
ദക്ഷിണാഫ്രിക്കയിൽ അഭിഭാഷകനായി സേവനം അനുഷ്ഠിച്ചിരുന്ന കാലത്താണ് സത്യാഗ്രഹം എന്ന സമരമാർഗം ഗാന്ധിജി രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്. ഇതിനാലാണ് ദക്ഷിണാഫ്രിക്കയെ 'ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണ ശാല' എന്നു വിശേഷിപ്പിക്കുവാൻ പ്രധാന കാരണം. "ഏതു തരത്തിലുള്ള പീഡനത്തേയും അടിച്ചമർത്തലിനേയും നേരിടാൻ തയ്യാറാകുന്ന സത്യാഗ്രഹി സ്വായത്തമാക്കേണ്ടിയിരിക്കുന്നത് ആത്മനിഷ്ഠമായ ശക്തിയാണ്"- ഇത് ഗാന്ധിജിയുടെ വാക്കുകളാണ്.
ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ അമരക്കാരനായിത്തീർന്ന ഗാന്ധിജി 30 വർഷത്തോളം ഇന്ത്യൻ ജനതയ്ക്ക് വേണ്ടി സ്വാതന്ത്ര്യ സമര യത്നങ്ങളെ നയിച്ച്. അഹിംസയുടെ രാജ്യത്തെ പൂർണസ്വരാജിലേക്ക് നയിക്കുക എന്നതിയിരുന്നു ഗാന്ധിജിയുടെ ലക്ഷ്യം.
സത്യാഗ്രഹമെന്ന സമരമാർഗം തെരഞ്ഞെടുത്ത ഗാന്ധിജി അതിന്റെ ആയുധമാക്കിയത് സത്യവും അഹിംസയുമായിരുന്നു. സത്യവും അഹിംസയും ഒരേ നാണയത്തിന്‍റെ രണ്ടുവശങ്ങളാണെന്ന് ഗാന്ധിജി നമ്മെ പഠിപ്പിച്ചു. സത്യമാണ് തന്‍റെ ലക്ഷ്യമെന്നും അതിലേക്കുള്ള മാർഗമാണ് അഹിംസയെന്നും ഗാന്ധിജി അനുയായികൾക്ക് അറിവ് പകർന്ന് നൽകി. ഗാന്ധിജിയുടെ ഈ ദർശനം മുന്നോട്ടുവെക്കുന്നതാണ് അദ്ദേഹത്തിന്‍റെ ആത്മകഥയായ "എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ" എന്ന പുസ്തകം.