
സമത്വത്തിന്റെ പ്രമേയം പഠിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ഉത്സവമാണ് ഹോളി. ജാതി, സംസ്കാരം, മതം എന്നീ വ്യത്യാസങ്ങളില്ലാതെ ആളുകൾ ഹോളി ആഘോഷിക്കാൻ ഒത്തുചേരുന്നു. ഭഗവാൻ കൃഷ്ണൻ ജനിച്ച ഇന്ത്യയിൽ, ഹോളി ആഘോഷം 16 ദിവസം വരെ നീണ്ടുനിൽക്കും. തിന്മയുടെ മേൽ നന്മ നേടിയ വിജയത്തിന്റെ പ്രതീകം കൂടിയാണ് ഹോളി. നിറങ്ങളുടെയും പ്രണയത്തിന്റെയും വസന്തത്തിന്റെയും ഉത്സവം എന്നും അറിയപ്പെടുന്ന ഹോളി ഉത്സവം തലേദിവസം രാത്രി മുതലാണ് ആരംഭിക്കുന്നത്.
ഇന്ത്യയിലും നേപ്പാളിലും ആഘോഷിക്കപ്പെട്ടിരുന്ന ഹോളി ഉത്സവം ഇന്ന് ലോകമെമ്പാടുമുള്ള നിരവധി പ്രദേശങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. ഫിലിപ്പീൻസ്, ഗയാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, മൗറീഷ്യസ്, ബാഴ്‌സലോണ, ഫിജി, യുകെ, യുഎസ്എ, കാനഡ എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങൾ ഉൾപ്പെടെ മറ്റ് രാജ്യങ്ങളെല്ലാം ഹോളി ഉത്സവം ആഘോഷിക്കുന്നുണ്ട്.
ഹോളി ആഘോഷിക്കുന്ന വിധം
ആദ്യ ദിവസം - ഹോളിക ദഹൻ
ഉത്സവത്തിന്റെ തലേന്ന്, സാധാരണയായി സൂര്യാസ്തമയത്തിനു ശേഷം, നടക്കുന്ന ഒരു ആചാരം ഉണ്ട്. ദുഷ്ടാത്മാക്കളെ കത്തിക്കുന്നതിന്റെ പ്രതീകമായി വലിയ ചിതകൾ ഒരുക്കുന്നു. മരം, ഉണങ്ങിയ ഇലകൾ, അവശിഷ്ടങ്ങൾ, ചില്ലകൾ എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ചിതക്ക് തീ കൊളുത്തി കുടുംബങ്ങൾ തീയ്ക്ക് ചുറ്റും നൃത്തം ചെയ്യുകയും പാടുകയും, സന്തോഷം, സ്നേഹം, സമൃദ്ധി എന്നിവയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
രണ്ടാം ദിവസം - രംഗ്വാലി ഹോളി
പിറ്റേന്ന്, പൗർണമി ദിവസം ആഘോഷത്തിനും വിനോദത്തിനും ഉല്ലാസത്തിനും വേണ്ടിയുള്ളതാണ്. ആളുകൾ അവരുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സന്ദർശിച്ച് ഹോളി ആശംസിക്കുകയും മധുരപലഹാരങ്ങൾ, സമ്മാനങ്ങൾ കൈമാറുകയും പരസ്പരം മുഖത്ത് നിറങ്ങൾ പൂശുകയും ചെയ്യുന്നു. അന്നേ ദിവസം മുഴുവൻ, ആളുകൾ തെരുവിലിറങ്ങി പരസ്പരം നിറമുള്ള പൊടികൾ വാരി വിതറുകയും വാട്ടർ ഗൺ പോരാട്ടങ്ങൾ നടത്തുകയും, പാടുകയും, നൃത്തം ചെയ്യുകയും, പരസ്പരം തമാശകൾ പറയുകയും ചെയ്യുന്നു.
ഭഗവാൻ കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയത്തെയാണ് ഉത്സവം പ്രതീക്കപ്പെടുത്തുന്നത്. എല്ലാവർക്കും അവരുടെ എല്ലാ ഇല്ലായ്മകളും ദുഃഖങ്ങളും മറന്ന് മെച്ചപ്പെട്ട ജീവിതരീതിക്കായി ജീവിതത്തിൽ പുതിയ മാറ്റങ്ങൾ സ്വീകരിക്കാനുള്ള ഒരു ദിവസം കൂടിയാണിത്. ഹോളിയുമായി ബന്ധപ്പെട്ട ശബ്ദകോലാഹലങ്ങളും വർണ്ണാഭമായ വിനോദവും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും വികാരത്തെ സൂചിപ്പിക്കുന്നു.