
രാജ്യമെമ്പാടും ആളുകൾ വളരെ ആഡംബരത്തോടെയാണ് ഹോളി ആഘോഷിക്കുന്നതും ആസ്വദിക്കുന്നതും. ഹോളി ഉത്സവത്തിന് മാറ്റ് കൂട്ടാൻ ഗുജിയ, മാൽപുവ, ദഹി ഭല്ലെ തുടങ്ങിയ നിരവധി രുചികരമായ വിഭവങ്ങൾ ആളുകൾ തയ്യാറാക്കുന്നു. ഹോളി ഉത്സവത്തിന്റെ പ്രധാനപ്പെട്ട ഭക്ഷണങ്ങൾ
തണ്ടായി
ഹോളി ആഘോഷത്തിന് അനുയോജ്യമായ ഒരു പാനീയമാണ് തണ്ടായി. ഇതിൽ ഉണങ്ങിയ നട്സും സുഗന്ധവ്യഞ്ജനങ്ങളും ചേർത്തിരിക്കും.
തണ്ടായിക്കുള്ള ചേരുവകൾ
പാൽ - ½ ലിറ്റർ
പഞ്ചസാര - 3 ടേബിൾസ്പൂൺ
അലങ്കരിക്കാൻ ചെറുതായി അരിഞ്ഞ പിസ്ത, കുങ്കുമപ്പൂവ്
വെള്ളം - ½ കപ്പ്
റോസ് എസെൻസ്
ബദാം / ബദാം - 20 എണ്ണം
കശുവണ്ടി - 15 എണ്ണം
പോപ്പി വിത്തുകൾ / ഖുസ് ഖുസ് / കസ കസ - 1 ടീസ്പൂൺ
പെഞ്ചീരകം വിത്തുകൾ / സോമ്പു / സോൻഫ് - 1 ടീസ്പൂൺ
കുരുമുളക്, - ½ ടീസ്പൂൺ
ഏലയ്ക്ക - 5 എണ്ണം
ഉണ്ടാക്കുന്ന വിധം
പാൽ പഞ്ചസാര ചേർത്ത് തിളപ്പിച്ച് തണുപ്പിക്കുക. 2 ടേബിൾസ്പൂൺ പാലിൽ കുങ്കുമപ്പൂ കുതിർത്ത് മാറ്റി വയ്ക്കുക. ഒരു പാത്രത്തിൽ ബദാം, കശുവണ്ടി, പോപ്പി വിത്തുകൾ, പെരുംജീരകം, കുരുമുളക്, ഏലം എന്നിവ എടുത്ത് അതിലേക്ക് ½ കപ്പ് ചൂടുവെള്ളം ഒഴിച്ച് 15 മിനിറ്റ് കുതിർക്കുക. ഇത് ഒരു ബ്ലെൻഡറിൽ എടുത്ത് നന്നായി കുഴയ്ക്കുക. ഈ മിശ്രിതം പാലിലേക്ക് ഒഴിച്ച് ഒരു ടേബിൾസ്പൂൺ കുങ്കുമപ്പൂ പാൽ ചേർത്ത് നന്നായി ഇളക്കുക. ഇത് 15 മിനിറ്റ് നേരം വയ്ക്കുക. ശേഷം അരിച്ചെടുത്ത് ബാക്കിയുള്ള കുങ്കുമപ്പൂവും പാലും റോസ് എസ്സെൻസും ചേർക്കുക. ഇത് ഒരു മണിക്കൂർ തണുപ്പിക്കുക. പിസ്തയും കുങ്കുമപ്പൂവും ചേർത്ത് അലങ്കരിച്ച് വിളമ്പുക.
ദഹി ഭല്ല (ദഹി ബഡ)
എരിവും പുളിയും സുഗന്ധവ്യഞ്ജനങ്ങളും ചേർന്ന ഈ വിഭവം എല്ലാവർക്കും പ്രിയപ്പെട്ടതാണ്. ദഹിയിൽ മുക്കിയ ഭല്ലെ, വറുത്ത സുഗന്ധവ്യഞ്ജനങ്ങൾ വിതറി, മധുരവും പുളിയും എരിവും കലർന്ന ചട്ണിക്കൊപ്പം വിളമ്പുന്നു. ഇത് ആഘോഷത്തിൽ പ്രധാനപ്പെട്ട വിഭവമാണ്.
ആവശ്യമായ സാധനങ്ങൾ
ഉഴുന്ന് പരിപ്പ് , ഉപ്പ്, തൈര്, സുഗന്ധവ്യഞ്ജനങ്ങൾ
തയ്യാറാക്കുന്ന വിധം
ഉഴുന്ന് പരിപ്പ് (ഉഴുന്ന്) രാത്രി മുഴുവൻ കുതിർത്ത് വയ്ക്കുക. പിറ്റേന്ന് ഉപ്പ് ചേർത്ത് നല്ലവണ്ണം അരച്ചെടുക്കുക. ശേഷം ഇതിനെ ചെറിയ ചെറിയ ഉരുളകളാക്കി എണ്ണയിൽ വറുത്തെടുക്കണം. ഒരു സെർവിംഗ് പ്ലേറ്റ് എടുത്ത്, ഭല്ലയുടെ കുറച്ച് കഷണങ്ങൾ വച്ച് , ദഹി, സുഗന്ധവ്യഞ്ജനങ്ങൾ, നിങ്ങൾക്കിഷ്ടപ്പെട്ട ചട്ണി എന്നിവ ചേർത്ത് കഴിക്കുക.
