സ്വാതന്ത്ര്യത്തിന്റെ വഴിത്തിരിവുകൾ; ബ്രിട്ടീഷ് ഭരണത്തിനെതിരെ ഇന്ത്യയിൽ അരങ്ങേറിയ അഞ്ചു ജനകിയപോരാട്ടങ്ങൾ |Major struggles in India against British Raj
രക്തം, ധൈര്യം, ത്യാഗം എന്നിവകൊണ്ട് നിറഞ്ഞതാണ് ഇന്ത്യൻ സ്വതന്ത്ര സമരത്തിന്റെ ചരിത്രം. 1757 ലെ പ്ലാസി യുദ്ധത്തോടെ ബ്രിട്ടീഷ് കൊളോണിയൽ ഭരണം ഇന്ത്യയിൽ പടരാൻ തുടങ്ങിയിരുന്നു. വ്യാപാരത്തിനായി എത്തി പതുകെ പതുകെ ഒരു ദേശത്തെ തന്നെ അടിമകളാക്കി തീർത്ത ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടങ്ങൾ പതിറ്റാണ്ടുകളോളം നീണ്ടു നിന്നു. മഹാത്മാഗാന്ധി, നെഹ്രു, പട്ടാഭി സീതാരാമയ്യ, ഭഗത് സിംഗ്, സുഭാഷ് ചന്ദ്ര ബോസ്, ലക്ഷ്മീബായി തുടങ്ങി അനവധി മഹാന്മാരുടെ നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങളാണ് ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് എത്തിച്ചത്. സൂര്യൻ അസ്തമിക്കാത്ത സാമ്രജ്യത്തെ എന്നേക്കുമായി ചക്രവാളത്തിലേക്ക് മടക്കിയത് ധീരമായ സമരപോരാട്ടങ്ങളിലൂടെയാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഇന്ത്യയിൽ അരങ്ങേറിയ അഞ്ചു ജനകിയപോരാട്ടങ്ങളെ കുറിച്ച് അറിയാം.
1. ശിപായി ലഹള - ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം
1857-ലെ ഇന്ത്യൻ കലാപം അല്ലെങ്കിൽ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്നും അറിയപ്പെടുന്ന ശിപായി ലഹള, ഇന്ത്യയിലെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണത്തിനെതിരായ ഒരു പ്രധാന പ്രക്ഷോഭമായിരുന്നു. 1857 മെയ് 10-ന് മീററ്റിൽ, ബ്രിട്ടീഷ് ഓഫീസർമാരിലും നയങ്ങളിലും അതൃപ്തിയുള്ള ബംഗാൾ സൈന്യത്തിലെ ഇന്ത്യൻ സൈനികർ (ശിപായിമാർ) നടത്തിയ കലാപമായാണ് ശിപായി ലഹളയ്ക്ക് വഴിവച്ചത്.
ഝാൻസിയുടെ റാണി ലക്ഷ്മീബായി, ബീഗം ഹസ്രത്ത് മഹൽ, താത്യാ ടോപ്പെ, നാനാസാഹിബ് എന്നിവരാണ് ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് മുൻനിരയിൽ നിന്നും നേതൃത്വം നൽകിയത്. കലാപം ഒടുവിൽ അടിച്ചമർത്തിയെങ്കിലും, ഇന്ത്യക്കാരുടെ മനസ്സിൽ സ്വാതന്ത്ര്യാഗ്നി ശിപായി ലഹളയോടെ പടർന്നുപിടിച്ചു.
2. സ്വദേശി പ്രസ്ഥാനം (1905–1911)
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടി രൂപം കൊണ്ട ഒരു ബഹുജന മുന്നേറ്റമായിരുന്നു സ്വദേശി പ്രസ്ഥാനം. ബ്രിട്ടീഷ് വസ്തുക്കൾ ഉപേക്ഷിച്ചു കൊണ്ട് ഇന്ത്യയിൽ നിർമ്മിക്കപ്പെടുന്ന വസ്തുക്കളുടെ ഉൽപ്പാദനവും ഉപഭോഗവും വർധിപ്പിക്കുക. ഇതിലൂടെ ബ്രിട്ടനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുക എന്നതായിരുന്നു സ്വദേശി പ്രസ്ഥാനത്തിന്റെ ലക്ഷ്യം. സ്വദേശിവത്കരണം എന്ന ആശയം ശക്തിപ്പെടുത്തുകയും അതിലൂടെ രാജ്യസ്നേഹം വളർത്തിയെടുക്കാനും സ്വദേശി പ്രസ്ഥാനം പ്രധാന പങ്ക് വഹിച്ചു.
