This Content Is Only For Subscribers
ചന്ദ്രനാഥ് പർവ്വത മുകളിൽ ആകാശവും ഭൂമിയും ഒരുപോലെ തഴുകി ഉണർത്തുന്ന ഒരു ക്ഷേത്രമുണ്ട്. പതിറ്റാണ്ടുകളുടെ പാരമ്പര്യം പേറി ഹിമവാൻ്റെ മാറിലെ ചന്ദനപൊട്ടായി നിലകൊള്ളുന്ന തുംഗനാഥ് ശിവ ക്ഷേത്രം (Tungnath Shiva Temple). വിശേഷണങ്ങളും സവിശേഷതകളും ഏറെയാണ് തുംഗനാഥ് ശിവക്ഷേത്രത്തിന്. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രം എന്ന തലക്കെട്ടും ഈ ക്ഷേത്രത്തിന് സ്വന്തമാണ്. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ ചന്ദ്രനാഥ് പർവ്വത നിരയിലാണ് ക്ഷേത്ര സ്ഥാനം.
ലോകത്ത് തന്നെ ഏറ്റവും ഉയരത്തിലിരിക്കുന്ന ശിവക്ഷേത്രമാണ് തുംഗനാഥ്.
സമുദ്രനിരപ്പിൽ നിന്നും 3860 മീറ്റർ(12,073 അടി) ഉയരത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവക്ഷേത്രങ്ങളിലെ പഞ്ചകേദാരങ്ങളിലും ഏറ്റവും ഉയരത്തിലുള്ളത് തുംഗനാഥ് ക്ഷേത്രമാണ്. തുംഗനാഥ് എന്ന വാക്കിൻ്റെ അർത്ഥവും ഏറ്റവും ഉയരത്തിലുള്ള ദേവൻ എന്നാണ്. കുരുക്ഷേത്ര യുദ്ധത്തിന് ശേഷം പാണ്ഡവർ ഈ ക്ഷേത്രം നിർമ്മിച്ചുവെന്നാണ് ഐതിഹ്യം. ക്ഷേത്രത്തിന് ഏകദേശം 1000 വർഷത്തെ പഴക്കം ഉണ്ടെന്ന് പറയപ്പെടുന്നു.
മനോഹരമായ ചോപ്ത തുംഗനാഥ് ട്രക്കിൻ്റെ ഭാഗമാണ് ഈ ക്ഷേത്രം, വിശാലമായ കാഴ്ചകൾക്കും ശാന്തമായ ചുറ്റുപാടുകൾക്കും ഏറെ പ്രശസ്തമാണ് ചോപ്ത. തുംഗനാഥ് ക്ഷേത്രത്തിന് ചുറ്റുമുള്ള മഞ്ഞ് മൂടിയ പർവ്വതനിരകൾ, ക്ഷേത്രത്തിന് ചുറ്റും ഒരു മാന്ത്രിക വലയം സൃഷ്ടിക്കുന്നു. വടക്ക് ദർശനമായി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവനാണ്. അളകനന്ദ- മന്ദാകിനീ നദികൾ തീർത്ത താഴ്വരകളിൽ ഏറ്റവും ഉയരമുള്ള ചന്ദ്രശില കൊടുമുടിക്ക് താഴെയാണ് തുംഗനാഥ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ക്ഷേത്ര ഐതിഹ്യം
ക്ഷേത്ര നിർമ്മാണത്തിൻ്റെ ചരിത്രം പഞ്ച പാണ്ഡവന്മാരുമായി ബന്ധപ്പെട്ടിരിക്കുന്നു. ഐതിഹ്യമനുസരിച്ച്, കുരുക്ഷേത്രയുദ്ധത്തിനുശേഷം ശിവനോടുള്ള ആദരസൂചകമായി പാണ്ഡവർ നിർമ്മിച്ചതാണ് തുംഗനാഥ് ക്ഷേത്രം. കൗരവരെ യുദ്ധത്തിൽ വധിച്ചതിന് പരമശിവനോട് പാപമോചനം തേടാൻ പാണ്ഡവർ ആഗ്രഹിച്ചിരുന്നു. യുദ്ധം സർവ്വ വിനാശത്തിൽ കലാശിച്ചത് കൊണ്ട് ശിവൻ പാണ്ഡവരോട് കോപിക്കുകയും, പാപമോചനം നൽകുകയും ചെയ്തില്ല. അങ്ങനെ പാണ്ഡവരുടെ കണ്ണിൽ നിന്നും ഒളിക്കുവാനായി ശിവൻ കാളയുടെ രൂപം സ്വീകരിക്കുന്നു. എന്നാൽ ഇത് മനസ്സിലാക്കിയ പാണ്ഡവർ കാളയെ പിന്തുടർന്നു. കാളയുടെ വാലിൽ പിടിക്കുവാൻ ശ്രമിച്ചു, കാളയുടെ വാലിൽ പിടിച്ചപ്പോൾ കാളരൂപിയായ ശിവൻ അപ്രത്യക്ഷനായി. പക്ഷെ കാളയുടെ ശരീരഭാഗങ്ങൾ വിവിധ സ്ഥലങ്ങളിലായി വെളിപ്പെട്ടു. കൈകൾ തുംഗനാഥിലും, കൊമ്പ് കേദാർനാഥിലും, മുഖം രുദ്രനാഥിലും, നാഭി മധ്യമഹേശ്വരിലും, മുടി കൽപേശ്വരിലും പ്രത്യക്ഷപ്പെട്ടു. ഈ സ്ഥലങ്ങൾ അഞ്ച് കേദാര ക്ഷേത്രങ്ങളായി മാറി, ഇവിടെ ശിവനെ വ്യത്യസ്ത രൂപങ്ങളിൽ ആരാധിക്കുന്നു. രാവണൻ തപസ്സുചെയ്തത് തുംഗനാഥത്തിനു സമീപമുള്ള ചന്ദ്രശിലയിലാണെന്ന് ഒരു ഐതിഹ്യവും നിലവിലുണ്ട്.
