പോരാട്ടത്തിന്റെയും തിരിച്ചറിവിന്റെയും ദിനം, അറിയാം അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ചരിത്രം | International Women's Day 2025

International Women's Day 2025
Published on

സ്ത്രീ ശാക്തീകരണത്തിന്റെ നാഴികക്കല്ലാണ് അന്താരാഷ്ട്ര വനിതാ ദിനം. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ സ്ത്രീകൾ നേടിയ മുന്നേറ്റത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം. പറയാൻ ഏറെയാണ് വനിതാ ദിനത്തെ കുറിച്ച്. പൊരുതി നേടിയതാണ് സ്ത്രീയുടെ സ്വാതന്ത്ര്യവും അവകാശങ്ങളും. സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി നടത്തിയ ചരിത്രപരമായ യാത്രകളുടെ പ്രതീകമാണ് കടന്ന് പോകുന്ന ഓരോ വനിതാ ദിനവും. ( International Women's Day 2025)

സ്ത്രീകളുടെ ശബ്ദങ്ങൾ നിശബ്ദമാക്കപ്പെടുന്ന, അവരുടെ അവകാശങ്ങൾ അവഗണിക്കപ്പെടുന്ന, പുരുഷന്മാരുടെ ഇഷ്ടാനിഷ്ടങ്ങളാൽ അവരുടെ ഭാവി നിർണ്ണയിക്കപ്പെടുന്ന ഒരു ലോകത്തെ കുറിച്ച് ഒന്ന് ചിന്തിച്ച് നോക്കൂ. സ്വന്തം ജീവന്റെ മേലുള്ള അവകാശം പോലും മറ്റുള്ളവരുടെ കൈകളിൽ. ജനനത്തിനും മരണത്തിനും ഇടയിലെ ഓരോ അധ്യായവും വലിച്ചു കിറപ്പെട്ട്, അടിച്ചമർത്തപ്പെട്ട്, വലിച്ചിഴയ്ക്കപ്പെട്ട സ്ത്രീ ജീവിതങ്ങൾ. ഒരു നൂറ്റാണ്ട് മുമ്പ് വരെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇതായിരുന്നു അവരുടെ ജീവിതത്തിലെ കഠിനമായ യാഥാർത്ഥ്യം.

International Women's Day 2025

എന്നാൽ 1909-ലെ ഒരു ശൈത്യകാല ദിനത്തിൽ, അന്ന് വരെ ആരും കാണാത്ത ഒരു വിപ്ലവം പൊട്ടിപുറപ്പെടുന്നു. മെച്ചപ്പെട്ട വേതനം, കുറഞ്ഞ ജോലി സമയം, വോട്ടവകാശം എന്നിവ ആവശ്യപ്പെട്ടു കൊണ്ട് ആയിരക്കണക്കിന് സ്ത്രീകൾ ന്യൂയോർക്ക് നഗരത്തിലെ തെരുവുകളിലൂടെ പ്രതിഷേധ ജാഥ നടത്തുന്നു. തുണിമില്ലുകളിൽ ജോലിചെയ്തിരുന്ന തൊഴിലാളികളായിരുന്നു അവർ. കുറഞ്ഞ ശമ്പളത്തിനെതിരായും ദീർഘസമയത്തെ ജോലി ഒഴിവാക്കുവാനും, മുതലാളിതത്തിനെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിന് വേണ്ടിയും ആദ്യമായി സ്വരമുയർത്തിയപ്പോൾ അത് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. വിപ്ലവത്തിന്റെ തീപ്പൊരി ആളിക്കത്തി, അത് അധികം വൈകാതെ ലോകമെമ്പാടും കാട്ടുതീ പോലെ പടർന്നു പിടിച്ചു.

പ്രസ്ഥാനത്തിന്റെ പിറവി

സാമൂഹിക പ്രവർത്തകയായിരുന്ന തെരേസ മാൽക്കീലിൻ്റെ (Theresa Malkiel) ആശയമായിരുന്നു 1909 ഫെബ്രുവരി 28 ന് ന്യൂയോർക്ക് സിറ്റിയിൽ സങ്കപ്പിടിച്ച വനിതാ ദിനം എന്ന പുതിയ പ്രസ്ഥാനം. എന്നാൽ അത് വെറുമൊരു തുടക്കം മാത്രമായിരുന്നു, 1910 ഓഗസ്റ്റിൽ ഡെൻമാർക്കിലെ കോപ്പൻഹേഗനിലാണ് അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ വിത്തുകൾ യഥാർത്ഥത്തിൽ വിതച്ചത്.

International Women's Day 2025

ഒരു അന്താരാഷ്ട്ര സോഷ്യലിസ്റ്റ് വനിതാ സമ്മേളനത്തിൽ, ജർമ്മൻ പ്രതിനിധികളായ ക്ലാര സെറ്റ്കിൻ, കേറ്റ് ഡങ്കർ, പോള തീഡ്, തുടങ്ങിയവർ വാർഷിക "വനിതാ ദിനം" (Women's Day) സ്ഥാപിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. സ്ത്രീകളുടെ വോട്ടവകാശം ഉൾപ്പെടെയുള്ള തുല്യ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ആഗോള പ്രസ്ഥാനം സൃഷ്ടിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഒന്നിന് പിറകെ ഒന്നായി ലോകത്തിന്റെ പല ഭാഗങ്ങളിലെയും സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടി പോരാട്ടത്തിനായി തെരുവുകളിൽ ഇറങ്ങി. 1910ൽ കോപ്പൻഹേഗനിൽ 17 രാജ്യങ്ങളിൽ നിന്നുളള 100 പേർ പങ്കെടുത്ത ലോകവനിതാ സമ്മേളനം വനിതാ ദിനാചരണത്തിന് അടുത്ത ചുവടുവയ്പായി. 

1911-ൽ, മാർച്ച് 19-ന്, ഓസ്ട്രിയ-ഹംഗറി, ഡെൻമാർക്ക്, ജർമ്മനി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലായി പത്ത് ലക്ഷത്തിലധികം ആളുകൾ ആദ്യത്തെ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. ഏകദേശം അറുപതിറ്റാണ്ടുകൾക്ക് ശേഷമാണ് 1975 ലാണ് ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുവാൻ തുടങ്ങിയത്. ഈ വർഷം തന്നെ അന്താരാഷ്ട്ര വനിതാ വർഷമായി പ്രഖ്യാപ്പിക്കുന്നു. അന്ന് മുതൽ ഇന്നുവരെ എല്ലാ വർഷവും മാർച്ച് 8 ന് സ്ത്രീകളുടെ ഉണർവിന്റെയും ഒത്തുചേരലിന്റെ ദിനമായി അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com