
'ഓഗസ്റ്റ് 15'- ഓരോ ഇന്ത്യക്കാരനും ഒരിക്കലും മറക്കുവാൻ സാധികാത്ത ദിനം. നൂറ്റാണ്ടുകളുടെ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭീച്ചത് 1947 ഓഗസ്റ്റ് 15 നാണ്. ബ്രിട്ടീഷ് ഭരണം അവസാനിക്കുകയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം രാജ്യമായി ഇന്ത്യ പിറവികൊണ്ട ദിനം. എന്നാൽ ഇന്ത്യ മാത്രമല്ല ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യം ആഘോഷിക്കുന്നത്. ഇന്ത്യയോടൊപ്പം ഇതേ ദിവസം സ്വാന്ത്ര്യദിനം ആഘോഷിക്കുന്ന രാജ്യങ്ങൾ ഏതൊക്കെയെന്ന് അറിയാം. (Independence on August 15th)
റിപ്പബ്ലിക് ഓഫ് കോംഗോ
പശ്ചിമ-മദ്ധ്യ ആഫ്രിക്കയിലെ രാജ്യമാണ് റിപ്പബ്ലിക് ഓഫ് കോംഗോ. കോംഗോ-ബ്രാസാവില്ലെ എന്നും രാജ്യം അറിയപ്പെടുന്നു. ഫ്രഞ്ച് കൊളോണിയൽ ഭരണത്തിന്റെ കിഴിലായിരുന്നു റിപ്പബ്ലിക് ഓഫ് കോംഗോ. 1880-ൽ ഫ്രഞ്ച് പര്യവേക്ഷകനായ പിയറി സാവോർഗ്നാൻ ഡി ബ്രാസ പ്രാദേശിക മേധാവികളുമായി ഉടമ്പടികളിൽ ഒപ്പുവെച്ചതോടെ റിപ്പബ്ലിക് ഓഫ് കോംഗോ ഔദ്യോഗികമായി ഒരു ഫ്രഞ്ച് കോളനിയായി മാറുകയായിരുന്നു. ഫ്രഞ്ച് ഇക്വറ്റോറിയൽ ആഫ്രിക്കയുടെ ഭാഗമായി റിപ്പബ്ലിക് ഓഫ് കോംഗോ 1960 ഓഗസ്റ്റ് 15 നാണ് പൂർണ്ണ സ്വാതന്ത്ര്യം നേടുന്നത്. ഫ്രഞ്ച് ആധിപത്യം വന്നതിനു കൃത്യം 80 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു കോംഗോയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്.
ബഹ്റൈൻ
പശ്ചിമേഷ്യയിലെ ഒരു ദ്വീപ് രാഷ്ട്രമാണ് ബഹ്റൈൻ. 1931-ൽ എണ്ണ കണ്ടെത്തി റിഫൈനറി നിർമ്മിക്കുന്ന ആദ്യത്തെ ഗൾഫ് രാജ്യങ്ങളിൽ ഒന്നായിരുന്നു ബഹ്റൈൻ. പത്തൊൻപതാം നൂറ്റാണ്ടിൽ, പ്രാദേശിക ഭീഷണികളിൽ നിന്നുള്ള സംരക്ഷണത്തിന് പകരമായി ബ്രിട്ടന് പ്രതിരോധത്തിലും വിദേശകാര്യങ്ങളിലും നിയന്ത്രണം അനുവദിക്കുന്ന ഉടമ്പടികൾ ഒപ്പുവച്ചതോടെ ബഹ്‌റൈൻ ബ്രിട്ടീഷ് സ്വാധീനത്തിലാവുകയായിരുന്നു. അതോടെ ബഹ്‌റൈൻ ഒരു ബ്രിട്ടീഷ് സംരക്ഷിത പ്രദേശമാക്കി മാറി. 1971 ഓഗസ്റ്റ് 15 ന് ബഹ്‌റൈൻ ജനതയെക്കുറിച്ച് ഐക്യരാഷ്ട്രസഭ നടത്തിയ സർവേയെത്തുടർന്ന് ബ്രിട്ടീഷുകാരിൽ നിന്ന് രാജ്യം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 1971-ൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന് ശേഷം രാഷ്ട്രം ബ്രിട്ടീഷുകാരുമായി ഒരു സൗഹൃദ ഉടമ്പടിയിൽ ഒപ്പുവച്ചു. ഓഗസ്റ്റ് 14 ആണ് ബഹ്റൈന്‍റെ സ്വാതന്ത്ര്യ ദിനമെങ്കിലും 15 നാണ് രാജ്യത്ത് ഈ ദിനം ആഘോഷിക്കുന്നത്.
