
പെൺകുട്ടികളെ തേടിപ്പിടിച്ച് കൊലപ്പെടുത്തിയ സീരിയൽ കില്ലർ, ഇരകളെ കൊന്നതിന് ശേഷം ശവ ശരീരവുമായി ലൈംഗിക ബന്ധത്തിൽ വരെ ഏർപ്പെടുന്നു. അയാളുടെ കാമാസക്തി ഒടുങ്ങുമ്പോൾ ഇരയുടെ തല വെട്ടി മുറിച്ച് സ്വന്തം വീടിനുള്ളിൽ സൂക്ഷിക്കുന്നു. ഇന്നും അമേരിക്കൻ ജനത ഭീതിയോടെ മാത്രം ഓർക്കുന്ന "ടെഡ് ബണ്ടി" എന്ന (Ted Bundy) സീരിയൽ കില്ലറും, അയാൾ നടത്തിയ വേട്ടയുടെ കഥകളും ആരെയും ഭയപ്പെടുത്തുന്നതാണ്. ടെഡ് ബണ്ടിയെന്ന കൊലപാതകിയെ കുറിച്ച് അറിയാത്തവർ ചുരുക്കമാണ്. നിഷ്കളങ്കമായ പെരുമാറ്റത്തിലൂടെ തന്റെ ഇരകളെ തന്നിലേക്ക് അടുപ്പിക്കുന്ന, ലൈംഗികമായി ചുഷണം ചെയ്യുന്ന, കൊലപ്പെടുത്തുന്ന, ഒടുവിൽ അവരുടെ തല ശരീരത്തിൽ നിന്നും വെട്ടിമാറ്റി സൂക്ഷിക്കുന്ന ടെഡ് ബണ്ടിയുടെ വഞ്ചനയ്ക്ക് ഇരയായത് നൂറിലേറെ സ്ത്രീകളായിരുന്നു.
ആരാണ് ടെഡ് ബണ്ടി ?
1946 നവംബർ 24 ന് അമേരിക്കയിലെ വടക്ക് പടിഞ്ഞാറൻ പസഫിക് നഗരമായ വെർമോണ്ടിലായിരുന്നു ടെഡ് ബണ്ടിയെന്ന തിയോഡോർ റോബർട്ട് കോവലിന്റെ (Theodore Robert Cowell) ജനനം. ഒരു സാധരണ കുടുംബത്തിൽ ജനിച്ച് വളർന്ന ടെഡിന് അവന്റെ അച്ഛൻ ആരാണെന്ന് അറിയില്ലായിരുന്നു. ടെഡിന്റെ അമ്മ എലീനര്‍ ലൂയിസ് കോവൽ ടെഡിന് ജന്മം നൽകിയെന്നെ ഉണ്ടായിരുന്നുള്ളു. ടെഡിനെ വളർത്തിയതും പഠിപ്പിച്ചതും എല്ലാം തന്നെ എലീന്റെ മാതാപിതാക്കളായിരുന്നു. മുത്തശ്ശനും മുത്തശ്ശിയുമാണ് അവന്റെ മാതാപിതാക്കളെന്നും അമ്മ എലീനർ സഹോദരിയെന്നുമാണ് ടെഡ് കരുതിയിരുന്നത്. എന്നാൽ അധികം വൈകാതെ ടെഡ് തന്റെ ജനനവുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും മനസ്സിലാകുന്നു. അത്രയും നാൾ മൂത്ത സഹോദരിയെന്നു കരുതിയ സ്ത്രീ തന്നെയാണ് തന്റെ സ്വന്തം അമ്മ എന്ന വസ്തുത അവനെ ആകെ തളർത്തിയിരുന്നു. ടെഡ് എല്ലാം തിരിച്ചറിഞ്ഞപ്പോഴേക്കും എലീനിന്റെ വിവാഹം കഴിഞ്ഞിരുന്നു. ടെഡിന്റെ ആദ്യകാല ജീവിതവും എലീനയോടും രണ്ടനച്ഛനോടൊപ്പമായിരുന്നു.
