ദേശസ്നേഹത്തിന്റെ ജ്വാല ഉയർത്തിയ സ്ത്രീരത്നങ്ങൾ; ഇന്ത്യയുടെ വിധി മാറ്റിമറിച്ച വനിതാ സ്വാതന്ത്ര്യ സമര സേനാനികൾ|Women Freedom Fighters

Women Freedom Fighters
Published on

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രത്തിൽ, ധീരപുരുഷന്മാരുടെ പേരുകളോടൊപ്പം, അടങ്ങാത്ത മനസ്സും അചഞ്ചല ധൈര്യവും കൊണ്ട് ദേശീയ ബോധത്തെ ഉണർത്തിയ സ്ത്രീജനങ്ങൾ ഏറെയാണ്. ധീരവും ദൃഢനിശ്ചയവും നിറഞ്ഞ സ്ത്രീകളുടെ അനശ്വര സംഭാവനകളാലും നിറഞ്ഞതാണ് ഇന്ത്യയുടെ സമര ചരിത്രം. അടിമത്തത്തിന്റെ ഇരുട്ടിനെ ചെറുത്ത്, ദേശസ്നേഹത്തിന്റെ ജ്വാല ഉയർത്തിയ, തങ്ങളുടെ ജീവിതം രാജ്യത്തിനായി സമർപ്പിച്ച വനിതാ പോരാളികളെ കുറിച്ച് അറിയാം. (Women Freedom Fighters)

ഝാൻസി റാണി

ഇന്ത്യയുടെ ജോൻ ഓഫ് ആർക്ക് എന്ന അറിയപ്പെടുന്ന റാണി ലക്ഷ്മീബായ്. 1857 ലെ ശിപായി ലഹള ഇന്ത്യയൊട്ടാകെ കൊടുമ്പിരി കൊണ്ട കാലം, റാണി ബ്രിട്ടീഷ് പടക്കോപ്പുകൾക്ക് നേരെ പൊരുതി. റാണി ലക്ഷ്മി ബായ് (Rani Lakshmibai) 1828 നവംബർ 19 ന് വിശുദ്ധ നഗരമായ വാരാണസിയിലെ ഒരു മറാത്തി കർഹാദെ ബ്രാഹ്മണ കുടുംബത്തിലായിരുന്നു ജനനം. പതിനാലാം വയസ്സിൽ ഝാൻസിയിലെ രാജാവായിരുന്ന ഗംഗാധർ റാവുമായി റാണി വിവാഹിതയാക്കുന്നു.

ഭർത്താവിന്റെ മരണ ശേഷം രാജ്യ ഭരണം റാണിയുടെ കൈകളിൽ അധിഷ്ഠിതമായി. എന്നാൽ ബ്രിട്ടീഷുകാർ ഝാൻസി പിടിച്ചെടുത്ത് റാണിയെ കൊട്ടാരത്തിൽ നിന്നും പുറത്താകുന്നു. എന്നിരുന്നാലും 1857 ലെ ശിപായി ലഹളയിൽ ശക്തമായ സാന്നിധ്യമായി ഝാൻസിയുടെ റാണി മാറുന്നു. റാണിയുടെ മരണ ശേഷം ബ്രിട്ടീഷ് ഫീൽഡ് മാർഷൽ ഹ്യൂ ഹെൻറി റോസ് റാണിയെ വിശേഷിപ്പിച്ചത് ഏറ്റവും അപകടകാരിയായ ഇന്ത്യയുടെ നേതാവ് എന്നായിരുന്നു.

സരോജിനി നായിഡു

1879 ഫെബ്രുവരി 13 ന് ബ്രിട്ടീഷ് ഇന്ത്യയിലെ ഹൈദരാബാദിലായിരുന്നു സരോജിനി നായിഡുവിന്റെ (Sarojini Naidu) ജനനം. രാഷ്ട്രീയ പ്രവർത്തകയും കവയിത്രിയുമായിരുന്നു സരോജിനി നായിഡു 'ഇന്ത്യയുടെ വാനമ്പാടി', 'ഭാരത് കോകില' എന്നീ വിശേഷണങ്ങളില്‍ പ്രസിദ്ധയാണ്. സരോജിനി ഒരു കവയിത്രി എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളെ ഉദ്ധരിച്ചുകൊണ്ട് മഹാത്മാ ഗാന്ധിയാണ് "ഇന്ത്യയുടെ നൈറ്റിംഗേൽ" അല്ലെങ്കിൽ "ഭാരത് കോകില"എന്ന വിളിപ്പേര് നൽകുന്നത്.

ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്നുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ മുൻനിര സാന്നിധ്യമായിരുന്നു സരോജിനി നായിഡു. 1925 ൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി നിയമിതയായി, പിന്നീട് 1947 ൽ യുണൈറ്റഡ് പ്രവിശ്യകളുടെ ഗവർണറായി ചുമതലയേൽക്കുന്നു. ഇന്ത്യയുടെ ഡൊമിനിയനിൽ ഗവർണർ പദവി വഹിച്ച ആദ്യ വനിത കൂടിയാണ് സരോജിനി നായിഡു.

അരുണ അസഫ് അലി

1942 ലെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ ബോംബെയിലെ ഗോവാലിയ ടാങ്ക് മെെതാനിയിൽ ഇന്ത്യൻ ദേശീയപതാക ഉയർത്തി ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച വിപ്ലവകാരി. 1909 ജൂലായ് 16 ന് പഞ്ചാബിലെ കൽക്കയിൽ ബംഗാളി ബ്രാഹ്മണ കുടുംബത്തിലാണ് അരുണ അസഫ് അലിയുടെ (Aruna Asaf Ali) ജനനം. ഭഗത് സിങ്ങിന്റെ അഭിഭാഷകനായിരുന്ന ആസഫ് അലിയെ വിവാഹം കഴിച്ചതോടെ കോൺഗ്രസിലേക്ക് ചുവടുവയ്പ്പ്. ഉപ്പുസത്യാഗ്രഹ വേളയിൽ അറസ്റ്റ് വരിച്ചു.

1931 ൽ ഗാന്ധി ഇർവിൻ ഉടമ്പടിക്ക് ശേഷം എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിച്ചപ്പോഴും അരുണ ജയിലിൽ തുടർന്നു. 1932 ൽ തിഹാർ ജയിലിലെ രാഷ്ട്രീയ തടവുകാരോടുള്ള നിസ്സംഗതയിൽ പ്രതിഷേധിച്ച് നിരാഹാരസമരം നടത്തി വിജയം കണ്ടു. ഇന്ത്യൻ ചരിത്രകാരന്മാർ അരുണയെ വിശേഷിപ്പിച്ചത് ഗ്രാൻഡ് ഓൾഡ് ലേഡി എന്നായിരുന്നു. രാഷ്ട്രീയത്തിൽ സജീവമായിരുന്ന അരുണ ഡൽഹിയുടെ ആദ്യ മേയറായി ചുമതലയേൽക്കുന്നു. സ്വാതന്ത്ര്യാനന്തരം, സ്ത്രീശാക്തീകരണം, തൊഴിലാളി പ്രസ്ഥാനങ്ങൾ എന്നിവയ്‌ക്കുവേണ്ടി പ്രവർത്തിച്ച ഇന്ത്യയുടെ ധീര പോരാളി.

സാവിത്രിഭായി ഫൂലെ

ഇന്ത്യയിലെ ആദ്യത്തെ അധ്യാപിക, ഫെമിനിസ്റ്റ്, ജാതിവിരുദ്ധ പോരാട്ടത്തിലെ മുന്‍നിരക്കാരി, നവോത്ഥാന നായിക, കവയിത്രി എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയാണ് സാവിത്രിഭായി ഫൂലെക്ക് (Savitribai Phule). 1931 ജനുവരി 3 ന് മഹാരാഷ്ട്രയിലെ നൈഗാവ് ഗ്രാമത്തിലാണ് സാവിത്രിഭായി ഫൂലെ ജനിച്ചത്. ഇന്ത്യയിലെ ആദ്യത്തെ ഫെമിനിസ്റ്റുകളിൽ ഒരാളായി സാവിത്രിഭായിയെ കണക്കാക്കപ്പെടുന്നു. ഭർത്താവ് ജ്യോതിറാവു ഫൂലെയുടെ പിന്തുണയോടെ സ്ത്രീ ശാക്തീകരണത്തിൽ അവർ നിർണായക പങ്ക് വഹിച്ചു.

