ടെഹ്റാൻ: ഇറാന്റെ ബുഷെഹർ ആണവനിലയത്തിന് നേരെ ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെ, ശക്തമായ താക്കീതുമായി റഷ്യ രംഗത്ത്. ആണവനിലയങ്ങളെ ലക്ഷ്യം വെക്കുന്നത് ആഗോളതലത്തിൽ പരിഹരിക്കാനാകാത്ത ദുരന്തങ്ങൾക്ക് കാരണമാകുമെന്നും റഷ്യൻ ജീവനക്കാരുടെ സുരക്ഷ അപകടത്തിലാണെന്നും ക്രെംലിൻ വക്താക്കൾ അറിയിച്ചു.(Don’t lead to nuclear disaster, Russia issues stern warning to Israel)
ബുഷെഹർ നിലയത്തിന് നേരെയുള്ള ആക്രമണങ്ങൾ ഉടനടി നിർത്തണം. വലിയൊരു ആണവ ദുരന്തത്തിൽ നിന്ന് ലോകം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രമാണ്. നിലയത്തിൽ സേവനമനുഷ്ഠിക്കുന്ന റഷ്യൻ വിദഗ്ധരുടെ ജീവൻ അപകടത്തിലാക്കുന്ന നീക്കങ്ങളിൽ നിന്ന് ഇസ്രയേൽ പിന്തിരിയണം.
മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷം ആറ് വർഷം മുൻപത്തെ കോവിഡ്-19 മഹാമാരിക്ക് സമാനമായ സാമ്പത്തിക-സാമൂഹിക പ്രത്യാഘാതങ്ങൾ ലോകത്തുണ്ടാക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ മുന്നറിയിപ്പ് നൽകി. രണ്ട് ദിവസം മുൻപാണ് ഇസ്രയേൽ ബുഷെഹർ ആണവനിലയത്തിന് നേരെ മിസൈൽ തൊടുത്തത്. നിലയത്തിന്റെ കോമ്പൗണ്ടിനുള്ളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചെങ്കിലും ആണവച്ചോർച്ചയോ മറ്റ് വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വാക്കുകൾ തങ്ങൾക്ക് വലിയ കരുത്ത് പകരുന്നതാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു.