അങ്ങനെ രണ്ടാനച്ഛന്റെ പേരിൽ നിന്നും ബണ്ടി എന്ന പേര് ടെഡ് സ്വീകരിക്കുന്നു. തന്റെ ജീവിതത്തിൽ തുടരെയുള്ള ദുരിതങ്ങൾക്ക് കാരണക്കാരി അമ്മയാണ് എന്ന് അവൻ വിശ്വസിച്ചിരുന്നു. ടെഡ് ബണ്ടിയുടെ കൗമാരക്കാലത്തെ കുറിച്ച് വ്യക്തമായ കഥകളൊന്നും തന്നെ ലഭ്യമല്ല. ചിലർ ബണ്ടിയെ നല്ലവൻ എന്ന് വിശേഷിപ്പിച്ചപ്പോൾ ചിലർ സാമൂഹിക വിരുദ്ധൻ എന്നും അഭിസംബോധന ചെയ്തിരുന്നു. എന്നിരുന്നാലും ഒരു രാജ്യത്തെ തന്നെ നടുക്കിയ കൊലപാതക്കിയെന്ന പരിവേഷത്തിലേക്ക് ടെഡ് ബണ്ടി മാറുവാൻ കാരണം എന്താണ് എന്നത് ഇന്നും വ്യക്തമല്ല. ഒരു പക്ഷെ സ്ത്രീകളെ മാത്രം വേട്ടയാടി കൊല്ലുവാൻ അയാളെ പ്രേരിപ്പിച്ചത് സ്വന്തം അമ്മയോടുള്ള തീർത്താൽ തീരാത്ത പകയാകാം.
കൊലപാതക പരമ്പരകളുടെ കാലം..
1974 ജനുവരി 4. അർദ്ധരാത്രിയോടെ വാഷിംഗ്ടൺ സർവ്വകലാശാലയിലെ വിദ്യാർത്ഥിനിയായ കാരൻ സ്പാർകിനെ (Karen Sparks) അവളുടെ മുറിക്കുള്ളിൽ ഗുരുതരമായി പരിക്കേറ്റ അവസ്ഥയിൽ കണ്ടെത്തുന്നു. രാത്രി തന്റെ മുറിയിൽ ഉറങ്ങി കിടന്ന കാരനെ ആരോ ലോഹകഷ്ണം കൊണ്ട് തലയിൽ അടിച്ച് പരിക്കേൽപ്പിക്കുന്നു. ഗുരുതരമായി പരിക്കേറ്റ കാരനെ പീഡിപ്പിക്കുന്നു. ലോഹ കഷ്ണം കൊണ്ട് തന്നെ അവളുടെ ശരീരത്തിൽ മുറിവുകൾ ഏൽപ്പിക്കുന്നു. ഇതോടെ കാഴ്ച്ചയും കേൾവിയും ഭാഗികമായി കാരന് നഷ്ടപ്പെടുന്നു.
ഫെബ്രുവരി 1. വാഷിംഗ്ടൺ സർവ്വകലാശാലയിലെ മറ്റൊരു വിദ്യാർത്ഥിനിയായ ലിൻഡ ആൻ ഹീലിയയെ (Lynda Ann Healy ) കാണാതെയാകുന്നു. ലിൻഡയെ കാണാതായ വിവരം സുഹൃത്തുക്കൾ പോലീസിനെയും ബന്ധുക്കളെയും അറിയിക്കുന്നു. പോലീസ് ലിൻഡ താമസിച്ചിരുന്ന അപ്പാർട്മെന്റിൽ പരിശോധന നടത്തുന്നു. ആദ്യമൊന്നും അസ്വാഭാവികമായി ഒന്നും തന്നെ അവിടെ നിന്നും കണ്ടെത്തുന്നില്ല. എന്നാൽ ലിൻഡയുടെ കിടക്ക പരിശോധിച്ചപ്പോൾ രക്തം പുരണ്ട ബെഡ്ഷീറ്റ് കണ്ടെത്തി. രക്തത്തിൽ പൊതിഞ്ഞ കൈ ഉറകളും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തുന്നു. ലിൻഡയുടെ മുറിയിൽ നിന്നും പുറത്തേക്ക് പോകുവാനുള്ള വാതിൽ തുറന്നു കിടക്കുന്നതും അവരുടെ ശ്രദ്ധയിൽപ്പെടുന്നു. അതോടെ പോലീസിന് മനസ്സിലാകുന്നു ഇത് വെറും തിരോധനമല്ലയെന്ന്.
