
കേരളത്തിന്റെ സ്വാതന്ത്രസമരത്തിന്റെ ചരിത്രത്തിൽ ഓരോ മലയാളിക്കും ഏറെ അഭിമാനത്തോടെ പറയുവാൻ കഴിയുന്ന പേരുകളിൽ ഒന്നാണ് "കേരള ഗാന്ധി" എന്നറിയപ്പെട്ട കെ. കേളപ്പന്റേത് (K. Kelappan). സ്വാതന്ത്ര്യസമര സേനാനി, ഗാന്ധിയൻ, സാമൂഹ്യ പരിഷ്കർത്താവ്, വിദ്യാഭ്യാസപ്രവർത്തകൻ, രാഷ്ട്രീയനേതാവ് എന്നി നിലകളിൽ ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിൽ പ്രവർത്തിച്ചു കൊണ്ട് കേരളക്കരയിലെ ഒരിക്കലും മായാത്ത അടയാളം അദ്ദേഹം കുറിച്ചിരുന്നു. ദേശീയസ്വാതന്ത്ര്യസമരത്തോടൊപ്പം, കേരളത്തിന്റെ സാമൂഹ്യവ്യവസ്ഥയിൽ മാറ്റം വരുത്താനും ക്ഷേത്രപ്രവേശനത്തിനായുള്ള പോരാട്ടങ്ങളിലും മുൻനിരയിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. ബ്രിട്ടീഷ് ഭരണത്തെയും അനാചാരങ്ങളെയും ഒരുപോലെ വെല്ലുവിളിച്ച അദ്ദേഹത്തിന്റെ ജീവിതം, ഒരു യഥാർത്ഥ സത്യാഗ്രഹിയുടെ പ്രതിരൂപമായിരുന്നു.
കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യസമര പോരാളിയും, ഗാന്ധിയനും, സോഷ്യലിസ്റ്റു ചിന്തകനുമായിരുന്നു കെ. കേളപ്പൻ. നായർ സർവ്വീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റാണ് കേരളഗാന്ധി എന്നറിയപെടുന്ന കെ. കേളപ്പൻ നായർ. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സ്ഥാപകൻ കൂടിയാണ് അദ്ദേഹം. ചങ്ങനാശ്ശേരി സെൻറ്. ബർക്കുമാൻസ് സ്കൂളിൽ അധ്യാപകനായി കഴിയുന്ന കാലത്താണ് മന്നത്ത് പത്മനാഭനുമായി പരിചയപ്പെടുന്നത്. ഇതിലൂടെ അദ്ദേഹം നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകാംഗമായി മാറി. എൻ.എസ്.എസിന്റെ ആദ്യ ജനറൽ സെക്രട്ടറിയായി മന്നത്ത് പത്മനാഭനും ആദ്യ പ്രസിഡണ്ടായി കെ.കേളപ്പനും തിരഞ്ഞെടുക്കപ്പെട്ടു.
ബ്രിട്ടീഷ് ഭരണം ബഹിഷ്കരിക്കാൻ മഹാത്മാഗാന്ധി ആഹ്വാനം ചെയ്തപ്പോൾ കേളപ്പൻ തന്റെ ജോലി ഉപേക്ഷിച്ച് തന്റെ ജീവിതം മാതൃരാജ്യത്തിനായി ഉഴിഞ്ഞുവെയ്ക്കുവാൻ തീരുമാനിച്ചു. ഒരു വശത്ത് ഭാരതീയ സമൂഹത്തിലെ അനാചാരങ്ങൾക്ക് എതിരെയും മറുവശത്ത് ബ്രിട്ടീഷ് ഭരണത്തിന് എതിരായും അദ്ദേഹം പോരാടി. ഒരു മാതൃകാ സത്യാഗ്രഹിയായിരുന്നു അദ്ദേഹം. ഊർജ്ജസ്വലനായ വിപ്ലവകാരിയും സാമൂഹിക പരിഷ്കർത്താവും അധഃസ്ഥിതരുടെ നീതിക്കുവേണ്ടി പോരാടിയ പോരാളിയുമായിരുന്നു കേളപ്പൻ. മലബാർ ലഹളയുടെ (1921-ലെ മാപ്പിള ലഹള) കാലത്ത് ഒരുകൂട്ടം പൊന്നാനി ഖജനാവ് കൊള്ളയടിക്കുവാനെത്തി. ഇവരെ അവരുടെ തെറ്റ് പറഞ്ഞുമനസ്സിലാക്കി തിരിച്ചയക്കുവാൻ കേളപ്പനു സാധിച്ചു. പയ്യന്നൂരിലെയും കോഴിക്കോട്ടെയും ഉപ്പു സത്യാഗ്രഹങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. ഗാന്ധിജിയുടെ വ്യക്തിഗതസത്യഗ്രഹ പ്രസ്ഥാനത്തിലേക്ക് അദ്ദേഹം തെരെഞ്ഞെടുത്ത ആദ്യത്തെ കേരളീയനായിരുന്നു കേളപ്പൻ. വൈക്കം സത്യാഗ്രഹത്തിൽ അദ്ദേഹം ഒരു പ്രധാന പങ്കുവഹിച്ചു. അതോടനുബന്ധിച്ച് തുടങ്ങിയ കോൺഗ്രസിന്റെ അയിത്തോച്ചാടന കമ്മിറ്റിയുടെ കൺവീനറായിരുന്നു കേളപ്പൻ.
1931-ലെ ഗുരുവായൂർ സത്യാഗ്രഹത്തിന്റെ നേതാവ് കേളപ്പനായിരുന്നു. ഒരു വർഷത്തോളം ഗുരുവായൂർ ക്ഷേത്രത്തിനരികിൽ സത്യഗ്രഹികളുടെ ക്യാമ്പ് നടന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിച്ച് സർവോദയ പ്രസ്ഥാനത്തിൽ ചേർന്നു. കേരള സർവോദയ സംഘം, കേരള ഗാന്ധി സ്മാരക നിധി, കേരള സർവോദയ മണ്ഡൽ, കോഴിക്കോട് ഗാന്ധി പീസ് ഫൗണ്ടേഷൻ തുടങ്ങിയ കേരളത്തിലെ മിക്കവാറും എല്ലാ ഗാന്ധിയൻ സംഘടനകളുടെയും അദ്ധ്യക്ഷനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇതിലുപരി കേരള സംസ്ഥാനത്തിന്റെ രൂപവത്കരണത്തിൽ അദ്ദേഹം ഒരു വലിയ പങ്കുവഹിച്ചു. ഗാന്ധിജിയുടെ ജീവിതവും ആദർശങ്ങളും കേരളത്തിലെ ജനങ്ങൾ അറിഞ്ഞത് ഒരു വലിയ അളവുവരെ കേളപ്പനിലൂടെയായിരുന്നു. 1971 ഒക്ടോബർ 7-നു അദ്ദേഹം അന്തരിച്ചു.
ബ്രിട്ടീഷ് അധിനിവേശത്തെയും സമൂഹത്തിലെ അനീതികളെയും ഒരുപോലെ നേരിട്ട അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഒരിക്കലും മറക്കുവാൻ സാധിക്കുകയില്ല. ഇന്ത്യ വീണ്ടും ഒരു സ്വാതത്ര്യ ദിനം ആഘോഷിക്കുമ്പോൾ കേരളഗാന്ധിയെയും നാം അനുസ്മരിക്കേണ്ടതാണ്. രാജ്യത്തിനും സാമൂഹിക ക്ഷേമത്തിന് വേണ്ടിയും മാറ്റിച്ച കെ കേളപ്പന്റെ ജീവിതം ഒരു മഹാഗാഥയാണ്. ദേശസ്നേഹത്തിൻ്റെയും അഹിംസയുടെയും മാതൃകയായി, വരും തലമുറകൾക്ക് പ്രചോദനമായി കേരള ഗാന്ധി നിന്നും ഓരോ ദേശസ്നേഹിയിലുടെ അമർത്യനായി ജീവിക്കുന്നു.