വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക നടപടി രണ്ടാഴ്ച മുതൽ മൂന്നാഴ്ചയ്ക്കുള്ളിൽ അവസാനിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ചർച്ചകൾക്കും കരാറിനും തയ്യാറായില്ലെങ്കിൽ വരും ആഴ്ചകളിലും ശക്തമായ സൈനിക നീക്കം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് മറ്റ് രാജ്യങ്ങളുടെ കൂടി ഉത്തരവാദിത്തമാണെന്ന് ട്രംപ് ഓർമ്മിപ്പിച്ചു.(Iran War, Trump to address nation today, crucial )
ഇറാൻ വിഷയത്തിൽ അമേരിക്ക സ്വീകരിക്കുന്ന വരാനിരിക്കുന്ന നിലപാടുകൾ ഇന്ന് രാത്രി ട്രംപ് വിശദീകരിക്കും. ഇന്ത്യൻ സമയം ഇന്ന് രാത്രി ഒമ്പത് മണിക്ക് വൈറ്റ് ഹൗസിൽ നിന്ന് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പശ്ചിമേഷ്യയിൽ ആക്രമണം ശക്തമാക്കാനാണ് നിലവിലെ നീക്കം. അതിനാൽ തൽക്കാലം മേഖലയിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ ഭരണകൂടം. അമേരിക്കയുമായി നിലവിൽ യാതൊരു വിധത്തിലുള്ള ചർച്ചകൾക്കും സാധ്യതയില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് സമർപ്പിച്ച 15 ഇന നിർദ്ദേശങ്ങളടങ്ങിയ സന്ദേശത്തിന് ഇറാൻ ഇതുവരെ മറുപടി നൽകിയിട്ടില്ല. വെറും വെടിനിർത്തലല്ല, മറിച്ച് പശ്ചിമേഷ്യയിൽ പൂർണ്ണമായ സമാധാനമാണ് വേണ്ടതെന്ന് ഇറാൻ ആവശ്യപ്പെടുന്നു. തങ്ങളെ ആരും ആക്രമിക്കില്ലെന്ന ഉറപ്പ് ലഭിക്കണമെന്നാണ് അവരുടെ പ്രധാന വ്യവസ്ഥ.