1974 ന്റെ പകുതിയോളം ഓരോ മാസം ഓരോ പെൺകുട്ടികൾ എന്ന നിലയിൽ കാണാതെയാകുന്നു. പോലീസ് കാര്യമായ അന്വേഷണങ്ങൾ നടത്തിയെങ്കിലും പ്രതിയിലേക്കോ കാണാതായ പെൺകുട്ടികളിലേക്കോ എത്തിചേരുവാൻ അവർക്ക് സാധിച്ചിരുന്നില്ല. കാണാതായ പെൺകുട്ടികളിൽ പൊതുവായ ചില സാമ്യതകൾ ഉണ്ടായിരുന്നു. പെൺകുട്ടികളുടെ പ്രായം, നിറം, കാണാതായ സന്ദർഭം എന്നിവ ഒരുപോലെയായിരുന്നു. ഇവയെല്ലാം വിരൽ ചുണ്ടിയ വസ്തുത പെൺകുട്ടികളെ തട്ടികൊണ്ടുപോയത് ഒരു വ്യക്തിയോ അല്ലെങ്കിൽ ഒരു സംഘമോ ആകാം എന്നാണ്.
അപ്പോഴും ബണ്ടിയാണ് ഇതിനെല്ലാം പിന്നിൽ എന്ന് ആർക്കും അറിയില്ലായിരുന്നു. ടെഡ് ബണ്ടിയുടെ കൈയിൽ നിന്നും രക്ഷപ്പെട്ട ചില സ്ത്രീകൾ പോലീസിന് ഒരു സുപ്രധാന മൊഴി നൽകുന്നു: "പ്രതി എന്ന സംശയിക്കുന്ന വ്യക്തി ഒരു ഫോർഡ് വാഗൺ ബിറ്റ് കാറിലാണ് സഞ്ചരിക്കുന്നത്". എന്നാൽ, സി.സി.ടി.വി ഇല്ലാതിരുന്ന ആ കാലത്ത് ഒരു കാറിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുക എന്നത് അസാധ്യമായിരുന്നു.
ബണ്ടിയെന്ന കൊലയാളി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുവാനായി തിരഞ്ഞെടുത്തത് രാത്രികാലങ്ങളായിരുന്നു. ആദ്യമൊക്കെ കോളേജ് വിദ്യാർത്ഥികളെ മാത്രം ലക്ഷ്യമിട്ടിരുന്ന ബണ്ടി പതിയെ പതിയെ കൊച്ചു കുഞ്ഞുങ്ങളെ പോലും ലക്ഷ്യമിട്ടു. രാത്രിയെന്നത് പകലായി മാറി. പട്ടാപ്പകലും ഇരകളെ തേടി ബണ്ടി സഞ്ചരിച്ചു. വാഷിംൻഗ്ടണിൽ മാത്രമായിരുന്നില്ല യൂട്ടായിലും നിരവധി പെൺകുട്ടികളെ സമാന രീതിയിൽ കാണാതെയായി. ഫോർഡ് വാഗൺ ബിറ്റ് കാറിൽ കറങ്ങുന്ന ബണ്ടിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ വൈകാതെ പോലീസിന് ലഭിക്കുന്നു. ബണ്ടിയുടെ കൈയിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടികൾ നൽകിയ പരാതികൾ പ്രകാരം ആറടിയോളം പൊക്കമുള്ള ഒരു വെളുത്ത പുരുഷനാണ് പെൺകുട്ടികളുടെ തിരോധാനത്തിന് പിന്നിൽ എന്ന് തെളിയുന്നു. കൊലപാതകങ്ങള്‍ ചെയ്ത വ്യക്തിയുടെ രേഖാചിത്രം തയ്യാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും അന്വേഷണം ശക്തമാകുന്നു. സമയം വൈകുംതോറും കൊലയാളി പുതിയ ഇരയെ തേടി പോകുമെന്ന് പോലീസിനും ഉറപ്പായിരുന്നു.
