78 വർഷങ്ങൾക്ക് മുമ്പ്: 1947 ഓഗസ്റ്റ് 15 ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ജന്മം കൊണ്ടു; രാജ്യം ആദ്യത്തെ സ്വാതന്ത്ര്യദിനം ആഘോഷിച്ചത് എങ്ങനെ എന്ന് അറിയാം|India's First Independence Day

India's First Independence Day
Published on

"അർദ്ധരാത്രിയുടെ മണി മുഴങ്ങുമ്പോള്‍, ലോകം ഉറങ്ങുന്ന സമയത്ത്, ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണര്‍ന്നുയരും"- സ്വതന്ത്ര ഇന്ത്യയെ അഭിസംബോധന ചെയ്തുകൊണ്ട് ജവഹർലാൽ നെഹ്‌റു നടത്തിയ പ്രസംഗത്തിലെ ചില വാചകങ്ങൾ ആണ് ഇവ. ലോകം നിദ്രയിലേക്ക് അമരുമ്പോൾ ഇന്ത്യ എന്ന മഹാരാജ്യം പിറവി കൊള്ളുന്നു. 1947 ഓഗസ്റ്റ് 15 ന് ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യം ജന്മം കൊണ്ടു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് 79 വർഷങ്ങൾ പിന്നിടുമ്പോൾ, നമ്മുടെ രാജ്യം ആദ്യമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചതിനെ കുറിച്ച് അറിയാം. (India's First Independence Day)

1947 ആഗസ്റ്റ് 15-ന് അർദ്ധരാത്രി, രണ്ടു നൂറ്റാണ്ടോളം നീണ്ടു നിന്ന ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് വിരാമമായി. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്നും സ്വതന്ത്രമായി ഇന്ത്യ. അനവധി ത്യാഗങ്ങളുടെയും അനന്തമായ പോരാട്ടങ്ങളുടെയും ഫലമായ ഒടുവിൽ ഇന്ത്യ പിറവി കൊണ്ടു. ഒന്നാം ലോക മഹായുദ്ധത്തോടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് കൂടുതൽ ശക്തി പ്രാപിച്ചു. ബ്രിട്ടീഷ് ഭരണം പതിയെ പതിയെ ഇന്ത്യയിൽ അടിപതറുവാൻ തുടങ്ങി. മഹാത്മാ ഗാന്ധിയുടെ അഹിംസാ പ്രസ്ഥാനവും, സുഭാഷ് ചന്ദ്രബോസിന്റെ വിപ്ലവാത്മക നേതൃത്വവും, ജവഹർലാൽ നെഹ്രു, ശരോജിനി നായിഡു, ആനി ബെസന്റ്, അറുണ ആസഫ് അലി തുടങ്ങിയ നേതാക്കളുടെ ശ്രമങ്ങളും ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചു. എണ്ണിയാൽ ഒടുങ്ങാത്ത നേതാക്കൾ ഇന്ത്യയുടെ പിറവിക്കായി അഹോരാർത്ഥം പരിശ്രമിച്ചു. രണ്ടാം ലോക മഹായുദ്ധത്തോടെ പൂർണമായും ബ്രിട്ടൻ ക്ഷയിക്കുന്നു. ഇതേ കാലയളവിലാണ് ശക്തമായ പ്രക്ഷോഭങ്ങൾ ബ്രിട്ടീഷ് ഭരണത്തിനെതിരെ ഇന്ത്യയിൽ അരങ്ങേറുന്നത്.

1947 ന്റെ തുടക്കത്തിൽ, 1948 ജൂണോടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുമെന്ന് അന്നത്തെ ബ്രിട്ടീഷ് പ്രധാന മന്ത്രി ക്ലെമന്റ് ആറ്റ്ലി വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യയുടെ അവസാന വൈസ്രോയി ആയിരുന്ന മൗണ്ട് ബാറ്റൺ പ്രഭു ആ തീയതി 1947 ഓഗസ്റ്റ് 15 ആയി മാറ്റുകയായിരുന്നു.

ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യദിനം

1947 ഓഗസ്റ്റ് 14 ന് അർദ്ധരാത്രിയിൽ സ്വതന്ത്ര രാജ്യത്തിന്റെ പിറവിയെ അടയാളപ്പെടുത്തി കൊണ്ട് യൂണിയൻ ജാക്കിന് (യുണൈറ്റഡ് കിംഗ്ഡത്തിന്റെ ദേശീയ പതാക) പകരം ഇന്ത്യൻ ത്രിവർണ്ണ പതാക പാറി പറന്നു. നെഹ്‌റുവും മറ്റു പ്രധാന നേതാക്കളും പാർലമെന്റിലെ ഭരണഘടനാ അസംബ്ലി ഹാളിൽ എത്തിച്ചേരുന്നു. അവിടെ വച്ച് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി എന്ന നിലയിൽ നെഹ്‌റു ചുമതലയേൽക്കുന്നു. തുടർന്ന് ഇവിടെ വച്ചാണ് 20 -ാം നൂറ്റാണ്ടിലെ മഹത്തായ പ്രഭാഷണങ്ങളിലൊന്നായി അറിയപ്പെടുന്ന  'വിധിയുമായുള്ള കൂടിക്കാഴ്ച' പ്രസംഗം നടത്തിയത്.

ദീര്‍ഘകാലം മുമ്പ് വിധിയുമായി നാം ഒരു സന്ധിയുണ്ടാക്കി, പൂര്‍ണമായിട്ടോ മുഴുവനായ അളവിലോ അല്ലെങ്കിലും അതിന്റെ സാരാംശം ഉള്‍ക്കൊണ്ടുകൊണ്ട് ആ പ്രതിജ്ഞ നിറവേറ്റാനുള്ള സമയം ഇതാ ആഗതമായിരിക്കുന്നു. അർദ്ധരാത്രിയിൽ ലോകം ഉറങ്ങുമ്പോൾ, ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരും

ഇതായിരുന്നു ആ പ്രസം​ഗത്തിന്റെ തുടക്കം. തുടർന്ന് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്ത ധീരരെ അനുസ്മരിച്ച് കൊണ്ട് രണ്ടു മിനിറ്റ് മൗനം പാലിക്കുന്നു. രാജ്യത്തെങ്ങും ത്രിവർണ്ണ പതാക ഉയർന്നു പൊങ്ങി. രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുകയും എല്ലാ വധശിക്ഷകളും ജീവപര്യന്തം തടവായി കുറയ്ക്കുകയും ചെയ്തു. അതെ ദിവസം രാജ്യത്തെ എല്ലാ കശാപ്പുശാലകളും അടച്ചുപൂട്ടി. ഓഗസ്റ്റ് 15 ന് ഡൽഹിയിൽ പാർലമെന്റിനും രാഷ്ട്രപതി ഭവനും ചുറ്റും ഏകദേശം അഞ്ചു ലക്ഷത്തോളം ജനങ്ങൾ ഒത്തുകൂടി.

1947 ആഗസ്റ്റ് 15, ഒരു രാഷ്ട്രീയ വിജയം മാത്രമായിരുന്നില്ല അത് ഒരു ജനതയുടെ ദീർഘകാല സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു. ആ അർദ്ധരാത്രിയിൽ അടിമത്വത്തിൽ നിന്ന് ഇന്ത്യ സ്വയം ഭരണത്തിലേക്ക് ചുവടുവച്ചപ്പോൾ ഇന്ത്യക്ക് പിൽകാലത്ത് നേരിടേണ്ടി വന്നത് കനത്ത വെല്ലുവിളികളായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com