3. ജാലിയൻവാലാബാഗ് കൂട്ടക്കൊല
ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടചരിത്രത്തിലെ ത്യാഗഭൂമിയാണ് ജാലിയൻവാലാബാഗ്. റൗളട്ട് നിയമം കൊണ്ടുവന്ന അടിച്ചമർത്തൽ, അമൃത്സറിലെ ജാലിയൻവാലാബാഗിൽ 1919 ഏപ്രിൽ 13-ന് ജനറൽ ഡയർ നടത്തിയ ക്രൂര വെടിവയ്പ്പിലൂടെ ഉച്ചസ്ഥായിയിലെത്തി. നൂറുകണക്കിന് നിരായുധരായ പുരുഷന്മാരും സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു. ഈ സംഭവത്തിന് ശേഷം, ബ്രിട്ടീഷ് ഭരണത്തോടുള്ള ഇന്ത്യക്കാരുടെ വിശ്വാസം പൂർണ്ണമായി നഷ്ടപ്പെട്ടു. ബ്രിട്ടിഷ് സർക്കാരിന്‍റെ കണക്കുകൾ പ്രകാരം 379 മനുഷ്യർക്കാണ് കൂട്ടക്കൊലയിൽ ജീവൻ നഷ്ടമായത്. എന്നാൽ ആയിരങ്ങളുടെ ജീവൻ ജാലിയൻവാലാബാഗിൽ പൊലിഞ്ഞതായാണ് കണക്കാക്കുന്നത്.
4. ചമ്പാരൻ സത്യാഗ്രഹം (1917)
മഹാത്മാഗാന്ധി ഇന്ത്യയിൽ നയിച്ച ആദ്യസമരമാണ് 1917-ലെ ചമ്പാരൻ നീലം കർഷക സമരം. വിശാലമായ നീലം കൃഷിത്തോട്ടങ്ങളുടെ വലിയൊരു കേന്ദ്രമായിരുന്നു ചമ്പാരൻ. കൃഷിഭൂമിയുടെ ഇരുപതിൽ മൂന്നു ഭാഗം ഭൂവുടമയ്ക്കുവേണ്ടി നീലമോ മറ്റു നാണ്യവിളകളോ കൃഷിചെയ്തു വിളവെടുത്തുകൊടുക്കാൻ ചമ്പാരനലെ കർഷകർ നിയമബദ്ധരായിരുന്നു. മികച്ച വിളവ് ലഭിക്കുന്ന ഭൂമിയുടെ വലിയൊരു ഭാഗം, കഴിക്കാൻ അരിയില്ലാത്തപ്പോഴും, ജമീന്ദാർമാർക്കും ബ്രിട്ടീഷ് ഗവൺമെന്റിനും വേണ്ടി നീലം കൃഷി ചെയ്യുന്നതിനായി നീക്കിവയ്ക്കണമെന്ന് വ്യവസ്ഥ ചെയ്ത ഈ നിയമം തീൻ കഥയ സമ്പ്രദായം എന്നറിയപ്പെട്ടു. നികുതിയും പീഡനവും ഇല്ലാതാക്കാൻ ലക്ഷ്യമിട്ട്, ഗാന്ധിജി ആയിരക്കണക്കിന് കർഷകരെ സമരത്തിലേക്ക് നയിച്ചു. വിജയകരമായ ചർച്ചകൾക്കൊടുവിൽ, ബ്രിട്ടീഷ് സർക്കാർ നിയമങ്ങളിൽ ഇളവുകൾ കൊണ്ടുവന്നു.
5. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും പങ്കെടുത്ത ഒരു ജനകീയ വിപ്ലവം മാത്രമേ ഇന്ത്യയിൽ ഉണ്ടായിട്ടുള്ളൂ, അതായിരുന്നു 1942 അരങ്ങേറിയ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന് വിരുദ്ധമായ ഒടുവിലെയും, ഏറ്റവും ശക്തമായ ബഹുജന വിപ്ലവമായിരുന്നു ക്വിറ്റ് ഇന്ത്യ. ഒന്നാം സ്വാതന്ത്ര സമരത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റമായിരുന്നു ക്വിറ്റ് ഇന്ത്യ. രാജ്യമൊട്ടാകെ വലിയ തോതിൽ പ്രതിഷേധങ്ങളും പ്രകടനങ്ങളും അലയടിച്ചു. തൊഴിലാളികൾ തങ്ങളുടെ തൊഴിലിടങ്ങളിൽ നിന്നും കൂട്ടത്തോടെ വിട്ടു നിന്നു. രാജ്യത്ത് എങ്ങും സമരാഹ്വാനങ്ങൾ കൊണ്ട് നിറഞ്ഞു. രാജ്യമൊട്ടാകെ വൻതോതിൽ അറസ്‌റ്റുകൾ നടന്നു. ഒരുലക്ഷത്തോളം പേരെ രാജ്യമെമ്പാടും അറസ്റ്റ് ചെയ്തു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന് ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ അതുല്യവും നിര്‍ണായകവുമായ സ്ഥാനമുണ്ട്.