ബണ്ടി പോലീസ് പിടിയിൽ
1975 ഓഗസ്റ്റ് 16. സംശയാസ്പദമായ സാഹചര്യത്തിൽ ബണ്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. തങ്ങൾ അന്വേഷിക്കുന്ന മോഷണക്കേസിലെ പ്രതിയാകുമെന്ന് കരുതിയാണ് അവർ ആദ്യം ബണ്ടിയെ ചോദ്യം ചെയ്യുന്നത്. എന്നാൽ ബണ്ടി സഞ്ചരിച്ചിരുന്ന കാർ പരിശോധിച്ചപ്പോൾ മാസ്‌ക്, ചുറ്റികയ്ക്ക് സമാനമായ ഉപകരണങ്ങള്‍, ടോര്‍ച്ച്, ഗ്ലൗസ്, കൈവിലങ്ങുകള്‍, പ്ലാസ്റ്റിക് കയറുകള്‍, ബാഗുകള്‍ മുതലായ വസ്‌തുക്കൾ കണ്ടെടുക്കുന്നു. പോലീസിന്റെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിച്ച ബണ്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. കാരോള്‍ ഡാറോഞ്ച് എന്ന പെൺകുട്ടിയെ തട്ടികൊണ്ട്പോകാൻ ശ്രമിച്ച കേസിലെ പ്രതിയുമായുള്ള ബണ്ടിയുടെ രൂപസാദൃശ്യം ശ്രദ്ധയിൽപ്പെട്ട പോലീസ് ബണ്ടിയെ കൂടുതൽ അന്വേഷണത്തിന് വിധേയനാകുന്നു. തെളിവുകളുടെ അഭാവത്തിൽ ആ കേസിൽ ബണ്ടിയെ വെറുതെ വിടുന്നു. അന്ന് ബണ്ടിയെ വെറുതെ വിട്ടിരുന്നുവെങ്കിലും പോലീസിന്റെ അന്വേഷണ വലയത്തിലായിരുന്നു ബണ്ടി. ബണ്ടിക്കെതിരേ സുഹൃത്തുക്കളടക്കം പോലീസിന് മൊഴി നൽകുന്നു. ഒടുവിൽ പോലീസ് ബണ്ടിയെ വീണ്ടും അറസ്റ്റ് ചെയ്യുന്നു. കാരോള്‍ ഡാറോഞ്ചിനെ തട്ടിക്കൊണ്ടുപോകുവൻ ശ്രമിച്ച കേസിൽ ബണ്ടി കുറ്റക്കാരനാണ് എന്ന് തെളിയുന്നു. ഒരു വര്‍ഷം മുതല്‍ പതിനഞ്ച് വര്‍ഷം വരെ പരോളോടു കൂടിയ തടവിന് ബണ്ടിയെ കോടതി ശിക്ഷിക്കുകയും ചെയ്തു.
ശിക്ഷാകാലയളവിൽ ജാമ്യത്തിലിറങ്ങിയ ബണ്ടി ആ ഫോക്‌സ് കാർ വിൽക്കുന്നു. ബണ്ടിയുടെ ഈ നീക്കം പോലീസുകാരിൽ സംശയത്തെ ജനിപ്പിക്കുന്നു. തുടർന്ന് ബണ്ടി വിറ്റ ആ കാർ, പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുന്നു. ഈ പരിശോധനയിൽ കാറിൽ നിന്നും മുടിയിഴകള്‍ ലഭിക്കുന്നു. മുടിയിഴകള്‍ ശാസ്ത്രീയ പരിശോധനയക്ക് വിധേയമാക്കിയപ്പോൾ ഇത് കൊല്ലപ്പെട്ടതും കാണാതെ പോയതുമായ മൂന്ന് പെൺകുട്ടികളുടെതാണ് എന്ന് തിരിച്ചറിയുന്നു. അതോടെ പെൺകുട്ടികളുടെ മരണത്തിനും തിരോധനത്തിനും പിന്നിൽ ബണ്ടിയാണ് എന്ന വ്യക്തമാകുന്നു.
ടെഡ് ബണ്ടിക്കെതിരെ തെളിവുകൾ ഉണ്ടായിട്ട് പോലും ഏറെ കാലം വിചാരണ നീണ്ടുപോയി. ഏകദേശം പതിനഞ്ച് വർഷത്തോളം അയാൾ ജയിലിൽ കഴിയുന്നു. ഈ കലയാളവിലും അയാൾ രണ്ടു വട്ടം ജയിൽ ചാടി രണ്ടു കൊലപാതകങ്ങൾ വീണ്ടും നടത്തുന്നു. പിന്നെയും പോലീസ് ബണ്ടിയെ പിടികൂടുന്നു. കോടതിയിൽ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ബണ്ടി നിഷേധിച്ചിരുന്നു. ഒടുവിൽ 1986 ൽ ബണ്ടി കുറ്റസമ്മതം നടത്തുന്നു.