ലിച്ചെൻസ്റ്റീന്‍
ലോകത്തിലെ ഏറ്റവും ചെറിയ ആറാമത്തെ രാജ്യമായ ലിച്ചെൻസ്റ്റീന്‍ സ്വതന്ത്ര ദിനം ആഘോഷിക്കുന്നത് ഓഗസ്റ്റ് 15 നാണ്. പടിഞ്ഞാറൻ യൂറോപ്പിലാണ് പൂർണമായും കരയാൽ ചുറ്റപ്പെട്ട ഈ ആൽപൈൻ രാജ്യമായ ലിച്ചെൻസ്റ്റീന്‍ ഓസ്ട്രിയയോടും സ്വിറ്റ്സര്‍ലന്‍ഡിനോടും ചേര്‍ന്നാണ് കിടക്കുന്നത്. ലിച്ചെൻസ്റ്റീൻ ഒരിക്കലും വിദേശ ശക്തികളുടെ നേരിട്ടുള്ള അധീനതയിൽപ്പെട്ടിരുന്നില്ല, പകരം, വിശുദ്ധ റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായി 1719-ൽ പ്രിൻസിപ്പാലിറ്റിയായി (ഒരു രാജകുമാരനോ രാജകുമാരിയോ ഭരിക്കുന്ന രാജ്യം) സ്ഥാപിതമായി. 1806-ൽ വിശുദ്ധ റോമൻ സാമ്രാജ്യം പിരിച്ചുവിടുകയും നെപ്പോളിയൻ്റെ കോൺഫെഡറേഷൻ ഓഫ് റൈനിൽ ചേരുകയും ചെയ്തതോടെ ലിച്ചെൻസ്റ്റീൻ പരമാധികാരം നേടി. പിന്നീട് 1866-ൽ കോൺഫെഡറേഷൻ പിരിഞ്ഞതോടെ ലിച്ചെൻസ്റ്റീൻ പൂർണ സ്വാതന്ത്ര്യം നേടി.
ദക്ഷിണ കൊറിയയും ഉത്തര കൊറിയയും
1910 മുതൽ കൊറിയൻ ഉപദ്വീപ് മുഴുവൻ ജപ്പാന്റെ അധീനതയിലായിരുന്നു. കൊറിയയുടെ ദേശീയ വിമോചന ദിനം എന്നാണ് ഓഗസ്റ്റ് 15 അറിയപ്പെടുന്നത്. മുപ്പത്തിയഞ്ച് വർഷത്തെ ജപ്പാന്റെ കൊളോണിയൽ ഭരണത്തിന് ശേഷം 1945 ഓഗസ്റ്റ് 15 നാണ് കൊറിയ സ്വാതന്ത്രമാകുന്നത്. കൊറിയയിലെ ജപ്പാനീസ് അധിനിവേശം യുഎസും സോവിയറ്റ് പടയും ചേര്‍ന്ന അവസാനിപ്പിച്ച ദിവസമാണിത്. ജപ്പാന്റെ ഭരണത്തിന് വിവരമാം കുറിച്ച ദിവസമയത് കൊണ്ട് തന്നെ ജപ്പാന് മേലുള്ള വിജയ ദിനം എന്നും ഓഗസ്റ്റ് 15 അറിയപ്പെടുന്നു. കൊറിയൻ പ്രദേശം സഖ്യരാജ്യങ്ങൾ തമ്മിൽ വിഭജിക്കപ്പെട്ടു. 38-ാം അക്ഷാംശ രേഖയാണ് ഈ വിഭജന രേഖയായി നിശ്ചയിച്ചത്. 38-ാം അക്ഷാംശ രേഖയ്ക്കു വടക്കുള്ള ഭാഗം സോവിയറ്റ് യൂണിയന്റെ നിയന്ത്രണത്തിലായപ്പോൾ, തെക്കുള്ള ഭാഗം അമേരിക്കയുടെ അധീനതയിൽവന്നു. ഏകീകൃത കൊറിയ രൂപീകരിക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും, ശീതയുദ്ധകാലത്തെ രാഷ്ട്രീയ ഭിന്നതയും ആശയധാരാ സംഘർഷവും മൂലം അതെല്ലാം പരാജയെപ്പെടുകയായിരുന്നു. 1948-ൽ വടക്കിൽ ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയയും (ഉത്തര കൊറിയ) തെക്കിൽ റിപ്പബ്ലിക് ഓഫ് കൊറിയയും (ദക്ഷിണ കൊറിയ) രൂപപ്പെട്ടു. ദക്ഷിണ കൊറിയയും ഉത്തര കൊറിയയും ആജന്മശത്രുക്കളാണെങ്കിലും ഇരു രാജ്യങ്ങളും ഒരു പോലെ ആഘോഷിക്കുന്ന ഒരേയൊരു ദിനമാണ് ഓഗസ്റ്റ് 15.