നാഗര വാസ്തുവിദ്യാ ശൈലിയിലാണ് ക്ഷേത്രം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. അകത്തും പുറത്തും ഛായം പൂശിയ ഗോപുരങ്ങൾ ഉൾപ്പെടുന്ന ഈ ക്ഷേത്രം കല്ലുകൾ കൊണ്ട് നിർമ്മിച്ചിരിക്കുന്നു. ക്ഷേത്രത്തിൻ്റെ ഏറ്റവും ഉയർന്ന താഴികക്കുടത്തിൽ 16 ദ്വാരങ്ങളുള്ള മരം കൊണ്ട് പൂർത്തിയാക്കിയ ഒരു വേദിയുണ്ട്. ക്ഷേത്രത്തിൻ്റെ മേൽക്കൂര ശിലാഫലകങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, മനോഹരമായ കൊത്തുപണികളാലും മരപ്പണികളാലും സമ്പന്നമാണ് ഇവിടം. ക്ഷേത്രത്തിൻ്റെ ചുവരുകൾ പുരാതന ശിൽപങ്ങളും ഹൈന്ദവ ദേവതകളുടെയും പുരാണ കഥാപാത്രങ്ങളുടെയും അതിമനോഹരമായ കൊത്തുപണികളാൽ അലങ്കരിച്ചിരിക്കുന്നു. ക്ഷേത്രത്തിലെ ശിവ വിഗ്രഹത്തിന് കുറുകെയുള്ള പ്രവേശന കവാടത്തിൽ ഒരു നന്ദി പ്രതിഷ്ഠയും നിലകൊള്ളുന്നു. പുരാതന വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമാണ് തുംഗനാഥ് ശിവക്ഷേത്രം.
ക്ഷേത്ര ദർശന സമയം
ക്ഷേത്രം നല്ല ഉയരത്തിൽ സ്ഥിതിചെയ്യുന്നതിനാൽ ഒരു വർഷത്തിൽ ആറുമാസം മാത്രമേ ദർശനത്തിനായി ക്ഷേത്രം തുറക്കാറുള്ളൂ. ക്ഷേത്രം നവംബർ മാസത്തിൽ അടയ്ക്കുന്നു പിന്നെ ഏപ്രിൽ അല്ലെങ്കിൽ മെയ് മാസങ്ങളിൽ വീണ്ടും തുറക്കുന്നു. ക്ഷേത്രം അടച്ചിട്ടു കഴിഞ്ഞാൽ ഇവിടുത്തെ ശിവ വിഗ്രഹം തുംഗനാഥിൽ നിന്ന് 19 കിലോമീറ്റർ അകലെയുള്ള മുക്കുമത്ത് ക്ഷേത്രത്തിലേക്ക് മാറ്റി പ്രതിഷ്ഠിക്കുന്നു. ഭഗവാൻ തുംഗനാഥിൻ്റെ ശീതകാല ഇരിപ്പിടമായി മുക്കുമത്ത് ക്ഷേത്രം മാറുന്നു. ശൈത്യകാലത്ത്, ഈ പ്രദേശം പൂർണ്ണമായും മഞ്ഞുമൂടുന്നതിനാൽ ഭക്തർക്ക് ക്ഷേത്ര ദർശനം നടത്തുക എന്നത് അതികഠിനമാണ്.
Summary
Tungnath Temple, located in the Rudraprayag district of Uttarakhand, stands at an altitude of 3,680 metres as the highest Shiva temple in the world. It is the third of the sacred Panch Kedar shrines and is believed to be over 1,000 years old, with legends attributing its construction to the Pandavas. Accessible via a scenic 3.5 km trek from Chopta, the temple offers panoramic views of major Himalayan peaks and remains closed during the winter due to heavy snowfall.

