
ഇന്ത്യയിലെ ഒരു പ്രധാന ഉത്സവമാണ് ഹോളി. രാജ്യമെമ്പാടുമുള്ള ആളുകൾ ഇത് ആഘോഷിക്കുന്നു. യഥാർത്ഥത്തിൽ 'ഹോളിക' എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. പിന്നീട് അത് ഹോളി എന്ന പേരിൽ ചുരുങ്ങി.
ഒരു പരമ്പരാഗത ഹിന്ദു ഉത്സവമായ ഹോളി, വസന്തത്തിന്റെ ആരംഭത്തെയാണ് സൂചിപ്പിക്കുന്നത്. രണ്ട് ദിവസങ്ങളിലായാണ് ഇത് ആഘോഷിക്കുന്നത്. ഫലഭൂയിഷ്ഠതയുടെയും നിറത്തിന്റെയും സ്നേഹത്തിന്റെയും ആഘോഷമാണ് ഹോളി. അതുപോലെ തിന്മയുടെ മേൽ നന്മയുടെ വിജയവുമാണ്. ഹോളി ഉത്സവ വേളയിൽ, ദൈവങ്ങൾ കണ്ണടയ്ക്കുന്നുവെന്നും പറയപ്പെടുന്നു. ഇന്ത്യയിൽ ഉത്ഭവിച്ച ഈ ഉത്സവം ഇപ്പോഴും ഒരു മതപരമായ ഉത്സവമായി വ്യാപകമായി ആഘോഷിക്കപ്പെടുന്നു. ലോകമെമ്പാടുമുള്ള പല സ്ഥലങ്ങളിലും ഇത് സ്വീകരിച്ചിട്ടുമുണ്ട്.
ഹോളിയുടെ ചരിത്രം
പുരാതന ഹിന്ദു പുരാണങ്ങളിൽ നിന്നാണ് ഹോളിയുടെ ഉത്ഭവം എന്നാണ് പറയപ്പെടുന്നത്. പുരാണത്തിൽ ഭക്തി, വിജയം, ബന്ധം പുതുക്കൽ എന്നീ കഥകളുമായി ഹോളി ഇഴ ചേർന്നിരിക്കുന്നു. ഹോളിയുമായി ബന്ധപ്പെട്ട ഏറ്റവും പ്രശസ്തമായ ഇതിഹാസങ്ങളിലൊന്നാണ് പ്രഹ്ലാദന്റെയും ഹോളികയുടെയും കഥ. ഇത് തിന്മയുടെ മേലുള്ള നന്മയുടെ വിജയത്തെ പ്രതീകപ്പെടുത്തുന്നു.
ഐതിഹ്യമനുസരിച്ച്, അസുര രാജാവായ ഹിരണ്യകശിപുവിന്റെ കഥയാണ്. രാജ്യത്തിലെ എല്ലാവരും തന്നെ മാത്രം ആരാധിക്കണമെന്ന് ഹിരണ്യകശിപു ആഗ്രഹിച്ചു. എന്നാൽ, അദ്ദേഹത്തിന്റെ മകൻ പ്രഹ്ലാദൻ ഹിന്ദു ദേവനായ വിഷ്ണുവിന്റെ പരമ ഭക്തനായിരുന്നു. വിഷ്ണുവിനെ ആരാധിക്കുന്നതിൽ തൻ്റെ ജീവിതം അർപ്പിച്ചിരുന്നു. ഇത് ഹിരണ്യകശിപുവിന് സഹിച്ചില്ല. മകന്റെ അചഞ്ചലമായ ഭക്തി ഇല്ലാതാക്കാൻ ഹിരണ്യകശിപു പ്രഹ്ളാദനെ പല രീതിയിലും പീഡിപ്പിച്ചു. അവസാനം പ്രഹ്ലാദനെ വധിക്കാൻ തീരുമാനിച്ചു. ഇതിനായി ഹിരണ്യകശിപു തന്റെ സഹോദരി ഹോളികയുടെ സഹായം തേടി.
