ടെഹ്‌റാൻ: ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദുമായി ചേർന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന കുറ്റത്തിന് കൗറൂഷ് കീവാനി എന്നയാളെ ഇറാൻ വധശിക്ഷയ്ക്ക് വിധേയനാക്കി. രാജ്യത്തെ തന്ത്രപ്രധാനമായ സ്ഥലങ്ങളുടെ ചിത്രങ്ങളും അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങളും സയണിസ്റ്റ് ഭരണകൂടത്തിന് കൈമാറിയെന്നതാണ് ഇയാൾക്കെതിരെ ചുമത്തിയ കുറ്റം.(Iran executes man convicted of spying for Israel)
കഴിഞ്ഞ ജൂണിൽ ഇറാനും ഇസ്രായേലും തമ്മിൽ നടന്ന 12 ദിവസത്തെ സംഘർഷത്തിനിടെയാണ് കൗറൂഷ് കീവാനിയെ ഇറാനിയൻ സുരക്ഷാസേന പിടികൂടുന്നത്. ആറ് യൂറോപ്യൻ രാജ്യങ്ങളിലും ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിലും ഇയാൾ നേരിട്ട് പോയി ചാരവൃത്തിക്കായി പ്രത്യേക പരിശീലനം നേടിയതായി ഇറാൻ ജുഡീഷ്യറി ആരോപിക്കുന്നു.
മൊസാദ് ഏജന്റുമാരുമായി ഇയാൾ നടത്തിയ കൂടിക്കാഴ്ചകളുടെയും ആശയവിനിമയത്തിന്റെയും കൃത്യമായ വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന് ഇറാൻ അധികൃതർ വ്യക്തമാക്കി. അലി ലരീജാനിയുടെ വധത്തിന് പിന്നാലെ ഇറാനിൽ ചാരവൃത്തി ആരോപിച്ച് വധശിക്ഷ നടപ്പിലാക്കുന്നത് മേഖലയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

