
എല്ലാ വർഷവും മാർച്ച് 8 ന് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുമ്പോൾ, പലപ്പോഴും ഒരു ചോദ്യം പലരുടെയും ഉള്ളിൽ ഉയർന്നു വരാം, എന്തുകൊണ്ടാണ് നമുക്ക് ഒരു വനിതാ ദിനം വേണ്ടത്? വർഷം മുഴുവൻ സ്ത്രീകളുടെ നേട്ടങ്ങളും സംഭാവനകളും അംഗീകരിച്ചാൽ പോരേ, അതിനായി ഒരു ദിനത്തിന്റെ ആവശ്യകതയുണ്ടോ? ഇതിനുള്ള ഉത്തരം ഈ ദിനത്തിന്റെ ചരിത്രത്തിലും ലക്ഷ്യത്തിലും അടങ്ങിയിരിക്കുന്നു. സ്ത്രീത്വത്തിന്റെ ആഘോഷം എന്നതിലും ഉപരി തുല്യനീതിക്കും, അവകാശങ്ങൾക്കും, അവസരങ്ങൾക്കും വേണ്ടി ഒരു സമൂഹത്തെ തന്നെ പ്രോത്സാഹിപ്പിക്കുക എന്നതാണ് കടന്നു പോകുന്ന ഓരോ വനിതാ ദിനത്തിന്റെയും ഉള്ളടക്കം. (International Women's Day 2025)
അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം
നൂറ്റാണ്ടുകളുടെ അടിച്ചമർത്തലിനും ചുഷണങ്ങൾക്കും ഉള്ള മറുപടിയായി ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ലോകത്തിന്റെ പല കോണിലെയും വനിതകൾ ഒത്തുചേരുന്നു. അമേരിക്കയുടെയും യൂറോപ്പിന്റെയും പല പ്രവിശ്യകളിലായി റാലികളും ജാഥകളും സംഘടിപ്പിക്കുന്നു. വോട്ടവകാശം, തുല്യ സാമൂഹിക നീതി, മെച്ചപ്പെട്ട വേതനം, കുറഞ്ഞ ജോലി സമയം എന്നിവ ആവഷ്യപ്പെട്ടു കൊണ്ടായിരുന്നു ആയിരകണക്കിന് സ്ത്രീകൾ തെരുവുകളിൽ കൊടി തോരണങ്ങളുമായി ഇറങ്ങിയത്. പതിയെ പതിയെ ആ ചെറു പ്രക്ഷോഭങ്ങൾ കാട്ടുതീ പോലെ ലോകമെങ്ങും കത്തി പടർന്നു.
1911 ൽ, ഓസ്ട്രിയ, ഡെൻമാർക്ക്, ജർമ്മനി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ ആദ്യത്തെ വനിതാ ദിനം ആഘോഷിച്ചു, അന്ന് ഒരു ദശലക്ഷത്തിലധികം സ്ത്രീകൾ റാലികളിലും പ്രകടനങ്ങളിലും പങ്കെടുത്തു. തങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുവാൻ ആർക്കും തന്നെ അധികാരം ഇല്ല എന്നതായിരുന്നു അവിടെ ഉയർന്ന ഓരോ മുദ്രാവാക്യത്തിന്റെയും പൊരുൾ. 1975 -ലാണ് ഐക്യരാഷ്ട്രസഭ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി പ്രഖ്യാപ്പിക്കുന്നു.
എന്തുകൊണ്ടാണ് നമുക്ക് ഒരു വനിതാ ദിനം വേണ്ടത്?
