1922-ൽ ജർമ്മനിയിലെ ബവേറിയയിൽ നടന്ന ഹിൻ്റർകൈഫെക്ക് കൊലപാതകങ്ങൾ നൂറു വർഷങ്ങൾക്കിപ്പുറവും ലോകത്തെ ഞെട്ടിക്കുന്ന ഒരു ചുരുളഴിയാത്ത കഥയാണ്. മ്യൂണിക്കിന് വടക്കായി സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട ഒരു കൃഷിസ്ഥലമായിരുന്നു ഹിന്റർകൈഫെക്ക്. അവിടെ ഗ്രൂബർ കുടുംബത്തിലെ അഞ്ച് അംഗങ്ങളും അവരുടെ വേലക്കാരിയുമാണ് താമസിച്ചിരുന്നത്. 63 വയസ്സുള്ള ആൻഡ്രിയാസ് ഗ്രൂബർ, ഭാര്യ കാസിലിയ, അവരുടെ വിധവയായ മകൾ വിക്ടോറിയ, വിക്ടോറിയയുടെ മക്കളായ കാസിലിയ (7 വയസ്സ്), ജോസഫ് (2 വയസ്സ്) എന്നിവരായിരുന്നു ആ വീട്ടിലുണ്ടായിരുന്നത്. (The mysterious and frightening tale of the Hinterkaifeck murders)
കൊലപാതകത്തിന് മുൻപുള്ള വിചിത്ര സംഭവങ്ങൾ
കൊലപാതകം നടക്കുന്നതിന് മാസങ്ങൾക്ക് മുൻപ് തന്നെ അവിടെ ചില അസ്വാഭാവിക കാര്യങ്ങൾ സംഭവിച്ചിരുന്നു. ആ വീട്ടിൽ പ്രേതബാധയുണ്ടെന്ന് പറഞ്ഞ് പഴയ വേലക്കാരി ജോലി ഉപേക്ഷിച്ചു പോയി. മച്ചിൽ ആരോ നടക്കുന്നുണ്ടെന്നും വിചിത്രമായ ശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്നും അവർ വാദിച്ചു. മഞ്ഞുപുതച്ച പാടത്തുനിന്ന് വീടിന് നേരെ വരുന്ന കാൽപ്പാടുകൾ ആൻഡ്രിയാസ് കണ്ടു. എന്നാൽ തിരിച്ചുപോയ അടയാളങ്ങൾ എങ്ങുമുണ്ടായിരുന്നില്ല. വീടിന്റെ താക്കോലുകൾ പെട്ടെന്ന് കാണാതാവുകയും, ആരും വരാത്ത മച്ചിൽ വിചിത്രമായ പത്രങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്തു.
ആ ഭീകരമായ രാത്രി
പുതിയ വേലക്കാരിയായ മരിയ എത്തിയ അന്നുതന്നെയാണ് ഈ ക്രൂരകൃത്യം നടന്നത്. കൊലയാളി ഓരോരുത്തരെയായി തൊഴുത്തിലേക്ക് വിളിച്ചുവരുത്തി ഒരു പ്രത്യേകതരം കോടാലി ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തി എന്നാണ് കരുതപ്പെടുന്നത്. ആദ്യം ദമ്പതികളെയും മകളെയും കൊന്ന ശേഷം, കൊലയാളി അകത്തു കടന്ന് ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെയും വേലക്കാരിയെയും കൊലപ്പെടുത്തി.
കൊലപാതകം കഴിഞ്ഞ് നാല് ദിവസങ്ങൾക്ക് ശേഷമാണ് നാട്ടുകാർ വിവരമറിയുന്നത്. ഈ നാല് ദിവസവും കൊലയാളി ആ വീട്ടിൽ തന്നെ ഉണ്ടായിരുന്നു എന്നതാണ് ഏറ്റവും പേടിപ്പെടുത്തുന്ന വസ്തുത! വീടിന്റെ ചിമ്മിനിയിൽ നിന്ന് പുക ഉയരുന്നത് അയൽവാസികൾ കണ്ടിരുന്നു. ആരോ ആഹാരം പാകം ചെയ്ത് കഴിച്ചിരുന്നു. വീട്ടിലെ കന്നുകാലികൾക്ക് കൃത്യമായി തീറ്റ നൽകിയിരുന്നു. നാലാം ദിവസം സ്കൂളിൽ കുട്ടി വരാത്തതിനെ തുടർന്ന് അന്വേഷിച്ചു ചെന്നപ്പോഴാണ് രക്തത്തിൽ കുളിച്ച മൃതദേഹങ്ങൾ കണ്ടെത്തിയത്.
പ്രധാന സംശയങ്ങൾ
പോലീസ് നൂറുകണക്കിന് ആളുകളെ ചോദ്യം ചെയ്തെങ്കിലും ആരെയും പിടികൂടാനായില്ല. വിക്ടോറിയയുമായി ബന്ധമുണ്ടായിരുന്ന ലോറൻസ് എന്ന അയൽവാസിയെ പലരും സംശയിച്ചു. ഒന്നാം ലോകമഹായുദ്ധത്തിൽ മരിച്ചുവെന്ന് കരുതപ്പെട്ട വിക്ടോറിയയുടെ ഭർത്താവ് കാൾ തിരികെ വന്ന് പ്രതികാരം ചെയ്തതാണെന്ന് ചിലർ വിശ്വസിച്ചു. പണം ലക്ഷ്യം വെച്ചുള്ള കൊലപാതകമാണെന്ന് ആദ്യം കരുതിയെങ്കിലും, വീട്ടിലെ സ്വർണ്ണവും പണവും ഒന്നും നഷ്ടപ്പെട്ടിരുന്നില്ല.
ഇന്നും ആ കൊലയാളി ആരാണെന്നോ എന്തിനാണ് ആ കുടുംബത്തെ ഇത്ര ക്രൂരമായി കൊന്നതെന്നോ ആർക്കും അറിയില്ല. ആ വീട് പിന്നീട് പൊളിച്ചുനീക്കി, അവിടെ ഒരു സ്മാരകം പണിതു. ലോകത്തിലെ തന്നെ ഏറ്റവും വിചിത്രമായ 'അൺസോൾവ്ഡ് മിസ്റ്ററി'കളിൽ ഒന്നായി ഇത് ഇന്നും നിലനിൽക്കുന്നു..