1848 ൽ, സാവിത്രിബായിയും ഭർത്താവും പൂനെയിലെ ഭിഡെ വാഡയിൽ ആദ്യത്തെ ആധുനിക ഇന്ത്യൻ പെൺകുട്ടികൾക്കായുള്ള വിദ്യാലയം സ്ഥാപിക്കുന്നു. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും അവകാശങ്ങളും നിഷേധിക്കപ്പെട്ടിരുന്ന കാലത്താണ് സാവിത്രിഭായി പെൺകുട്ടികൾക്കായി ഒരു വിദ്യാലയം തന്നെ പണിയുന്നത്.

ക്യാപ്റ്റൻ ലക്ഷ്മി സഹഗാൾ

സ്വാതന്ത്ര്യസമര സേനാനിയും നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ പ്രവര്‍ത്തകയുമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി. 1914 ഒക്റ്റോബര്‍ 24 ന് മദ്രാസിലായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജനനം. 1938 ല്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് ബിരുദവും പിന്നീട് ഗൈനക്കോളജിയില്‍ ഡിപ്ലോമയും നേടുകയുണ്ടായി.

1941ൽ, സിംഗപ്പൂരിലെത്തിയ ലക്ഷ്മി അവിടെ സുഭാഷ് ചന്ദ്ര ബോസിന്റെ ഇന്ത്യന്‍ ദേശീയ സേനയിലെ പ്രവര്‍ത്തകരെ പരിചയപ്പെടുകയുണ്ടായി. തുടർന്ന് 1943 ജൂലയിൽ നേതാജിയെ നേരിട്ട് കാണുകയും, തനിക്കും ഐ എന്‍ എയുടെ ഭാഗമാക്കണം എന്ന് അറിയിക്കുകയുമുണ്ടായി. ലക്ഷ്മിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായ ഐ എന്‍ എയുടെ ജാന്‍സി റാണി റെജിമെന്റ് രൂപീകരിക്കപ്പെട്ടു. കേണല്‍ പദവിയിലായിരുന്നു പ്രവര്‍ത്തനം എങ്കിലും ''ക്യാപ്റ്റന്‍ ലക്ഷ്മി'' എന്ന പേരില്‍ അവര്‍ അറിയപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടനെ നേരിട്ട ജപ്പാന്‍ സേനയ്ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം സിപിഐ (എം)യില്‍ ചേര്‍ന്ന ക്യാപ്റ്റന്‍ ലക്ഷ്മി രാജ്യസംഭാംഗവും രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുമായിരുന്നു. പദ്മ വിഭൂഷണ്‍ നേടിയ ലക്ഷ്മി 2012-ല്‍ 97-ാം വയസ്സില്‍ അന്തരിച്ചു.

കസ്തൂർബാ ഗാന്ധി

ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ സഹധർമിണിയും സ്വാതന്ത്ര്യസമരത്തിന്റെ നിർഭയ പോരാളിയുമായിരുന്നു കസ്തൂർബാ. 13-ാം വയസ്സിൽ ഗാന്ധിജിയുമായി വിവാഹം. വിവാഹ ശേഷമാണ് എഴുത്തും വായനയും പഠിക്കുന്നത്. ഗാന്ധിജി ദക്ഷിണ ആഫ്രിക്കയിലേക്ക് പുറപ്പെട്ടപ്പോൾ കസ്തൂർബാ ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. ഡർബനിലെ ഗാന്ധിജിയുടെ ഫീനിക്സ് സെറ്റിൽമെന്റിൽ സജീവമായതോടെയാണ് കസ്തൂർബാ പൊതുജീവിതത്തിലെത്തുന്നത്. അവിടെ നിന്നാണ് കസ്തൂർബാ പൊതുപ്രവർത്തനങ്ങളിൽ സജീവമാകുന്നത്. ഭർത്താവിനൊപ്പം ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച സത്യാഗ്രഹപ്രസ്ഥാനങ്ങളിലും വർണവിവേചനത്തിനെതിരായ സമരങ്ങളിലും സജീവമായി.

1915-ൽ ഗാന്ധിജിയോടൊപ്പം ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം ചമ്പാരൻ, ഖേദ തുടങ്ങിയ സത്യാഗ്രഹങ്ങളിലെ വനിതാ വിഭാഗങ്ങൾക്ക് നേതൃത്വം നൽകി. കസ്തൂർബയുടെ ജീവിതം പലപ്പോഴും ഭർത്താവിന്റെ പ്രശസ്തിയുടെ നിഴലിൽ ഒതുങ്ങി നിന്നിരുന്നു. യാഥാർത്ഥ്യത്തിൽ ഗാന്ധിയുടെ പോരാട്ടങ്ങളുടെ നട്ടെല്ലായിരുന്നു കസ്തൂർബാ. പുനെയിലെ അഗ ഖാൻ കൊട്ടാരത്തിൽ തടവിലിരിക്കുമ്പോഴാണ് കസ്തൂർബാ ഗാന്ധി ബ്രോങ്കൈറ്റിസ് ബാധിച്ച് മരണമടയുന്നത്. 

