
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിൽ ഹരിയാനയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിന്‍റെ വിജയമാണെന്നും ഗീതയുടെ ഭൂമിയിൽ മൂന്നാം തവണയും താമര വിരിഞ്ഞെന്നും മോദി പറഞ്ഞു. സത്യവും വികസനവുമാണ് ഹരിയാനയിൽ വിജയിച്ചത്. എല്ലാ ജാതി, മത വിഭാഗങ്ങളും ബി.ജെ.പിക്ക് വോട്ട് ചെയ്തെന്നും മോദി വ്യക്തമാക്കി.
ജനം ബി.ജെ.പിക്ക് ദീർഘകാല പിന്തുണ പ്രഖ്യാപിക്കുന്നു. വീണ്ടും വീണ്ടും ബി.ജെ.പിയെ ജനങ്ങൾ തെരഞ്ഞെടുക്കുന്നു. കോൺഗ്രസിന് തിരിച്ചുവരാൻ ജനങ്ങൾ അവസരം നൽകുന്നില്ലെന്ന് മോദി പരിഹസിച്ചു. കോൺഗ്രസ് അധികാരം ജന്മാവകാശമായി കാണുന്നു. ജാതിയുടെ പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിലെ ജയത്തിന് നാഷണൽ കോൺഫറൻസിനെ മോദി അഭിനന്ദിച്ചു. ജമ്മു കശ്മീരിൽ ഏറ്റവും കൂടുതൽ വോട്ട് വിഹിതം ലഭിച്ചത് ബി.ജെ.പിക്കാണെന്നും മോദി ചൂണ്ടിക്കാട്ടി.