
ന്യൂഡല്‍ഹി: ഹരിയാനയിലെ തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തില്‍ കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടിയാണെന്നും സംവരണം അവസാനിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പ്രതിജ്ഞയെടുത്തിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കോണ്‍ഗ്രസ് ജനങ്ങളെ ധ്രുവീകരിക്കുകയാണ്. അവര്‍ ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കുമുള്ള സംവരണം അവസാനിപ്പിക്കും. ഹരിയാന അവരുടെ പരീക്ഷണ സംസ്ഥാനമാണെന്നും എന്നാല്‍ മോദിയും ബി.ജെ.പിയും ഉള്ളിടത്തോളം ആര്‍ക്കും സംവരണം അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും പല്വാളില്‍ നടന്ന പൊതുസമ്മേളനത്തില്‍ മോദി പറഞ്ഞു.
കോണ്‍ഗ്രസിന് ഒരൊറ്റ അജണ്ടയേ ഉള്ളൂ, 'അര്‍ബന്‍ നക്സല്‍' അജണ്ട. അതുകൊണ്ടാണ് അവര്‍ സായുധസേനയെ ആക്രമിക്കുകയും ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരുമെന്ന് പറയുകയും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.