
ചണ്ഡീഗഢ്: തെരഞ്ഞെടുപ്പ് ഗോദയിൽ എതിരാളിയെ മലർത്തിയടിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട് നേടിയ വിജയത്തിന് ഇരട്ടിമധുരം. കോൺഗ്രസിൽ ചേർന്ന വിനേഷിന് ജുലാനയിൽ മത്സരിക്കാൻ പാർട്ടി ടിക്കറ്റ് നൽകുകയായിരുന്നു. ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ ബി.ജെ.പി നേതാവും മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ സിങ്ങിനും സംഘ്പരിവാറിനുമേറ്റ കനത്ത തിരിച്ചടി കൂടിയാണ് കോൺഗ്രസ് ടിക്കറ്റിൽ വിനേഷ് നേടിയ വിജയം.
ജയിച്ചിട്ടും വിനേഷിനെതിരെ അധിക്ഷേപവും പരിഹാസവും ആവർത്തിച്ച് ബ്രിജ് ഭൂഷൺ വീണ്ടും രംഗത്തെത്തി. ഗുസ്തി താരങ്ങൾ തനിക്കെതിരെ പ്രതിഷേധിച്ചിട്ടും ജാട്ട് ആധിപത്യമുള്ള മണ്ഡലങ്ങളിൽ ബി.ജെ.പിയുടെ സ്ഥാനാർഥികൾക്ക് ജയിക്കാനായെന്ന് ഭൂഷൺ പറഞ്ഞു. 'ഗുസ്തിക്കാരുടെ പ്രതിഷേധത്തിൽ പങ്കെടുത്ത, ഏറെ ചർച്ച ചെയ്യപ്പെട്ട ഗുസ്തിക്കാർ ഹരിയാനയുടെ ഹീറോകളല്ല. അവർ എല്ലാ ജൂനിയർ ഗുസ്തി താരങ്ങളെ സംബന്ധിച്ചും വില്ലന്മാരാണ്. വിനേഷ് ഫോഗട്ട് ജയിക്കാൻ എന്‍റെ പേര് ഉപയോഗിച്ചെങ്കിൽ അവരെ വിജയിക്കാൻ സഹായിച്ച മഹാനാണ് ഞാൻ. അവൾ വിജയിച്ചു പക്ഷേ, കോൺഗ്രസ് തോറ്റു. അവൾ എവിടെപ്പോയാലും നാശമായിരിക്കും ഫലം' -ബ്രിജ് ഭൂഷൺ പറഞ്ഞു.