
മണലിൽ ചിത്രങ്ങൾ വരച്ചാൽ എങ്ങനെയുണ്ടാകും, അത് ഉയരത്തിൽ നിന്നും നോക്കുമ്പോൾ എന്ത് രസമായിരിക്കും. കാഴ്ച്ക്കാരിൽ ഏറെ കൗതുകം ഉണർത്തുന്നവയാണ് ഇവ. പെറുവിൽ കിലോമീറ്റർകണക്കിനു വ്യാപിച്ചു കിടക്കുന്ന മണലിൽ വരച്ച ചിത്രങ്ങളുണ്ട്, അത്ര സാധാരണമല്ല ഈ ചിത്രങ്ങൾ, ഒരുപാട് നിഗൂഢതകൾ നിറഞ്ഞ അസാധാരണമായ വലിപ്പത്തിലാണ് പെറുവിലെ ഈ മണൽ ചിത്രങ്ങൾ ഉള്ളത്.
പെറുവിലെ നാസ്ക മരുഭൂമിയുടെ വിശാലവും വിജനവുമായ വിസ്തൃതിയിൽ ലോകത്തിലെ ഏറ്റവും അസാധാരണമായ പുരാവസ്തു അത്ഭുതങ്ങളിലൊന്നാണ് നാസ്ക ലൈനുകൾ (Nazca Lines). മരുഭൂമിയിലെ മണലിൽ വരച്ച ഭീമാകാരമായ വരകൾ, ഇവ ചിത്രങ്ങളായി പരിണമിക്കുന്നു. ഒന്നോ രണ്ടോ അല്ല ഇത്തരം 700-ൽ അധികം ചിത്രങ്ങൾ. പെറുവിൻറെ തെക്ക് ഭാഗത്തുള്ള നാസ്ക മരുഭൂമിയിലെ കുന്നിൻചെരിവുകളിലാണ് നാസ്ക ലൈനുകൾ സ്ഥിതി ചെയ്യുന്നത്. കുന്നിൻചെരിവുകളിലൂടെ സഞ്ചരിക്കുമ്പോൾ ഈ ഭീമാകാരമായ വലിപ്പത്തിലുള്ള ചിത്രങ്ങൾ ഒരു പക്ഷെ ആർക്കും വ്യക്തമാകണമെന്നില്ല, എന്നാൽ ഇവയുടെ ആകാശ ദൃശ്യങ്ങൾ ആരെയും അമ്പരപ്പെടുത്തുന്നതാണ്. ആകാശ ദൃശ്യങ്ങളിലൂടെ മാത്രമെ ചിത്രങ്ങളെ കുറിച്ച് വ്യക്തമായി മനസ്സിലാക്കുവാൻ സാധിക്കുകയുള്ളു.
1, 000 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ഈ പുരാതന ജിയോഗ്ലിഫുകളിൽ (മണലിലെ പ്രത്യേക അടയാളങ്ങൾ)സങ്കീർണ്ണമായ പാറ്റേണുകളും ആകൃതികളും രൂപങ്ങളും അടങ്ങിയിരിക്കുന്നു. ജ്യാമിതീയരേഖകൾ മുതൽ മൃഗങ്ങളുടെയും സസ്യങ്ങളുടെയും മനുഷ്യന്റെയും ചിത്രീകരണങ്ങൾ, ചില ചിത്രങ്ങൾ അന്യഗ്രഹ ജീവികൾക്ക് സമാനമായതും ഇതിൽ ഉൾപ്പെടുന്നു. നാസ്ക ലൈനിലെ ചില ചിത്രങ്ങൾക്ക് ഏകദേശം 120 അടിയോളം നീളമുണ്ട്. ശെരിക്കും ആരാകും ഇത്രയും വലിപ്പത്തിൽ ഇത്രയേറെ ചിത്രങ്ങൾ വരച്ചിട്ടുണ്ടാവുക? പലരും പല വ്യാഖ്യാനങ്ങളാണ് നൽകിയിട്ടുള്ളത്. ചില ഗവേഷകർ വാദിക്കുന്നത് നാസ്ക ലൈനുകൾ അന്യഗ്രഹജീവികൾ വരച്ചതാണ് എന്നും, മറ്റുചില വിദഗ്ധർ ഈ വാദത്തെ പൂർണമായും തള്ളുകയും ചെയ്തിട്ടുണ്ട്.
1927 ൽ ടോറിബിയോ മെജിയ സെസ്പെ എന്ന പര്യവേക്ഷകനാണ് മരുഭൂമിയിലെ ഈ വിചിത്രമായ അടയാളങ്ങൾ ആദ്യമായി കണ്ടെത്തുന്നത്. ഇതിനു പിന്നാലെ നിരവധി പഠനങ്ങൾക്ക് നാസ്ക ലൈൻ വിധേയമായി. തുടർന്ന് ഈ ലൈനുകൾക്ക് 2000 വർഷത്തിലേറെ പഴക്കമുണ്ടെന്ന് കണ്ടെത്തി, നാസ്ക മരുഭൂമിയുടെ പല ഭാഗങ്ങളിൽ നിന്നും പുരാതന മനുഷ്യർ ഉപയോഗിച്ചിരുന്ന പലതരം വസ്തുക്കൾ ലഭിച്ചിരുന്നു. 1930-കളിൽ, വിമാന യാത്ര കൂടുതൽ വ്യാപകമായതോടു കൂടി ചിത്രങ്ങളുടെ വലിപ്പത്തെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായി. ഈ പ്രദേശത്തിന് മുകളിലൂടെ പറക്കുന്ന പൈലറ്റുമാർ ചിലന്തി, കുരങ്ങ്, ഹമ്മിംഗ് ബേർഡ് തുടങ്ങിയ മൃഗങ്ങളുടെ വലിയ ജിയോഗ്ലിഫുകൾ കണ്ടതായി റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. വർഷങ്ങൾ പിന്നിടും തോറും കണ്ടെത്തുന്ന ചിത്രങ്ങളുടെ എണ്ണം വർധിക്കുവാൻ തുടങ്ങി.
