
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ഏറ്റവും വാശിയേറിയ പോരാളിയായിരുന്നു സുഭാഷ് ചന്ദ്രബോസ് ( Subhas Chandra Bose). ഗാന്ധിജിയുടെ കടുത്ത ആരാധകനായിരുന്നു ബോസ് എങ്കിലും ഗാന്ധിയുടെ സമാധാന മാർഗ്ഗത്തിൽ സുഭാഷ് ചന്ദ്രബോസ് വിശ്വസിച്ചിരുന്നില്ല. രക്തം കൊണ്ട് മാത്രമേ സ്വാതന്ത്ര്യം നേടാൻ കഴിയുള്ളൂ എന്ന് വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു സുഭാഷ് ചന്ദ്രബോസ്. ഇതിൻറെ ഭാഗമായി ഇന്ത്യൻ നാഷണൽ ആർമി എന്ന സംഘടന രൂപീകരിച്ച് ബ്രിട്ടീഷുകാർക്കെതിരെ സായുധ പോരാട്ടത്തിന് നേതൃത്വം നൽകിയ സേനാനി ആയിരുന്നു അദ്ദേഹം.
രണ്ടാം ലോക മഹായുദ്ധകാലത്ത് ജർമനിയും ജപ്പാനുമായി ചേർന്ന് ബ്രിട്ടീഷുകാർക്കെതിരെ സായുധ വിപ്ലവത്തിന് മുതിർന്നെങ്കിലും വലിയ വിജയം നേടുവാൻ സാധിച്ചില്ല. 1938 മുതൽ 1939 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രസിഡണ്ടായി പ്രവർത്തിച്ചിരുന്നു അദ്ദേഹം. എന്നാൽ പിന്നീട് ഗാന്ധിജിയുമായും കോൺഗ്രസ് ഹൈക്കമാൻഡുമായുള്ള ആശയ വിരോധത്താൽ അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്നും നീക്കുകയായിരുന്നു.
എങ്കിൽപോലും കോൺഗ്രസിനോടും ഗാന്ധിജിയും ബോസ് അകലം പാലിച്ചില്ല. ഇന്ത്യൻ നാഷണൽ ആർമിയിലെ 4 ബ്രിഗേഡുകൾക്ക് ഗാന്ധി ബ്രിഗേഡ്, നെഹ്റു ബ്രിഗേഡ്, ആസാദ് ബ്രിഗേഡ്, സുഭാഷ് ബ്രിഗേഡ് എന്നീ പേരുകളായിരുന്നു നൽകിയിരുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് ഇന്ത്യൻ നാഷണൽ ആർമി വലിയ സംഭാവനകളാണ് നൽകിയതെങ്കിലും ഇന്ന് കാര്യമായ പരിഗണന അവർക്ക് നൽകുന്നില്ല എന്നത് ഖേദകരമായ വസ്തുതയാണ്.