ടെഹ്റാൻ: മിഡിൽ ഈസ്റ്റിലെ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമയപരിധി നിശ്ചയിക്കുമ്പോഴും, ചുരുങ്ങിയത് “ആറുമാസമെങ്കിലും” യുദ്ധം തുടരാൻ തന്റെ രാജ്യം സജ്ജമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. അഭിമുഖത്തിലാണ് അദ്ദേഹം ഇറാന്റെ ഉറച്ച നിലപാട് വ്യക്തമാക്കിയത്.(Iran is prepared for 6 months of war, Abbas Araghchi rejects Trump’s deadline)
ആവശ്യമായ ആയുധശേഖരം ഇറാന്റെ കൈവശമുണ്ടെന്നും എത്രകാലം വേണമെങ്കിലും സ്വയം പ്രതിരോധിക്കാൻ രാജ്യം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം എത്രനാൾ തുടരാനാകും എന്ന നേരിട്ടുള്ള ചോദ്യത്തിന് “ചുരുങ്ങിയത് ആറുമാസം” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
വരും ആഴ്ചകളിൽ മേഖലയിലെ സൈനിക ഇടപെടൽ അവസാനിപ്പിക്കാൻ വാഷിംഗ്ടൺ ആലോചിക്കുന്നതായി ട്രംപ് സൂചിപ്പിച്ചിരുന്നു. എന്നാൽ ഈ സമയപരിധികളെ ഇറാൻ മുഖവിലയ്ക്കെടുക്കുന്നില്ല. യുഎസ് മുന്നോട്ടുവെച്ച 15 ഇന സമാധാന പദ്ധതി ഇറാൻ അംഗീകരിച്ചുവെന്ന വാർത്തകൾ അരാഗ്ചി നിഷേധിച്ചു. “ഞങ്ങൾ ഇതുവരെ ആ പദ്ധതിക്ക് മറുപടി നൽകിയിട്ടില്ല, പകരമായി അഞ്ച് നിബന്ധനകൾ മുന്നോട്ടുവെച്ചിട്ടുമില്ല,” അദ്ദേഹം വ്യക്തമാക്കി.
വെറുമൊരു വെടിനിർത്തലിലല്ല, മറിച്ച് യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കുന്നതിലാണ് തങ്ങൾക്ക് താല്പര്യമെന്ന് അരാഗ്ചി പറഞ്ഞു. ഇറാന്റെ പ്രധാന ആവശ്യങ്ങൾ ഇറാനിൽ മാത്രമല്ല, മേഖലയിലാകെ യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കണം, ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കില്ലെന്ന ഉറപ്പ് വേണം, ഇറാനിലെ ജനങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണം എന്നിവയാണ്.
യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയുമായി നടത്തിയ സംഭാഷണത്തിൽ ഇറാന്റെ സമാധാന താല്പര്യം പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ആവർത്തിച്ചു. “ആക്രമണങ്ങൾ ആവർത്തിക്കില്ലെന്ന കൃത്യമായ ഉറപ്പുകൾ ലഭിച്ചാൽ ഈ സംഘർഷം അവസാനിപ്പിക്കാൻ ഇറാന് താല്പര്യമുണ്ട്,” എന്ന് അദ്ദേഹം പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