സ്ത്രീകളുടെ നേട്ടങ്ങളുടെ തിരിച്ചറിയുവാനും അവരെ പ്രോത്സാഹിപ്പിക്കുവാൻ വേണ്ടി. നിരവധി വെല്ലുവിളികളും പക്ഷപാതങ്ങൾ അഭിമുഖീകരിച്ചിട്ടും, ശാസ്ത്രം, കല മുതൽ രാഷ്ട്രീയം, സാമൂഹിക നീതി തുടങ്ങി വിവിധ മേഖലകളിൽ സ്ത്രീകൾ ഗണ്യമായ സംഭാവനകൾ നൽകി കൊണ്ടിരിക്കുകയാണ്. സ്ത്രീകളുടെ ഈ നേട്ടങ്ങൾ ആഘോഷിക്കുകയും സ്ത്രീകൾ സമൂഹത്തിൽ ചെലുത്തിയ സ്വാധീനത്തെ അംഗീകരിക്കുവാൻ വേണ്ടി കൂടിയാണ് ഓരോ വർഷവും വനിതാ ദിനം ആഘോഷിക്കുന്നത്.
ലിംഗ സമത്വം പ്രോത്സാഹിപ്പിക്കുക എന്നത് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യമാണ്. നിർഭാഗ്യവശാൽ, ലോകത്തിൻ്റെ പല ഭാഗങ്ങളിലും സ്ത്രീകൾ ഇപ്പോഴും വിവേചനവും അസമമായ വേതനവും പരിമിതമായ അവസരങ്ങളും നിരന്തരം നേരിടേണ്ടി വരുന്നു. അക്രമം, പ്രത്യുൽപാദന അവകാശങ്ങൾ, സാമ്പത്തിക ശാക്തീകരണം എന്നിങ്ങനെ സ്ത്രീകളെ ബാധിക്കുന്ന വിവിധ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമുള്ള ഒരു വേദി കൂടിയാണ് ഓരോ വനിതാ ദിനവും.
ഒരു കാലത്ത് തുല്യ വേതനത്തിനും വോട്ടവകാശത്തിനും വേണ്ടി സ്ത്രീകൾ തെരുവിലിറങ്ങിയെങ്കിൽ ഇന്ന് ആവശ്യങ്ങൾ മാറിയിരിക്കുന്നു. ലോകം പുരോഗമിക്കുന്തോറും സ്ത്രീകൾക്ക് നേരെയുള്ള വിവേചനം അവസാനിക്കുന്നതിന് പകരം അത് പുതിയ രൂപങ്ങൾ കൈവരിക്കുക മാത്രമാണ് ചെയ്യുന്നത് എന്നത് ഖേദകരമാണ്. ഇന്ത്യയിൽ ഉൾപ്പെടെ സ്ത്രീകൾക്ക് നേരെ അരങ്ങേറുന്ന കുറ്റകൃത്യങ്ങളിൽ ലോകം നടുങ്ങി നിൽകുമ്പോൾ ഒരു വനിതാ ദിനം കൂടി കടന്നുവരുന്നത്. വിദ്യാഭ്യാസ നിലവാരത്തിലും സാമൂഹിക സാമ്പത്തിക നിലയിലും സ്ത്രീകൾ മുന്നോട്ട് തന്നെയാണ്. അതേസമയം സ്വന്തം വീട്ടിൽ പോലും അവർ സുരക്ഷിതർ അല്ല എന്നത് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യമാണ്. ശാരീരികവും മാനസികവും സാമ്പത്തികവുമായ ചൂഷണങ്ങൾക്ക് വിധേയരാകുന്ന സ്ത്രീകളുടെ എണ്ണം കൂടിവരുന്നതായാണ് ദിവസനേ കേൾക്കുന്ന വാർത്തകളിലൂടെ വ്യക്തമാകുന്നത്. ലൈംഗിക വൈകൃതങ്ങൾക്ക് വൃദ്ധർ മുതൽ പിഞ്ചു പെൺകുഞ്ഞുങ്ങൾ പോലും ഇരകളായി മാറുന്ന ഈ കാലത്ത് ഓരോ വനിതാ ദിനത്തിനും അതിന്റെതായ പ്രാധാന്യമുണ്ട്.