ടെഹ്റാൻ: രാജ്യത്തെ വൈദ്യുതി നിലയങ്ങൾക്ക് നേരെ അമേരിക്കൻ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന്, ജനങ്ങളോട് ഒന്നിച്ച് അണിനിരക്കാൻ ആഹ്വാനം ചെയ്ത് ഇറാൻ സർക്കാർ. ഏപ്രിൽ 7-ന് യുവാക്കളും കലാകാരന്മാരും കായികതാരങ്ങളും ഉൾപ്പെടെയുള്ള പൗരന്മാർ വൈദ്യുതി നിലയങ്ങൾക്ക് ചുറ്റും ‘മനുഷ്യച്ചങ്ങല’ തീർക്കണമെന്നാണ് നിർദ്ദേശം. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ നീക്കം.(Iran plans to defend Trump’s threat by forming human chains around power plants)
പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ഇറാന്റെ യുവജന-കായിക വകുപ്പ് ഉപമന്ത്രി അലിറേസ റഹീമി എക്സിൽ കുറിച്ചത് പൊതു അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുന്നത് യുദ്ധക്കുറ്റമാണെന്ന് വിളിച്ചുപറയാൻ നമ്മൾ കൈകോർത്ത് നിൽക്കും എന്നാണ്. ഉജ്ജ്വലമായ ഭാവിക്ക് വേണ്ടിയുള്ള ഇറാന്റെ യുവജന മനുഷ്യച്ചങ്ങല എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭം, അധിനിവേശക്കാർക്കെതിരായ സായുധ സേനയുടെ നടപടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഏപ്രിൽ 6-ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ തികച്ചും പ്രകോപനപരമായ ഭാഷയിലാണ് ട്രംപ് ഭീഷണി മുഴക്കിയത്. ഇറാന്റെ വൈദ്യുതി നിലയങ്ങൾക്കും പാലങ്ങൾക്കും നേരെ ഏകോപിത ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്. “ചൊവ്വാഴ്ച ഇറാനിൽ ‘പവർ പ്ലാന്റ് ഡേ’യും ‘ബ്രിഡ്ജ് ഡേ’യും ആയിരിക്കും. അതിന് തുല്യമായി മറ്റൊന്നും ഉണ്ടാവില്ല!!! ഭ്രാന്തന്മാരേ, ആ ഹോർമുസ് കടലിടുക്ക് തുറക്കൂ, ഇല്ലെങ്കിൽ നിങ്ങൾ നരകത്തിൽ ജീവിക്കേണ്ടി വരും – കാത്തിരുന്ന് കാണൂ! അല്ലാഹുവിന് സ്തുതി. പ്രസിഡന്റ് ഡൊണാൾഡ് ജെ ട്രംപ്,” ട്രംപ് കുറിച്ചു.
പിന്നീട് മറ്റൊരു പോസ്റ്റിൽ “ചൊവ്വാഴ്ച രാത്രി 8 മണി” എന്ന് അദ്ദേഹം സമയപരിധി നിശ്ചയിക്കുകയും ചെയ്തു. അതേസമയം, ഇറാനും വാഷിംഗ്ടണും തമ്മിൽ കരാറിലെത്താനുള്ള സൂചനകൾ കണ്ടാൽ ആക്രമണ പദ്ധതി ട്രംപ് മാറ്റിവെച്ചേക്കുമെന്ന് റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിന് ഉത്തരവിടാനുള്ള അധികാരം ട്രംപിന് മാത്രമാണെങ്കിലും, നിലവിലെ സാഹചര്യം വിലയിരുത്തി അദ്ദേഹം തീരുമാനത്തിൽ മാറ്റം വരുത്തിയേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

