായി തുടരുകയാണ്. കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിപ്പോയ പാലക്കാട് സ്വദേശി കൃഷ്ണദാസും കുടുംബവും സുരക്ഷിതമായി ശ്രീലങ്കയിലേക്ക് തിരിച്ചു. പാകിസ്ഥാനിലെ വിവിധ നഗരങ്ങളിൽ യുഎസ്-യുഎൻ ഓഫീസുകൾക്ക് നേരെ നടന്ന ആക്രമണങ്ങളിൽ ഇതുവരെ 22 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. വിമാനയാത്രക്കാരുടെയും വിദ്യാർത്ഥികളുടെയും പ്രതിസന്ധി പരിഹരിക്കാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകി. ഗൾഫ് മേഖലയിലെ ഇന്ത്യൻ എംബസികൾ പ്രവാസികൾക്കായി പ്രത്യേക ഹെൽപ്പ് ലൈനുകൾ ആരംഭിച്ചു. വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികൾ നിമിഷംപ്രതി നിരീക്ഷിച്ചുവരികയാണ്.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖഖമേനിയുടെ വധത്തിന് പ്രതികാരമായി ഇസ്രായേലിന് നേരെ ഹിസ്ബുള്ള മിസൈൽ ആക്രമണം ആരംഭിച്ചു. ഇതിന് പിന്നാലെ ലെബനീസ് തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ ശക്തമായ വ്യോമാക്രമണങ്ങൾ നടത്തി. ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ ഹിസ്ബുള്ള നേരിട്ട് ഇടപെടുന്നത് സംഘർഷം കൂടുതൽ സങ്കീർണ്ണമാക്കുകയാണ്. കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് അലി ഖമനെയിയുടെ മരണത്തിന് പ്രതികാരം ചെയ്യാനാണ് തങ്ങൾ ഇസ്രായേലിനെതിരെ പോരാട്ടത്തിനിറങ്ങിയതെന്ന് ഹിസ്ബുള്ള ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെയാണ് ലെബനനിൽ നിന്ന് വടക്കൻ ഇസ്രായേലിലേക്ക് ഹിസ്ബുള്ള മിസൈൽ വർഷം നടത്തിയത്. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹിസ്ബുള്ള, ഒരു വർഷത്തിലേറെയായി തുടരുന്ന അനിശ്ചിതത്വത്തിനൊടുവിൽ ഇതാദ്യമായാണ് ഇസ്രായേലിനെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം പരസ്യമായി ഏറ്റെടുക്കുന്നത്.

ഹിസ്ബുള്ളയുടെ ഭീഷണിക്ക് പിന്നാലെ ലെബനനിൽ പൂർണ്ണ ശക്തിയോടെ തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് അറിയിച്ചു. ഹിസ്ബുള്ള അയച്ച മിസൈലുകളിൽ പലതും വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തടഞ്ഞതായും ബാക്കിയുള്ളവ തുറസ്സായ സ്ഥലങ്ങളിൽ പതിച്ചതായും ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ബെയ്റൂട്ടിൽ ഇസ്രായേൽ പ്രത്യാക്രമണം ശക്തമാക്കി. ഭീകര സംഘടനകളെ രാജ്യത്തെ ജനങ്ങൾക്ക് ഭീഷണിയാകാൻ അനുവദിക്കില്ലെന്ന് ഐഡിഎഫ് വക്താവ് വ്യക്തമാക്കി.

അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ ആക്രമണം തുടരുന്നതിനിടെയാണ് ഹിസ്ബുള്ളയും ഇറാനൊപ്പം ചേരുന്നത്. ഹിസ്ബുള്ളയുടെ പങ്കാളിത്തം ഇറാൻ മാധ്യമങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി ഇസ്രായേലിന്റെ ആക്രമണങ്ങളിൽ വലിയ തിരിച്ചടികൾ നേരിട്ടിട്ടും ഹിസ്ബുള്ള ഇറാനോട് ഉറച്ചുനിൽക്കുന്നു എന്നതാണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നത്. യുദ്ധം ലെബനനിലേക്ക് കൂടി വ്യാപിക്കുന്നത് പശ്ചിമേഷ്യയെ വലിയൊരു പ്രാദേശിക യുദ്ധത്തിലേക്ക് തള്ളിവിടുമെന്ന ആശങ്കയിലാണ് ആഗോള സമൂഹം

