
ന്യൂഡൽഹി: 78ആം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷമുള്ള പ്രസംഗത്തിൽ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ സ്വപ്നം തുറന്നു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് നമുക്കൊപ്പം ഒളിംപിക്‌സിൽ ഇന്ത്യൻ പതാക ഉയരത്തിൽ പറത്തിയ യുവത ഉണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തെ 140 കോടി ജനങ്ങളുടെയും പേരിൽ താൻ അവരെ അഭിനന്ദിക്കുന്നതായി വ്യക്തമാക്കി.
ഇന്ത്യയുടെ ഒരു വലിയ സംഘം തന്നെ പാരാലിമ്പിക്‌സിൽ പങ്കെടുക്കാനായി വരും ദിവസങ്ങളിൽ പാരീസിലേക്ക് പുറപ്പെടുമെന്ന് അറിയിച്ച അദ്ദേഹം, അവർക്ക് വിജയാശംസകൾ നേരുന്നതായും കൂട്ടിച്ചേർത്തു.
വലിയ പരിപാടികള്‍ നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങളും കഴിവും ഉണ്ടെന്ന് ജി 20 ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ച ഇന്ത്യ തെളിയിച്ചതാണെന്ന് മോദി പറഞ്ഞു. അതിനാൽ തന്നെ 2036ലെ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുക എന്നത് നമ്മുടെ ഇപ്പോഴത്തെ സ്വപ്നമാണെന്നും, അതിനായുള്ള തയ്യാറെടുപ്പുകൾ നമ്മൾ ആരംഭിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.