
നമ്മളിൽ പലരും കൈയിൽ കൊണ്ട് നടക്കുകയും ആവശ്യം വന്നാൽ മറുത്തൊന്നും ചിന്തിക്കാതെ കഴിക്കുകയും ചെയ്‌യുന്ന ഒരേയൊരു മരുന്നാണ് പാരസെറ്റമോൾ(Paracetamol). എന്നാൽ ഈ പാരസെറ്റമോളിന് നമ്മുടെ ജീവിതത്തെ തന്നെ ഇല്ലാതാക്കാൻ കഴിയും. പുതിയ പഠനങ്ങൾ പറയുന്നത് പാരസെറ്റമോൾ കൂടുതലായി കഴിക്കുന്നത് ശരീരത്തിന് വളരെ ദോഷകരമാണെന്നാണ്.
പാരസെറ്റമോളിന്റെ അമിതമായ ഉപയോഗവും, പാരസെറ്റമോൾ മദ്യം പോലുള്ള ലഹരിപദാര്ഥങ്ങളോടൊപ്പം കഴിക്കുന്നതും നമ്മുടെ ആന്തരികാവയവങ്ങളെ ഗുരുതരമായി ബാധിക്കും. ശരീരം രോഗത്തിന്റെ സൂചനകൾ കാണിക്കുമ്പോഴേക്കും മറ്റൊന്നും ചിന്തിക്കാതെ പാരസെറ്റമോൾ കഴിക്കുന്നത് രോഗം മറഞ്ഞിരിക്കാൻ കാരണമാകും. പാരസെറ്റമോൾ അമിതമായി കഴിക്കുന്നത് മരുന്ന് പ്രോസസ് ചെയ്യാനുള്ള കരളിന്റെ കഴിവിനെ കുറയ്ക്കുന്നുവെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇത് കരൾ രോഗത്തിന് വരെ കാരണമാകുമത്രേ.
സ്ഥിരമായുള്ള പാരസെറ്റമോളിന്റെ ഉപയോഗം വൃക്കകളെയും മോശകരമായി ബാധിക്കുന്നു. വൃക്കകളുടെ പ്രവർത്തനങ്ങളെ ഇത് തകരാറിലാക്കാൻ സാദ്ധ്യതയുണ്ട്. മാത്രമല്ല; അമിതമായ അളവിൽ പാരസെറ്റമോൾ കഴിക്കുന്നത് വയറ്റിൽ അസ്വസ്ഥത, ഓക്കാനം, ദഹനനാളത്തിൽ രക്തസ്രാവം എന്നിവയ്ക്ക് കാരണമാകുന്നു. വെറും വയറ്റിൽ ഇത് കഴിക്കുന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കും.
ചിലർ വേദന സംഹാരികളായും പാരസെറ്റമോൾ ഉപയോഗിക്കുന്നുണ്ട്. ശരീര വേദന കുറയ്ക്കാൻ പാരസെറ്റമോൾ ഉപയോഗിക്കുന്നത് വഴി കാലക്രമേണ തലവേദന കൂടുകയും മരുന്ന് കഴിക്കാതെ അവയെ പ്രതിരോധിക്കാൻ കഴിയാതെയും വരുന്നു. അമിതമായി പാരസെറ്റമോൾ കഴിച്ചാൽ മാനസികാവസ്ഥയെയും വെെകാരിക ക്ഷേമതയും അത് ബാധിക്കും. പാരസെറ്റമോൾ പതിവായി കഴിക്കുന്നത് ആസ്ത്മ, ശ്വാസകോശ പ്രശ്നങ്ങൾ എന്നിവയ്ക്കും കാരണമാകുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.