ടെഹ്‌റാൻ: മധ്യ ഇറാനിലെ ഇസ്ഫഹാൻ പ്രവിശ്യയിൽ അമേരിക്കയുടെ ‘MQ-1’ ഡ്രോൺ വെടിവെച്ചിട്ടതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് ഡ്രോൺ തകർത്തതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.(Iran claims to have shot down US MQ-1 drone, War intensifies in the Middle Asia )
ഫെബ്രുവരി 28 മുതൽ ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി സൈനിക നീക്കം ആരംഭിച്ചിരുന്നു. തലസ്ഥാനമായ ടെഹ്‌റാൻ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ഇവർ ആക്രമണം നടത്തി. ഇറാന്റെ മിസൈൽ-ആണവ ഭീഷണികൾ തടയാനാണ് ഈ നീക്കമെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. ഈ ആക്രമണങ്ങളിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.
തിരിച്ചടിയായി ഇസ്രായേലിനും മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കും നേരെ ഇറാൻ വൻതോതിൽ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിവരികയാണ്. ബഹ്‌റൈൻ, ജോർദാൻ, ഇറാഖ്, ഖത്തർ, കുവൈറ്റ്, യുഎഇ, ഒമാൻ, സൗദി അറേബ്യ, സിറിയ എന്നിവിടങ്ങളിലെ യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ഇറാന്റെ നീക്കം. ബാലിസ്റ്റിക് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ, ചാവേർ ഡ്രോണുകൾ എന്നിവയാണ് ഇറാൻ ഉപയോഗിക്കുന്നത്.