ഇറാനിലെ മിനാബ് സ്കൂളിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ വൻ ദുരന്തം. ശനിയാഴ്ച നടന്ന മിസൈൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 180 ആയി ഉയർന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിന് നേരെയാണ് ആക്രമണമുണ്ടായത് എന്നത് സംഭവത്തിന്റെ ആഘാതം വർദ്ധിപ്പിക്കുന്നു. സ്കൂളിന് പുറമെ ടെഹ്‌റാനിലെ ആശുപത്രിക്ക് നേരെയും ഇസ്രയേൽ മിസൈൽ വർഷിച്ചതായി ഇറാൻ അറിയിച്ചു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ഹോസ്പിറ്റൽ അധികൃതർ നൽകുന്ന വിവരം. ആക്രമണത്തെത്തുടർന്ന് തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഇറാൻ-ഇസ്രയേൽ നേരിട്ടുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഇസ്രയേലിനെതിരെ ആക്രമണവുമായി ഹിസ്ബുള്ളയും രംഗത്ത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പ്രതികാരമായി ലെബനനിൽ നിന്ന് വടക്കൻ ഇസ്രയേലിലേക്ക് ഹിസ്ബുള്ള വ്യാപകമായ മിസൈൽ ആക്രമണം നടത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുത്തു. വടക്കൻ ഇസ്രയേലിലെ വിവിധ ഭാഗങ്ങളിൽ സൈറണുകൾ മുഴങ്ങിയതായും ലെബനനിൽ നിന്നുള്ള മിസൈലുകൾ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തടഞ്ഞതായും ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് അറിയിച്ചു. ചില പ്രൊജക്‌ടൈലുകൾ തുറന്ന പ്രദേശങ്ങളിൽ പതിച്ചെങ്കിലും ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതിന് മറുപടിയായി ബെയ്‌റൂട്ട് ഉൾപ്പെടെയുള്ള ലെബനീസ് നഗരങ്ങളിൽ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം ആരംഭിച്ചു.

ഖമേനിയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയിലാകെ ഇറാൻ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ പടിഞ്ഞാറൻ ജറുസലേമിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. നിലവിലെ സാഹചര്യം പരിഗണിച്ച് ഇസ്രയേലിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഈ മാസം 12 വരെ നീട്ടി. ബഹ്‌റൈനിലെ സൽമാൻ തുറമുഖത്തിന് നേരെ ഇറാൻ ആക്രമണമുണ്ടായി. പ്രദേശത്ത് വൻ തീപിടിത്തം റിപ്പോർട്ട് ചെയ്തു. ഇറാനിലെ എംബസി അടച്ചുകൊണ്ട് യുഎഇ തങ്ങളുടെ പ്രതിഷേധവും നയതന്ത്ര നിലപാടും കടുപ്പിച്ചു. ഇറാനെതിരായ സൈനിക നടപടി നാലാഴ്ചയോളം നീണ്ടുനിന്നേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ഇറാൻ ഒരു വലിയ രാജ്യമായതിനാൽ നടപടികൾ പൂർത്തിയാക്കാൻ സമയമെടുക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. അതേസമയം, ഇറാനെതിരായ പോരാട്ടത്തിൽ യുഎസുമായി സഹകരിക്കാൻ ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

പശ്ചിമേഷ്യയിൽ സംഘർഷം അതീവ ഗുരുതരമാകുന്നു. ഇറാന്റെ സൈനിക കരുത്തായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ആസ്ഥാനം തകർത്തതായി അമേരിക്കൻ സൈന്യം അറിയിച്ചു. ‘പാമ്പിന്റെ തല വെട്ടിമാറ്റി’ എന്നാണ് യുഎസ് സെൻട്രൽ കമാൻഡ് ഈ നീക്കത്തെ വിശേഷിപ്പിച്ചത്. ഇറാന്റെ സൈനിക, രഹസ്യാന്വേഷണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേലും അതിശക്തമായ ആക്രമണം തുടരുകയാണ്. ഇറാനെതിരായ സൈനിക നടപടി നാലാഴ്ചയോളം നീണ്ടേക്കാമെന്നാണ് ട്രംപ് പറയുന്നത്.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംയുക്ത ആക്രമണം ശക്തമായത്. ഐആർജിസി ആസ്ഥാനത്തിന് പുറമെ, രഹസ്യാന്വേഷണ വിഭാഗം, വ്യോമസേനാ കമാൻഡ് സെന്ററുകൾ, ആഭ്യന്തര സുരക്ഷാ ആസ്ഥാനം എന്നിവ ഇസ്രയേൽ തകർത്തു. ലോകത്തിലെ ഏറ്റവും മാരകമായ ബി-2 ബോംബറുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഖരം പൂർണ്ണമായും നശിപ്പിച്ചതായി അമേരിക്ക അവകാശപ്പെടുന്നു. ഇറാന്റെ ഒമ്പത് സൈനിക കപ്പലുകൾ തകർത്തതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും സ്ഥിരീകരിച്ചു.

