
ചണ്ഡീഗഢ്: ലോക്സഭ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ ഹരിയാനയിൽ വൻ സുരക്ഷാ വീഴ്ച. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് സംസ്ഥാനത്തെത്തിയപ്പോഴാണ് സംഭവം നടന്നത്. രാഹുലിന്റെ വാഹനവ്യൂഹത്തിന് സമാന്തരമായി ബൈക്കിൽ കുറുവടിയുമായി ഒരാൾ സഞ്ചരിക്കുകയായിരുന്നു. ഹരിയാനയിലെ ഗ്രാമപ്രദേശങ്ങളിൽ ആളുകൾ കൊണ്ടുപോകുന്ന കുറുവടിയാണ് ബൈക്ക് യാത്രികന്റെ കൈയിലുള്ളത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് അരികിലൂടെയാണ് മോട്ടോർ സൈക്കിൾ ഓടിക്കുന്നത്. മുൻവശത്തുള്ള വാഹനത്തിൽ രാഹുൽ ഗാന്ധി ഇരിക്കുന്നത് വിഡിയോയിൽ കാണാം. രാഹുൽ ഗാന്ധി ആളുകൾക്ക് നേരെ കൈവീശി കാണിക്കുന്നുണ്ട്.