പുരൺ പോളി
മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഒരു പരമ്പരാഗത ഇന്ത്യൻ മധുരമുള്ള ഫ്ലാറ്റ്ബ്രെഡാണ്. ഉത്സവങ്ങളിലും പ്രത്യേക അവസരങ്ങളിലും, പ്രത്യേകിച്ച് ഹോളി, ദീപാവലി, ഗുഡി പദ്വ, ഗണേശ ചതുർത്ഥി എന്നീ സമയത്ത് തയ്യാറാക്കുന്ന ഒരു ജനപ്രിയ വിഭവമാണിത്.
പയറ്, ശർക്കര അല്ലെങ്കിൽ പഞ്ചസാര എന്നിവ ഉപയോഗിച്ചാണ് ഈ മധുരപലഹാരം തയ്യാറാക്കുന്നത്. പുരൺ പോളി എന്നത് ഒരു മഹാരാഷ്ട്ര പദമാണ്. അക്ഷരാർത്ഥത്തിൽ ഇത് വിവർത്തനം ചെയ്താൽ പുരൺ = സ്റ്റഫിംഗ്, പോളി = റൊട്ടി എന്നാണ് അർത്ഥമാക്കുന്നത്. ചുരുക്കത്തിൽ, ഗോതമ്പ് റൊട്ടിയിൽ മധുരമുള്ള പയറ് സ്റ്റഫിംഗ് ചെയ്തുണ്ടാക്കുന്നതാണിത്. രുചിക്കു വേണ്ടി ധാരാളം നെയ്യ് ചേർക്കുന്നു.
ആവശ്യമായ സാധനങ്ങൾ
ഗോതമ്പ് മാവ്, പയർ, ശർക്കര, ഏലയ്ക്കാപ്പൊടി, ജാതിക്ക, നെയ്യ്
തയ്യാറാക്കുന്ന വിധം
പയർ കഴുകി വൃത്തിയാക്കി ഏകദേശം 2 മണിക്കൂർ കുതിർക്കാൻ വെയ്ക്കുക. കുതിർത്ത പയർ പുഴുങ്ങി എടുക്കണം. ഇതിനെ ശർക്കരയോടൊപ്പം ഒരു പാനിലേക്ക് മാറ്റി സ്റ്റൗ മീഡിയം തീയിൽ വച്ച് ഉരുക്കി ലയിപ്പിക്കണം. ഈ മിശ്രിതത്തിലേക്ക് കുങ്കുമപ്പൂവ് ചേർത്ത് നന്നായി ഇളക്കുക. ശർക്കര ഉരുകാൻ തുടങ്ങുമ്പോൾ, മിശ്രിതം ദ്രാവകമായി മാറും. മിശ്രിതം പാനിൽ പറ്റിപ്പിടിക്കാതിരിക്കാൻ ഇളക്കുന്നത് തുടരുക, കരിഞ്ഞു പോകാതിരിക്കാൻ വശങ്ങളും അടിഭാഗവും നല്ലവണ്ണം ഇളക്കണം. മിശ്രിതം കട്ടിയാകുന്നതുവരെ ഇളക്കണം. ഇതിലെ വെള്ളമെല്ലാം വറ്റി കട്ടിയാകുന്നതുവരെ ഇളക്കികൊടുക്കണം.
അതിനുശേഷം സ്റ്റൗ ഓഫ് ചെയ്ത് ഏലയ്ക്കാപ്പൊടിയും ജാതിക്ക പൊടിയും ചേർത്ത് നന്നായി ഇളക്കുക. ശേഷം ഇതിനെ തണുക്കാൻ അനുവദിക്കുക.
ഒരു പാത്രത്തിൽ ഗോതമ്പ് മാവും ആവശ്യത്തിന് ഉപ്പും എണ്ണയും ചേർത്ത് നല്ലവണ്ണം ഇളക്കുക. തുടർന്ന് വെള്ളം ചേർത്ത് മാവ് പരോട്ട പരുവത്തിൽ കുഴച്ചെടുക്കണം. ഇതിനുശേഷം ഒരു ടീസ്പൂൺ എണ്ണ ഒഴിച്ച് കുഴച്ച് മാവ് മിനുസപ്പെടുത്തുക. മൂടിവെച്ച് 15 മിനിറ്റ് വയ്ക്കുക.
തണുത്ത മിശ്രിതത്തെ ഉരുളകളാക്കി മാറ്റുക. കുഴച്ചുവച്ചിരിക്കുന്ന മാവും ഉരുളകളാക്കുക. ശേഷം മാവ് ചപ്പാത്തിക്ക് പരത്തുന്നതുപോലെ പരത്തിയശേഷം അതിനകത്ത് മിശ്രിതത്തിന്റെ ഉരുള വച്ച് രണ്ടും കൂടി ഒരു ബോൾ രൂപത്തിലാക്കിയിട്ട് വീണ്ടും പരത്തി എടുക്കുക. ശേഷം ഒരു തവ അല്ലെങ്കിൽ അടിഭാഗം കട്ടിയുള്ള ചട്ടിയിൽ ഇട്ട് ഇതിന്റെ രണ്ടുവശവും നല്ലവണ്ണം വേവിക്കണം. ഒരുഭാഗം വെന്തു കഴിയുമ്പോൾ നെയ്യ് ഒഴിച്ച് കൊടുക്കണം. എന്നിട്ട് തിരിച്ചിട്ട് വീണ്ടും നെയ്യ് ഒഴിച്ച് വേവിച്ചെടുക്കണം. നെയ്യാണ് ഇതിന്റെ സ്വാദ് കൂട്ടുന്നത്.