ടെഡ് ബണ്ടി ആദ്യത്തെ രണ്ടു കൊലപാതകത്തിന് ശേഷം സ്വന്തമായ കൊലപാതക ശൈലി തന്നെ ഉണ്ടാക്കിയെടുത്തു. കൈകൾ ഒടിഞ്ഞത് പോലെ അഭിനയിച്ച ബണ്ടി, തന്നെ സഹായിക്കുവാൻ ഇരകളെ അടുത്തേക്ക് വിളിക്കുന്നു. അയാളുടെ വാക്കുകൾ വിശ്വസിച്ച് പെൺകുട്ടികൾ ബണ്ടിയെ സഹായിക്കുന്നു. പെൺകുട്ടികൾ കാറിന്റെ അടുത്ത് എത്തിയാൽ ഉടൻ തന്നെ ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് അടിച്ച് ബോധം കെടുത്തുന്നു. ചിലപ്പോൾ കൊലപ്പെടുത്തുന്നതിന് മുൻപ് അല്ലെങ്കിൽ മരണ ശേഷം ഇരകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു. പെൺകുട്ടികൾ മരണപ്പെട്ടാൽ അവരുടെ തല വെട്ടി മാറ്റി സൂക്ഷിക്കുന്നു. ബാക്കി ശരീര ഭാഗം വിദൂര പ്രദേശങ്ങളിൽ ഉപേക്ഷിക്കുന്നു.
എന്തിനാണ് പെൺകുട്ടികളെ കൊലപ്പെടുത്തിയത് എന്ന ചോദ്യത്തിന്, കൗമാര കാലം മുതല്‍ പോണോഗ്രാഫിയോടുള്ള അഭിനിവേശമാണ് കുറ്റകൃത്യങ്ങളിലേക്ക് നയിച്ചത് എന്ന് ബണ്ടി തന്നെ തുറന്നു പറയുന്നു. എന്നാൽ പോൺ സിനിമകൾ കണ്ടത് കൊണ്ടുമാത്രം ഒരാൾ സീരിയൽ കില്ലർ ആകില്ല എന്ന നിഗമനത്തിലായിരുന്നു പോലീസ്. അതു കൊണ്ട് തന്നെ ബണ്ടി പറഞ്ഞ കാര്യങ്ങൾ പോലീസ് പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടുണ്ടായിരുന്നില്ല. 30 കൊലപാതകങ്ങൾ നടത്തിയെന്ന് ബണ്ടി പറയുമ്പോഴും ബണ്ടിയുടെ ഇരകളുടെ എണ്ണം നൂറോളം വരും എന്നാണ് പോലീസ് പറയുന്നത്. തെളിയിക്കപ്പെട്ട മുപ്പത്തോളം വരുന്ന കേസുകളിൽ കോടതി ബണ്ടിക്ക് വധശിക്ഷ വിധിക്കുന്നു. 1989 ജനുവരി 24, രാവിലെ 7.16 ന് ഫ്‌ലോറിഡയിലെ സ്‌റ്റേറ്റ് പ്രിസണില്‍ ബണ്ടിയുടെ വധശിക്ഷ നടപ്പാക്കി. ബണ്ടിയുടെ വധശിക്ഷയ്ക്ക് കാത്ത് നിരവധി മനുഷ്യർ ജയിലിനു മുന്നിൽ ഒത്തുകൂടി. ബണ്ടി കൊല്ലപ്പെട്ടു എന്ന വാർത്ത അറിഞ്ഞ ആള്‍ക്കൂട്ടം സന്തോഷത്തിൽ ആർത്തുവിളിച്ചു.
1974 ന് ബണ്ടി താമസിച്ചിരുന്ന സമീപ പ്രദേശങ്ങളിൽ നിന്നും നിരവധി സ്ത്രീകളെ കാണാതായിരുന്നു. ഇവരുടെ തിരോധാനവുമായി ബണ്ടിക്ക് ബന്ധമുണ്ടാകാം എന്ന് പോലീസ് സംശയിച്ചിരുന്നു. പക്ഷെ അവയിൽ ഒന്നിൽ പോലും ബണ്ടിയുടെ നേരെ വിരൽ ചൂണ്ടുന്ന തെളിവുകൾ ഉണ്ടായിരുന്നില്ല. ഇത്രയൊക്കെ കുപ്രസിദ്ധനായിട്ട് പോലും ആ കൊടുംകുറ്റവാളിക്ക് ആരാധകർ ഏറെയായിരുന്നു. ആ കൊലയാളിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടരായ നൂറിലേറെ സ്ത്രീകൾ ബണ്ടി ജയിലിൽ തന്റെ വധശിക്ഷ കാത്തു കഴിയവേ കാണാൻ എത്തി. മാത്രമല്ല, ജയിലിൽ അയാളെ തേടിയെത്തിയത് നിരവധി പ്രണയലേഖനങ്ങൾ ആയിരുന്നു. അന്ന് മാത്രമല്ല ഇന്നും പരമ്പര കൊലയാളിയായ ടെഡ് ബണ്ടിയെ ആരാധിക്കുന്നവർ നിരവധിയാണ്.