ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണ അധികാരം പൂർണ്ണമായും വിനിയോഗിക്കാനുള്ള നീക്കവുമായി ഇറാൻ രംഗത്ത്. യുഎസുമായും ഇസ്രായേലുമായും സഖ്യമുള്ള രാജ്യങ്ങളുടെ കപ്പലുകൾക്ക് ഈ പാതയിലൂടെ നിയന്ത്രണം ഏർപ്പെടുത്തുന്നത് ന്യായമാണെന്നും യുദ്ധകാലത്ത് ഇത്തരം നടപടികൾ അനിവാര്യമാണെന്നും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.(Iran says war will bring changes to Strait of Hormuz)
ഹോർമുസ് കടലിടുക്ക് ഇറാനോട് ചേർന്ന് കിടക്കുന്ന ജലപാതയാണെന്നും ശത്രുരാജ്യങ്ങൾ ഈ പാത ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധത്തിന് ശേഷം ജലപാതയുടെ ഉപയോഗത്തിൽ വലിയ പുനഃക്രമീകരണം ആവശ്യമാണ്. ഭാവിയിൽ ഇതിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ പുതിയ സുരക്ഷാ പ്രോട്ടോക്കോൾ ആവശ്യപ്പെടും.
ഇറാന്റെ പ്രാദേശിക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിൽ വ്യക്തമായ നിയന്ത്രണങ്ങളോടെ മാത്രമേ കപ്പലുകളെ കടത്തിവിടാവൂ എന്ന നിലപാടിലാണ് രാജ്യം. ലോകത്തിലെ ആകെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന പാതയാണിത് എന്നതിനാൽ ഇറാന്റെ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.

