1960-ൽ വിസ്കോൺസിനിലാണ് ജെഫ്രി ഡാമർ ജനിച്ചത്. കുട്ടിക്കാലം മുതൽക്കേ ഒറ്റപ്പെട്ട സ്വഭാവമായിരുന്ന ഡാമറിന് മരിച്ച മൃഗങ്ങളുടെ ശരീരങ്ങൾ ശേഖരിക്കാനും അവ മുറിച്ചു പരിശോധിക്കാനും ഒരു പ്രത്യേക താൽപ്പര്യമുണ്ടായിരുന്നു. 1978-ൽ, തന്റെ 18-ാം വയസ്സിലാണ് ഡാമർ ആദ്യത്തെ കൊലപാതകം നടത്തുന്നത്. സ്റ്റീവൻ ഹിക്ക് എന്ന യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു.(Jeffrey Lionel Dahmer, the Milwaukee Cannibal)
ഇരകളെ കണ്ടെത്തുന്ന രീതി
പിന്നീടുള്ള 13 വർഷങ്ങൾ ഡാമർ ഒരു സാധാരണക്കാരനെപ്പോലെ സമൂഹത്തിൽ ജീവിച്ചു. മദ്യശാലകളിലും ബസ് സ്റ്റാൻഡുകളിലും വെച്ച് കണ്ടുമുട്ടുന്ന യുവാക്കളെ പണമോ മദ്യമോ വാഗ്ദാനം ചെയ്ത് തന്റെ ഫ്ലാറ്റിലേക്ക് എത്തിക്കുകയായിരുന്നു ഇയാളുടെ പതിവ്. ഫോട്ടോ എടുക്കാൻ എന്ന വ്യാജേന അവരെ മയക്കി കിടത്തിയ ശേഷം ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യും.
ക്രൂരതയുടെ അങ്ങേയറ്റം
ഡാമറുടെ കൊലപാതകങ്ങൾ വെറും കൊലപാതകങ്ങളിൽ ഒതുങ്ങിയിരുന്നില്ല. കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങൾ മുറിച്ചുമാറ്റി ഫ്രിഡ്ജിലും മറ്റും സൂക്ഷിക്കുകയും, ചിലരെ ആഹാരമാക്കുകയും ചെയ്തിരുന്നു. തന്റെ ഇരകളെ ഒരു 'ജീവനുള്ള പാവകളെപ്പോലെ' മാറ്റാൻ അവരുടെ തലയോട്ടിയിൽ ദ്വാരമുണ്ടാക്കി ആസിഡ് ഒഴിക്കുന്നതുപോലുള്ള പൈശാചികമായ പരീക്ഷണങ്ങളും ഡാമർ നടത്തിയിരുന്നു.
1991 ജൂലൈ 22-നാണ് ഡാമറുടെ ഭീകര ഭരണത്തിന് അന്ത്യമായത്. ഡാമറുടെ ഫ്ലാറ്റിൽ നിന്നും രക്ഷപ്പെട്ട ട്രേസി എഡ്വേർഡ്സ് എന്ന യുവാവ് പോലീസിനെ വിവരമറിയിച്ചു. പോലീസുകാർ ഫ്ലാറ്റിൽ പരിശോധന നടത്തിയപ്പോൾ കണ്ട കാഴ്ചകൾ ലോകത്തെ ഞെട്ടിച്ചു. ഫ്രിഡ്ജിനുള്ളിലെ വെട്ടിമാറ്റിയ തലകളും, മനുഷ്യ അവശിഷ്ടങ്ങളും നിറഞ്ഞ ആ ഫ്ലാറ്റ് ഒരു കശാപ്പുശാലയ്ക്ക് തുല്യമായിരുന്നു.
വിചാരണയ്ക്ക് ശേഷം ഡാമറിന് 15 ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. എന്നാൽ ജയിലിൽ വെച്ച് 1994-ൽ ക്രിസ്റ്റഫർ സ്കാർവർ എന്ന സഹതടവുകാരന്റെ മർദ്ദനമേറ്റ് ഡാമർ കൊല്ലപ്പെട്ടു..