ന്യൂഡൽഹി: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധത്തിൽ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി ഇന്ത്യ (Ayatollah Ali Khamenei assassination news). ഡൽഹിയിലെ ഇറാൻ എംബസിയിലെത്തി കേന്ദ്ര സർക്കാരിന് വേണ്ടി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അനുശോചന പുസ്തകത്തിൽ ഒപ്പിട്ടു. എംബസിയിൽ നയതന്ത്ര ഉദ്യോഗസ്ഥർക്കായി ഒരുക്കിയ പുസ്തകത്തിൽ റഷ്യൻ പ്രതിനിധികളും എത്തി അനുശോചനം അറിയിച്ചു. ഇന്നും നാളെയും മാർച്ച് ഒമ്പതിനും എംബസിയിൽ അനുശോചനം രേഖപ്പെടുത്താൻ സൗകര്യമുണ്ടാകും.
‘യുദ്ധത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ഇറാൻ അംബാസഡർ
ഇറാൻ പരമോന്നത നേതാവിന്റെ വധത്തിന് പിന്നാലെ കടുത്ത ഭാഷയിലാണ് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലി പ്രതികരിച്ചത്. തങ്ങളുടെ ‘പിതാവിനെയാണ്’ നഷ്ടമായതെന്നും നിലവിലെ സാഹചര്യത്തിൽ ഒരു ചർച്ചകൾക്കും ഇറാൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ ഒരിക്കലും യുദ്ധം ആഗ്രഹിച്ചിട്ടില്ല. സമാധാനത്തിനും യുദ്ധത്തിനും ഇറാൻ സജ്ജമാണ്. എന്നാൽ സമാധാന ശ്രമങ്ങളെ ഇല്ലാതാക്കിയത് ഇറാനല്ല.പശ്ചിമേഷ്യയുടെ സമ്പത്ത് കൊള്ളയടിക്കാനാണ് പാശ്ചാത്യ ശക്തികൾ ശ്രമിക്കുന്നത്. സ്കൂളുകൾ വരെ തകർക്കുന്ന സാഹചര്യത്തിൽ അമേരിക്കയുമായി ഇനി ഒരു സമവായം സാധ്യമല്ല. ഇറാന്റെ ശേഷി എന്താണെന്ന് അമേരിക്കയ്ക്ക് നന്നായി അറിയാം. യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ഇനി തീരുമാനിക്കുന്നത് ഇറാനായിരിക്കും.ഇറാൻ ഒരിക്കലും അയൽരാജ്യങ്ങളെ ആക്രമിച്ചിട്ടില്ല. എന്നാൽ ഇറാനെ ആക്രമിക്കാൻ അമേരിക്കയ്ക്ക് സൈനിക താവളങ്ങൾ (ബേസ്) ഒരുക്കി നൽകിയത് അയൽരാജ്യങ്ങളാണ്. അവിടെ നിന്നാണ് ഇറാന്റെ സ്കൂളുകൾ പോലും ആക്രമിക്കപ്പെട്ടത്.
ഇന്ത്യയുമായുള്ള മധ്യസ്ഥ ശ്രമങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, അക്കാര്യം ഇന്ത്യൻ അധികൃതരോട് ചോദിക്കണമെന്നും ഇന്ത്യയുമായി കാലങ്ങളായുള്ള അടുത്ത ബന്ധമാണ് ഇറാന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്നതിനിടെ ഇറാൻ അംബാസഡർ നടത്തിയ ഈ പ്രതികരണം അതീവ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര സമൂഹം കാണുന്നത്.
Story Summary:
India officially expressed its condolences over the assassination of Iran’s Supreme Leader Ayatollah Ali Khamenei. Foreign Secretary Vikram Misri signed the condolence book at the Iranian Embassy in Delhi. Iranian Ambassador Muhammad Fattali stated that Iran is not ready for any talks at this stage and accused Western powers of destroying peace efforts. He warned that Iran is prepared for war and noted that future peace initiatives are now hampered by recent aggressions.

