ന്യൂഡൽഹി: ഇറാനിൽ അമേരിക്ക-ഇസ്രയേൽ സൈനിക നീക്കം അതിരൂക്ഷമായ സാഹചര്യത്തിൽ അവിടെ കുടുങ്ങിക്കിടക്കുന്ന ഒൻപതിനായിരത്തോളം ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യ നടപടി തുടങ്ങി. വ്യോമഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടതിനാൽ അയൽരാജ്യങ്ങളായ അർമേനിയ, തുർക്ക്മെനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് കരമാർഗ്ഗം എത്തിച്ച് അവിടെനിന്ന് നാട്ടിലെത്തിക്കാനാണ് വിദേശകാര്യ മന്ത്രാലയം ലക്ഷ്യമിടുന്നത്.(Action plan to evacuate Indians from Iran)
ടെഹ്‌റാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നിലവിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ഇന്ത്യൻ എംബസി അറിയിച്ചു. ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. ഇതിന് പുറമെ ഷിയാ വിഭാഗത്തിൽപ്പെട്ട തീർത്ഥാടകരും കപ്പൽ ജീവനക്കാരും ടെഹ്‌റാൻ, കോം എന്നീ നഗരങ്ങളിലുണ്ട്.
ഇറാനിൽ നിന്നുള്ള വിമാന സർവീസുകൾ നിലച്ചതിനാൽ അതിർത്തി രാജ്യങ്ങളിലേക്ക് ബസ് മാർഗ്ഗം ഇവരെ എത്തിക്കാനാണ് തീരുമാനം. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന വ്യോമാക്രമണത്തിൽ ടെഹ്‌റാൻ ഉൾപ്പെടെയുള്ള നഗരങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. ഇതുവരെയുള്ള ആക്രമണങ്ങളിൽ 1,332 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