അഗ്നിദേവൻ സമ്മാനിച്ച ഒരു മേലങ്കി അവളുടെ കൈവശമുണ്ടായിരുന്നു. ഈ വസ്‌ത്രമണിഞ്ഞാൽ അഗ്നിക്കിരയാകില്ലെന്ന വരം ഹോളികയ്ക്കു ലഭിച്ചിരുന്നു. അവർ പ്രഹ്ലാദനെയും കൈകളിലെടുത്തു അഗ്നിയിലേക്കിറങ്ങി. എന്നാൽ, ''ധർമ്മത്തിന്റെ രക്ഷയ്ക്കോ സഹജീവികളുടെ രക്ഷയ്ക്കോ വേണ്ടി അഗ്നിയിൽ പ്രവേശിക്കുമ്പോഴേ വരത്തിനു ശക്‌തിയുണ്ടാവൂ'' എന്ന കാര്യം ഹോളിക മനസ്സിലാക്കിരുന്നില്ല. അവൾ തീയിൽ വെന്തു ചാരമായി. വിഷ്ണുവിന്റെ അനുഗ്രഹത്താൽ പ്രഹ്ലാദൻ പൊള്ളൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടു. ഹിരണ്യകശ്യപുവിനെ പിന്നീട് വിഷ്ണുവിന്റെ അവതാരമായ നരസിംഹം കൊലപ്പെടുത്തി. ഇത് തിന്മയുടെ മേലുള്ള നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്നു.
തിന്മയുടെ മേൽ നന്മ വിജയം നേടിയത് ആഘോഷിക്കാൻ ഹോളിയുമായി ബന്ധപ്പെട്ടു ഹോളികയെ കത്തിക്കുന്ന ചടങ്ങുണ്ട്. ഹോളിയുടെ തലേ രാത്രിയിലാണ് ഈ ചടങ്ങ്. വൈഷ്ണവ ക്ഷേത്രങ്ങളിൽ (വിശേഷിച്ചു നരസിംഹ ക്ഷേത്രങ്ങളിൽ) ഈ ദിവസം വളരെ വിശേഷമാണ്.
കൃഷ്ണനും അമ്പാടി ഗോപസ്‌ത്രീയായ രാധയുമായി ബന്ധപ്പെട്ടാതാണ് ഹോളിയുടെ മറ്റൊരു കഥ. കൃഷ്ണൻ രാധ ദേവിയുമായി പ്രണയത്തിലായി. എന്നാൽ, തൻ്റെ നീല നിറമുള്ള ചർമ്മം കാരണം രാധ തന്നെ സ്നേഹിക്കില്ലെന്ന് കൃഷ്ണൻ ഭയപ്പെട്ടു. ബാലനായ കൃഷ്ണൻ തനിക്കു മാത്രം കാർമേഘത്തിന്റെ നിറം എങ്ങനെ ലഭിച്ചുവെന്നു വളർത്തമ്മയായ യശോദയോടു ചോദിച്ചു. രാധയും മറ്റു ഗോപസ്‌ത്രീകളും വെളുത്തിരിക്കുന്നത് എന്തുകൊണ്ടാണെന്നും കൃഷ്ണൻ ആരാഞ്ഞു. യശോദ കൃഷ്ണനു ഒരു ഉപായം പറഞ്ഞുകൊടുത്തു. രാധയുടെ ദേഹത്ത് കൃഷ്ണനു ഇഷ്ടമുള്ള നിറങ്ങൾ കലക്കിയൊഴിക്കുക എന്നതായിരുന്നു അത്. കൃഷ്ണൻ അങ്ങനെ ചെയ്‌തു. ഹോളിയിൽ നിറങ്ങൾ വാരിവിതറുന്നത് കൃഷ്ണന്റെ ഈ കഥയുമായി ബന്ധപ്പെട്ടാണെന്നാണ് വിശ്വാസം. ശ്രീ കൃഷ്ണ ക്ഷേത്രങ്ങളിൽ ഹോളി ദിവസം ദർശനം നടത്തുന്നത് വളരെ ശ്രേഷ്ഠമാണ്.
കാലക്രമേണ, ഹോളി അതിന്റെ പുരാണ ഉത്ഭവങ്ങളിൽ നിന്ന് മാറി, ഋതുക്കളുടെയും വസന്തകാലത്തിന്റെയും ആഘോഷമായി പരിണമിച്ചു. നൂറ്റാണ്ടുകൾ കടന്നപ്പോൾ, ഹോളി ഹിന്ദു പുരാണങ്ങൾക്കപ്പുറം ഇന്ത്യയുടെ വിവിധ പ്രാദേശിക, സാംസ്കാരിക പാരമ്പര്യങ്ങളിൽ നിന്നുള്ള ഘടകങ്ങൾ ഉൾക്കൊണ്ട് അതിന്റെ പ്രാധാന്യം മതപരമായ അതിരുകൾക്കപ്പുറത്തേക്ക് എത്തിനിൽക്കുന്നു.