
ലോകത്തിലെ ഏറ്റവും അപകടകാരികളായി കണകാക്കുന്നത് പാമ്പുകളെയാണ്. വിഷം ചീറ്റുന്ന ഈ ഇഴജന്തുക്കൾ മനുഷ്യജീവന് തന്നെ ആപത്താണ്. പാമ്പുകൾ ഇല്ലാത്ത നിരവധി രാജ്യങ്ങളും ദ്വീപുകളും ഭൂമിയിൽ ഉണ്ട്. എന്നാൽ പാമ്പുകൾ മാത്രമുള്ള ഒരു ദ്വീപും ഉണ്ട്. ചുറ്റിലും പാമ്പുകൾ മാത്രം, എവിടേക്കു തിരിഞ്ഞാലും പാമ്പുകൾ, ആർക്കും അത്ര പെട്ടന്ന് എത്തിപ്പെടുവാൻ പറ്റാത്തൊരിടം. ഇവിടെ എത്തിപ്പെട്ടാലോ പാമ്പിന്റെ കടിയുറപ്പ് തന്നെ.
ബ്രസീൽ നഗരമായ സാവോ പോളോയിൽ നിന്ന് ഏകദേശം 144 കിലോമീറ്റർ അകലെയാണ് പാമ്പുകളുടെ പറുദീസയായ സ്നേക്ക് ഐലൻഡ് (Snake Island)എന്നറിയപ്പെടുന്ന ഇൽഹ ഡാ ക്യൂമാഡ ഗ്രാൻഡെ (Ilha da Queimada Grande). ഇടതൂർന്ന വനം, കുത്തനെയുള്ള പാറക്കെട്ടുകൾ, പസഫിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപിലെ അന്തേവാസികൾ പാമ്പുകൾ മാത്രമാണ്. ദ്വീപിന്റെ ആകെയുള്ള നീളം ഏകദേശം 430,000 ചതുരശ്ര കിലോമീറ്ററാണ് അതായത് 106 ഏക്കർ. ഇതിൽ 62 ഏക്കറും മഴക്കാടാണ്. ഇതിൽ തന്നെ ഓരോ ചതുരശ്ര മീറ്ററിൽ 1 മുതൽ 5 വരെ പാമ്പുകളുണ്ട്.
ലോകത്തിലെ ഏറ്റവും മാരകമായ ജീവികളിലൊന്നായ അണലികളുടെ കുടുംബത്തിലെ ഗോൾഡൻ ലാൻസ്ഹെഡ് വൈപ്പറിന്റെ (കുന്തത്തലയന്‍ സ്വര്‍ണ അണലി) ആവാസകേന്ദ്രമെന്ന നിലയിൽ സ്നേക്ക് ഐലൻഡ് കുപ്രസിദ്ധമാണ്. ദ്വീപിൽ ഉടനീളം 2000 മുതൽ 4000 വരെയാണ് ഇവയുടെ സംഖ്യ. കാഴ്ചയിൽ ഉടലാകെ മഞ്ഞ നിറത്തിലുള്ള ഇവയുടെ കടി മനുഷ്യ ജീവൻ അപഹരിക്കുവാൻ സാധിക്കുന്നതാണ്. ഇവയുടെ ഒരു കടി കൊണ്ടുതന്നെ ടിഷ്യു നെക്രോസിസിനും (tissue necrosis) കഠിനമായ ആന്തരിക രക്തസ്രാവത്തിനും കാരണമാകുമെന്നും, തുടർന്ന് കടിയേറ്റ് അര മണിക്കൂറിനുള്ളിൽ തന്നെ മരണവും സംഭവിക്കുന്നു. ഗോൾഡൻ ലാൻസ്ഹെഡ് പാമ്പുകൾ (Golden lancehead snakes) ആയിരക്കണക്കിന് വർഷങ്ങളായി സ്നേക്ക് ഐലൻഡിലെ ഒറ്റപ്പെട്ട അന്തരീക്ഷവുമായി പൊരുത്തപ്പെട്ട് ജീവിക്കുന്നവയാണ്. അണലികൾ മാത്രമല്ല മറ്റു നിരവധി പാമ്പുകളും ഇവിടെയുണ്ട്. ഇവയിൽ ചിലത് വിഷമില്ലാത്തതുമാണ്. പാറപ്പുറത്തും, മരത്തിലും,
പുൽമേടുകൾക്കിടയിലും ചുറ്റി പിണഞ്ഞു തങ്ങളുടെ ഇരക്കായി കാത്തു കഴിയുകയാണ് ഈ പാമ്പുകൾ.