ഗൾഫ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കും സഖ്യകക്ഷികൾക്കും നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അഴിച്ചുവിട്ടു. ബഹ്റൈനിലെ തന്ത്രപ്രധാനമായ സൽമാൻ തുറമുഖത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ വലിയ തീപിടിത്തമുണ്ടായി. രാജ്യത്തിന്റെ സാമ്പത്തിക-സുരക്ഷാ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാൻ ഈ ആക്രമണം നടത്തിയതെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി.

ഇറാന്റെ നടപടികളിൽ പ്രതിഷേധിച്ച് യുഎഇ നയതന്ത്ര ബന്ധം കടുപ്പിച്ചു. ഇറാനിലെ തങ്ങളുടെ എംബസി യുഎഇ അടച്ചുപൂട്ടുകയും അംബാസഡർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ അടിയന്തരമായി പിൻവലിക്കുകയും ചെയ്തു. ഇറാൻ സാധാരണ ജനങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വെക്കുന്നതിൽ പ്രതിഷേധിച്ചാണ് ഈ നീക്കം. ഇറാന്റെ മിസൈൽ ഭീഷണിയെത്തുടർന്ന് അടുത്ത മൂന്ന് ദിവസം രാജ്യത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ.

യുഎഇക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഫോണിൽ സംസാരിക്കുകയും ഗൾഫ് മേഖലയിലുണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ചെയ്തു.

ഞായറാഴ്ച രാത്രിയാണ് പ്രധാനമന്ത്രി യുഎഇ പ്രസിഡന്റിനെ ബന്ധപ്പെട്ടത്. “ഈ പ്രയാസകരമായ സമയങ്ങളിൽ ഇന്ത്യ യുഎഇക്ക് ഒപ്പം നിൽക്കുന്നു” എന്ന് അദ്ദേഹം എക്സിൽ കുറിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. യുഎഇയിലുള്ള ഇന്ത്യൻ സമൂഹത്തിന് നൽകുന്ന സുരക്ഷയ്ക്കും കരുതലിനും ഷെയ്ഖ് മുഹമ്മദിനോട് പ്രധാനമന്ത്രി പ്രത്യേകം നന്ദി അറിയിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും അദ്ദേഹം സംസാരിച്ചു. സംഭവവികാസങ്ങളിൽ ആശങ്കയറിയിച്ചു.

പശ്ചിമേഷ്യൻ സംഘർഷം ഗൾഫ് മേഖലയെ നേരിട്ട് ബാധിക്കുന്നു. ബഹ്‌റൈനിലെ സൽമാൻ ഇൻഡസ്ട്രിയൽ മേഖലയിലുണ്ടായ തീപിടുത്തത്തിലും മിസൈൽ അവശിഷ്ടങ്ങൾ പതിച്ചും ഒരു ഏഷ്യൻ സ്വദേശി കൊല്ലപ്പെട്ടു. മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങളാണ് അപകടമുണ്ടാക്കിയത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും വിദേശ കപ്പലിന് തീപിടിക്കുകയും ചെയ്തു.

സൽമാൻ തുറമുഖത്തിന് സമീപം നടന്ന ആക്രമണത്തിൽ ബഹ്‌റൈൻ ശക്തമായ പ്രതിരോധം തീർത്തു. രാജ്യത്തിന്റെ സുരക്ഷാ-സാമ്പത്തിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങളെ തടഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇറാൻ തുടരുന്ന പ്രകോപനങ്ങൾ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ജിസിസി കൗൺസിൽ മുന്നറിയിപ്പ് നൽകി. എന്നാൽ, സമാധാന ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് സമയം വൈകിക്കരുതെന്ന് ഒമാൻ ആവശ്യപ്പെട്ടു.

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിന് സമീപം മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതാണ് വിപണിയിൽ പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായത്. ഇറാന്റെ പരോക്ഷ മുന്നറിയിപ്പുകൾക്ക് പിന്നാലെ കപ്പൽ ഗതാഗതം തടസ്സപ്പെട്ടത് വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.

ലോകത്തിലെ ആകെ എണ്ണ-വാതക വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന പാതയാണ് ഹോർമൂസ് കടലിടുക്ക്. രണ്ട് കപ്പലുകൾക്ക് നേരെ നേരിട്ട് ആക്രമണമുണ്ടായതായും മൂന്നാമതൊരു കപ്പലിന് സമീപം തിരിച്ചറിയാൻ കഴിയാത്ത വസ്തു പൊട്ടിത്തെറിച്ചതായും യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ സ്ഥിരീകരിച്ചു. സുരക്ഷാ കാരണങ്ങളാൽ ഈ പാത ഒഴിവാക്കാൻ ഇറാൻ കപ്പലുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടെ പ്രവേശന കവാടത്തിൽ അന്താരാഷ്ട്ര കപ്പൽ ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala