
സ്വാതന്ത്ര്യസമരത്തിന്റെ അനേക ആയിരം അധ്യായങ്ങൾക്കിടയിൽ, ഓരോ ഇന്ത്യക്കാരന്റെയും ഉള്ളിൽ ദേശിയ വികാരത്തെയും ഐക്യത്തെയും ഉണർത്തിയത് നമ്മുടെ ദേശീയ പതാകയാണ്. എല്ലാ വർഷവും ഓഗസ്റ്റ് 15 ന് ഡൽഹിയിലെ ചെങ്കോട്ടയിൽ ദേശീയപതാക ഉയരുമ്പോൾ, ഓരോ ഇന്ത്യക്കാരന്റെയും മനസ്സിലേക്ക് ഓടിയെത്തുന്നത് 1947 ഓഗസ്റ്റ് 15 ആണ്. രണ്ടു നൂറ്റാണ്ടോളം ഇന്ത്യയെ അടിച്ചമർത്തിയ ബ്രിട്ടീഷ്ഭരണത്തിന് അവസാനം കുറിച്ച് കൊണ്ട് 1947 ഓഗസ്റ്റ് 15 ന് ചെങ്കോട്ടയിൽ ആദ്യമായി ത്രിവർണ പതാക ഉയർന്നു പൊങ്ങി. നമ്മുടെ മനോഹരമായ ദേശിയ പതാകയ്ക്കും പറയാനുണ്ട് ദീർഘമായ ഒരു ചരിത്രം.
ദേശീയ പതാകയുടെ ചരിത്രം
1906: കൊൽക്കത്തയിലെ പാർസി ബഗാൻ സ്ക്വയറിൽ ആദ്യത്തെ ഇന്ത്യൻ ദേശീയ പതാക ഉയർത്തിയിരുന്നു. സ്വദേശി പ്രസ്ഥാനത്തെയും ബ്രിട്ടീഷ് വസ്തുക്കൾക്കെതിരായ ചെറുത്തുനിൽപ്പിനെയും ഈ പതാക പ്രതീകപ്പെടുത്തി. താമരപ്പൂക്കളും ചന്ദ്രക്കലയും ഉൾപ്പെടെയുള്ള വിവിധ ചിഹ്നങ്ങളോടെ പച്ച, മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള തിരശ്ചീന വരകൾ പതാകയിൽ ഉണ്ടായിരുന്നു.
1907: സ്റ്റുട്ട്ഗാർട്ടിൽ നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഗ്രസിൽ മാഡം ബിക്കാജി കാമ 1906 ലെ സ്വദേശി പ്രസ്ഥാനത്തിന് ഭാഗമായി ഉടലെടുത്തത് പതാകയുടെ രണ്ടാം പതിപ്പ് എന്ന വണ്ണം മറ്റൊരു പതാക ഉയർത്തുകയുണ്ടായി. ഇത് വിദേശത്ത് ഉയർന്ന ആദ്യത്തെ ഇന്ത്യൻ പതാകയായി ചരിത്രത്തിൽ ഇടം നേടി. ബെർലിൻ കമ്മിറ്റി പതാക എന്നറിയപ്പെടുന്ന ഈ പതാകയുടെ മുകളിൽ ഓറഞ്ച് വരയും താമരയ്ക്ക് പകരം നക്ഷത്രങ്ങളുമാണ് ഉണ്ടായിരുന്നത്. ചുവന്ന വരയ്ക്ക് പകരം പച്ച നിറവും, ചന്ദ്രക്കലയും, സൂര്യനും, നക്ഷത്രവും മായിരുന്നു.
1917: ഹോം റൂൾ പ്രസ്ഥാനത്തിനിടെ, ആനി ബസന്റും ബാലഗംഗാധര തിലകും ഒമ്പത് തിരശ്ചീന വരകളുള്ള ഒരു പതാകയും, പതാകയുടെ ഒരത്തായി ബ്രിട്ടീഷ് യൂണിയൻ ജാക്കിനെയും (യുണൈറ്റഡ് കിംഗ്ഡത്തിന്റെ ദേശീയ പതാക) ഉൾകൊള്ളുന്ന ഒരു പതാക അനാച്ഛാദനം ചെയ്തു. നക്ഷത്രങ്ങളും ചന്ദ്രക്കലയും ഉൾപ്പെട്ട ഈ പതാക കൊളോണിയൽ ഭരണത്തിന് കീഴിൽ കൂടുതൽ സ്വയംഭരണത്തിന്റെ ആവശ്യകതയെ പ്രതിഫലിപ്പിച്ചു.
1921: സ്വാതന്ത്ര്യസമരത്തിനായി ഒരു ദേശീയ പതാക രൂപകൽപ്പന ചെയ്യാൻ ഗാന്ധിജി പിംഗളി വെങ്കയ്യയോട് ആവശ്യപ്പെട്ടു. സ്വാശ്രയത്വത്തെയും പുരോഗതിയെയും പ്രതിനിധീകരിക്കുന്നതിനാൽ പതാകയിൽ ഒരു 'ചർക്ക' കൂടി ഉണ്ടായിരിക്കണം എന്ന് ആവശ്യപ്പെടുന്നു. തുടർന്ന് ഗാന്ധിജി ആവശ്യപ്പെട്ടതിന് അനുസരിച്ച് ചർക്ക ഉൾപ്പെടുത്തി കൊണ്ട് പതാക പണിതീർക്കുന്നു. ഈ പതാക സ്വരാജ് പതാക, ഗാന്ധി പതാക, ചർക്ക പതാക എന്നീ പേരുകളിൽ അറിയപ്പെട്ടു.
1931: 1931-ൽ കറാച്ചിയിൽ പതാകയിൽ മാറ്റങ്ങൾ വരുത്തുന്നതിനായി ഏഴ് അംഗ പതാക സമിതി രൂപീകരിച്ചു, അവർ ഒരു പുതിയ ഡിസൈൻ നൽകി. പിംഗളി വെങ്കയ്യയുടെ പതാകയിൽ മാറ്റങ്ങൾ വരുത്തി, നിലവിലുള്ള ദേശീയ പതാകയോട് വളരെ സാമ്യമുണ്ടായിരുന്നു മാറ്റങ്ങൾ വരുത്തിയ പതാകയ്ക്ക്. മധ്യഭാഗത്തുള്ള ചർക്കയ്ക്ക് പകരം ധർമ്മ ചക്രം സ്ഥാപിക്കുകയായിരുന്നു.
1947: സ്വാതന്ത്ര്യലബ്ധിക്കുശേഷം, രാജേന്ദ്ര പ്രസാദിന്റെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി പതാകയ്ക്ക് അന്തിമ രൂപകൽപ്പന വരുത്തുകയായിരുന്നു. വെങ്കയ്യയുടെ പതാകയുടെ മാതൃക സ്വീകരിച്ചു കൊണ്ട്, പക്ഷേ ചർക്കയ്ക്ക് പകരം നിയമത്തിന്റെയും നീതിയുടെയും പ്രതീകമായ ധർമ്മ ചക്രം സ്ഥാപിക്കുകയായിരുന്നു.
ഇന്ന് നമ്മുടെ ദേശീയ പതാക ഉയരുമ്പോൾ, അത് സ്വാതന്ത്ര്യത്തിന്റെയും ഐക്യത്തിന്റെയും ജനാധിപത്യത്തിന്റെയും മഹത്തായ പ്രതീകമായി കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയങ്ങളെ ഒരുമിപ്പിക്കുന്നു.