
ന്യൂഡൽഹി: ഹരിയാനയിൽ വോട്ടിങ് യന്ത്രങ്ങളുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ നൽകി കോൺഗ്രസ്. വെള്ളിയാഴ്ചയാണ് പാർട്ടി ഇക്കാര്യത്തിൽ കൂടുതൽ പരാതി നൽകിയത്. 20 നിയമസഭ മണ്ഡലങ്ങളിലെ സ്ഥാനാർഥികളാണ് പരാതി നൽകിയത്.
99 ശതമാനം ചാർജുള്ള വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേട് നടത്തിയെന്നാണ് കോൺഗ്രസ് പരാതികളിൽ ആരോപിക്കുന്നത്. ഒക്ടോബർ ഒമ്പതിന് വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പരാതി നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ വിശദമായ പരാതിയാണ് തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ സംബന്ധിച്ച് കമീഷന് സമർപ്പിച്ചിരിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ കുറിച്ചു.