ബീഗം ഹസ്രത്ത് മഹൽ

ബീഗം ഹസ്രത്ത് മഹൽ അഥവാ 'അവാദിലെ ബീഗം' ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്വാതന്ത്ര്യ സമര സേനാനികളിൽ ഒരാളായിരുന്നു. ധീരയും ദൃഢനിശ്ചയവുമുള്ള ബീഗം ഹസ്രത്ത് മഹൽ, 1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ പ്രധാന നേതാവെന്ന നിലയിൽ ചരിത്രത്തിൽ തന്റെ സ്ഥാനം അടയാളപ്പെടുത്തിയിട്ടുണ്ട്. 1820-ൽ ജനിച്ച ബേഗം ഹസ്രത് മഹൽ, അവധ് നവാബായിരുന്ന വാജിദ് അലി ഷായുടെ ഭാര്യയായിരുന്നു.

വാജിദ് അലി ഷായെ ബ്രിട്ടീഷുകാർ കൊൽക്കത്തയിലേക്ക് നാടുകടത്തിയതിനു ശേഷം, മകൻ ബിജ്രിസ് ഖാദറിനെ അവധിന്റെ ഭരണാധികാരിയായി പ്രഖ്യാപിച്ച്, ബീഗം തന്നെ ഭരണ ചുമതല ഏറ്റെടുത്തു. 1858 ൽ നീണ്ട യുദ്ധത്തിനു ശേഷം, ബ്രിട്ടീഷുകാർ ലക്നൗ തിരിച്ചു പിടിക്കുകയും, ബീഗത്തോട് കീഴടങ്ങാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. എന്നാൽ ബീഗം, നേപ്പാളിൽ‍‍ രാഷ്ട്രീയ അഭയം തേടുകയായിരുന്നു. 1879 ഏപ്രിൽ ഏഴാം തീയതി, ബീഗം നേപ്പാളിൽ വച്ച് മരണമടഞ്ഞു.

കിത്തൂർ ചെന്നമ്മ; കിത്തൂരിലെ റാണി ചെന്നമ്മ

1778 ഒക്ടോബർ 23-ന് കർണാടകയിലെ ബെൽഗാം താലൂക്കിൽ ജനിച്ച റാണി ചെന്നമ്മ, ബാല്യത്തിൽ തന്നെ കുതിരസവാരിയും ആയോധനകലകളും അഭ്യസിച്ച ധീരയുവതിയായിരുന്നു. ദേശായി കുടുംബത്തിലെ മല്ലസർജയുമായി വിവാഹിതയായ അവർക്ക് ഉണ്ടായ ഏക പുത്രൻ 1824-ൽ മരണപ്പെടുകയായിരുന്നു. തുടർന്ന് ശിവലിംഗപ്പയെ ദത്തെടുക്കുന്നു. വളർത്തു മകനെ രാജാവാക്കാനായിരുന്നു റാണിയുടെ തീരുമാനം. എന്നാൽ, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ‘ഡോക്ട്രിൻ ഓഫ് ലാപ്സ്’ നിയമം ചൂണ്ടിക്കാട്ടി അവകാശം നിരസിച്ചു. തന്റെ അവകാശം നിലനിർത്താൻ ചെന്നമ്മ ബ്രിട്ടീഷ് സൈന്യത്തിനെതിരെ ആയുധമേന്തി. ആദ്യഘട്ടത്തിൽ, യുദ്ധത്തിൽ ചെന്നമ്മ വിജയിച്ചിരുന്നു. എന്നാൽ രണ്ടാംഘട്ട യുദ്ധത്തിൽ ചെന്നമ്മ പരാജയപ്പെടുന്നു. തുടർന്ന്, ബെയിഹങ്കല്‍ കോട്ടയില്‍ തടവിലാക്കപ്പെട്ടു. 1829 ഫെബ്രുവരി 21നു ചിന്നമ്മ ഈ കോട്ടയ്ക്കുള്ളിൽ വച്ച് മരണപ്പെടുന്നു.

Related Stories

No stories found.
Times Kerala
timeskerala.com