നാസ്ക ലൈനുകളിൽ ഭൂരിഭാഗവും 2,000 വർഷങ്ങൾക്ക് മുമ്പ് നാസ്ക സംസ്കാരത്തിലെ ആളുകൾ നിർമ്മിച്ചതാണ് എന്ന് കരുതപ്പെടുന്നു. ഇവയിൽ ചില ചിത്രങ്ങൾ 100 ബിസിയിൽ വരച്ചതാണെന്ന് കരുതപ്പെടുന്നു. എന്തിനാകും ഈ ചിത്രങ്ങൾ വരച്ചത് എന്ന് വ്യക്തമല്ല പക്ഷെ വർഷങ്ങളായി നിരവധി സിദ്ധാന്തങ്ങൾ ഇതിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഈ രേഖകൾക്ക് ജ്യോതിശാസ്ത്രപരമായ ഉദ്ദേശമുണ്ടായിരുന്നു എന്നതാണ് ഏറ്റവും വ്യാപകമായി അംഗീകരിക്കപ്പെട്ട സിദ്ധാന്തം. ഈ പ്രദേശം വരണ്ടതായതു കൊണ്ട് ദേവന്മാരെ പ്രീതിപ്പെടുത്തുവാൻ വേണ്ടി വരച്ചതാകാമെന്ന് മറ്റൊരു വിശദീകരണം. ഓരോ ചിത്രങ്ങൾക്കും ഓരോ നീളമാണ്, ഏറ്റവും വലിയ ചിത്രങ്ങൾ ഏകദേശം 1200 അടിയോളം നീളമുള്ളതാണ്.
2019-ലെ ഏറ്റവും പുതിയ കണ്ടെത്തൽ നാസ്ക ലൈനുകളിൽ പുതിയ വെളിച്ചം വീശുന്നു. ഡ്രോൺ സാങ്കേതികവിദ്യയും ഹൈ റെസല്യൂഷൻ സാറ്റലൈറ്റ് ഇമേജറിയും ഉപയോഗിച്ച് ഗവേഷകർ പുതിയ ജിയോഗ്ലിഫുകൾ കണ്ടെത്തി. ആദ്യകാലങ്ങളിൽ കണ്ടെത്തിയ ചിത്രങ്ങളെക്കാൾ പഴക്കമുള്ള ചിത്രങ്ങളാണ് പുതുതായി കണ്ടെത്തിയിരിക്കുന്നത്. ഏറ്റവും പഴക്കം ചെന്ന ചിത്രങ്ങളെ ടൈപ്പ് എന്നും, അത്രകണ്ട് പഴക്കം കുറഞ്ഞതിനെ ടൈപ്പ് എ എന്നുമാണ് വിശേഷിപ്പിക്കുന്നത്. ഇവയിൽ ഏറ്റവും ശ്രദ്ധേയമായ ഘടകം എന്തെന്നാൽ ഏറ്റവും പഴക്കം ചെന്നതിനു വലിപ്പം കുറവായിരിക്കും. ഏറ്റവും വലിപ്പമുള്ള ചിത്രം എ ടൈപ്പിൽ ഉൾപ്പെട്ടതാണ്.
നാസ്ക ലൈനുകളുടെ സംരക്ഷണം ഒരു തുടർച്ചയായ വെല്ലുവിളിയാണ്. ജിയോഗ്ലിഫുകൾ പ്രകൃതിദത്തവും മാനുഷികവുമായ ഭീഷണികൾക്ക് ഇരയാകുന്നു. ഭൂകമ്പങ്ങൾ, വെള്ളപ്പൊക്കം, മരുഭൂമിയിലെ കാറ്റ് മൂലമുണ്ടാകുന്ന മണ്ണൊലിപ്പ് എന്നിവപോലും പാതകളുടെ സമഗ്രതയെ ഭീഷണിപ്പെടുത്തുന്നു, അതേസമയം ടൂറിസവും അനധികൃത ഖനനവും അവയ്ക്ക് കേടുപാടുകൾ വരുത്തുന്നു. ഇത് പരിഹരിക്കുന്നതിന്, യുനെസ്കോയും പെറുവിയൻ സർക്കാരും സൈറ്റിലൂടെയുള്ള വിമാന ഗതാഗതം പരിമിതപ്പെടുത്തുന്നതും പ്രദേശത്തിന്റെ നിരീക്ഷണം വർദ്ധിപ്പിക്കുന്നതും ഉൾപ്പെടെ ലൈനുകളുടെ സംരക്ഷണം ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
എങ്ങനെയാണ് ആയിരക്കണക്കിന് വർഷം മുൻപ് മനുഷ്യർക്ക് ഇത്ര അസാധാരണമായ ചിത്രങ്ങൾ വരക്കുവാൻ സാധിച്ചത്, അതും ചുട്ടുപൊള്ളും മരുഭൂമിയിൽ. ബഹിരാകാശത്ത് നിന്ന് മാത്രം കാണാന്‍ കഴിയുന്ന തരത്തിൽ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രങ്ങളുടെ ഉള്ളടക്കം ഇപ്പോഴും ശാസ്ത്രത്തിനും അതീതമാണ്.