Description
Digital Voice of Kerala
Friday, April 3, 2026

Digital Voice of Kerala
HomeIran Israel Conflictഹോർമുസ് പ്രതിസന്ധി : ബഹ്റൈൻ്റെ പ്രമേയത്തിൽ UNൽ വോട്ടെടുപ്പ് മാറ്റി | Hormuz...

ഹോർമുസ് പ്രതിസന്ധി : ബഹ്റൈൻ്റെ പ്രമേയത്തിൽ UNൽ വോട്ടെടുപ്പ് മാറ്റി | Hormuz Crisis

🎙️ Latest Podcast

ജനീവ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്ന ഇറാന്റെ നീക്കങ്ങൾക്കെതിരെ “പ്രതിരോധ സൈനിക നടപടി” സ്വീകരിക്കാൻ അനുമതി നൽകുന്ന പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് സുരക്ഷാ കൗൺസിൽ മാറ്റി വെച്ചു. വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന വോട്ടെടുപ്പാണ് പെട്ടെന്ന് മാറ്റിയത്.(Hormuz Crisis, UN vote on Bahrain resolution postponed )

ദുഃഖവെള്ളി  പ്രമാണിച്ച് ആണ് വോട്ടെടുപ്പ് മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ വോട്ടെടുപ്പ് പ്രഖ്യാപിച്ച സമയത്ത് തന്നെ ഈ അവധി അറിയാമായിരുന്നു എന്നിരിക്കെ, നയതന്ത്രപരമായ മറ്റ് കാരണങ്ങളാലാണ് ഈ മാറ്റമെന്ന് സൂചനയുണ്ട്. വോട്ടെടുപ്പിന് പുതിയ തീയതി നിശ്ചയിച്ചിട്ടില്ല.

അംഗരാജ്യങ്ങൾക്കോ സന്നദ്ധ രാജ്യങ്ങളുടെ കൂട്ടായ്മയ്ക്കോ ഹോർമുസ് കടലിടുക്കിൽ “ആവശ്യമായ പ്രതിരോധ മാർഗങ്ങൾ” സ്വീകരിക്കാൻ പ്രമേയം അനുമതി നൽകുന്നു. ആറ് മാസത്തേക്കെങ്കിലും ഈ അനുമതി നൽകാനാണ് ബഹ്‌റൈൻ കൊണ്ടുവന്ന പ്രമേയം ലക്ഷ്യമിടുന്നത്. റഷ്യ, ചൈന, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ എതിർപ്പ് മറികടക്കാൻ പ്രമേയത്തിൽ പലതവണ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സൈനിക നടപടിക്ക് അനുമതി നൽകുന്ന ‘ചാപ്റ്റർ 7’ എന്ന ഭാഗം പ്രമേയത്തിൽ നിന്ന് ഒഴിവാക്കി.

പ്രമേയം പാസാകാൻ വലിയ പ്രതിബന്ധങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. സൈനികശക്തി ഉപയോഗിക്കാൻ അനുമതി നൽകുന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്നും നിയമവിരുദ്ധമായ ആക്രമണങ്ങൾക്ക് ഇത് വഴിവെക്കുമെന്നും ചൈനീസ് അംബാസഡർ ഫു കോങ് പറഞ്ഞു. ഇറാന്റെ സഖ്യകക്ഷിയായ റഷ്യ ഏകപക്ഷീയമായ നീക്കങ്ങളെ എതിർത്തു. ജലപാത തുറക്കാൻ സൈനിക നടപടി അപ്രായോഗികമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നേരത്തെ വ്യക്തമാക്കിയിരുന്നു.

സുരക്ഷാ കൗൺസിൽ വോട്ടെടുപ്പിന് തയ്യാറെടുക്കവെ, പ്രകോപനപരമായ നീക്കങ്ങൾ ഉണ്ടാകരുതെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. “ഹോർമുസ് കടലിടുക്കിന്റെ കാര്യത്തിൽ സുരക്ഷാ കൗൺസിൽ വഴി അധിനിവേശ രാജ്യങ്ങളും അവരുടെ പിന്തുണക്കാരും നടത്തുന്ന ഏത് പ്രകോപനപരമായ നീക്കവും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയേയുള്ളൂ,” ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.