പതിനായിരം വർഷങ്ങൾക്കു മുൻപ് മെയിന്‍ലാന്‍ഡ് ബ്രസീലും സ്നേക്ക് ഐലൻഡും ചേർന്ന് ഒരൊറ്റ കരഭൂമിയായിരുന്നു. ബ്രസീലിനേക്കാൾ ഉയർന്ന പ്രദേശമായിരുന്നു സ്നേക് ഐലൻഡ്. വർഷങ്ങൾക്ക് മുൻപ് ഇവിടെ ജനവാസം ഉണ്ടായിരുന്നു. എന്നാൽ മഞ്ഞുരുകി സമുദ്രത്തിലെ ജല നിരപ്പ് ഉയർന്നതോടെ വൻകരയിൽ നിന്നും ദ്വീപ് ഒറ്റപ്പെട്ടു. ഇതിനെ പിൻപറ്റിയാണ് പാമ്പുകളുടെ എണ്ണം കൂടുവാൻ തുടങ്ങിയത്. ദ്വീപ് ഒറ്റപ്പെട്ടതോടെ പാമ്പുകൾ മാത്രമായി, മറ്റൊരു ജീവികളും ഇവിടെ വസിക്കുന്നുണ്ടായിരുന്നില്ല . മറ്റ് ഇരകളില്ലാതെ ദ്വീപിൽ പാമ്പുകൾ മാത്രമായപ്പോൾ ജീവൻ നിലനിർത്തുവാൻ പരസ്പരം ഭക്ഷിക്കുവാൻ ഇവർ ആരംഭിച്ചു. തീർത്തും അക്രമകാരികളായി പാമ്പുകൾ മാറി. ഇവയുടെ മറ്റു പ്രധാന ഇരയാണ് ദേശാടന പക്ഷികൾ. പാമ്പുകൾ മരത്തിൽ ഒളിച്ചിരുന്ന്, പക്ഷികൾ മരക്കൊമ്പുകളിൽ വന്നിരിക്കുന്നതും അവരുടെ നേർക്ക് വീണ് പക്ഷികളെ കൊന്ന് തിന്നുന്നു. നൂറ്റാണ്ടുകൾ ഒറ്റപ്പെട്ടു കഴിയേണ്ടി വന്നത് കൊണ്ട് തന്നെ ലോകത്തിലെ മറ്റ് ഏതു പാമ്പുകളെക്കാളും ഈ ദ്വീപിലെ പാമ്പുകളുടെ വിഷത്തിന് ശക്തി കൂടുന്നു. മറ്റു വൻകരയിലെ പാമ്പുകളെ അപേക്ഷിച്ച് ഇവയക്ക് പരിണാമപരമായ മാറ്റം സംഭവിച്ചു. ഇത് ഇവയെ കൂടുതൽ അപകടകാരികൾ ആക്കുന്നു.
1500 കളിൽ പോർച്ചുഗീസുകാർ ഈ ദ്വീപ് കണ്ടെത്തുന്നതു വരെ ആർക്കും തന്നെ പാമ്പുകൾ മാത്രം വസിക്കുന്ന ഈ ദ്വീപിനെ കുറിച്ച് അറിയില്ലായിരുന്നു. 20-ാം നൂറ്റാണ്ടിലാണ് കുന്തത്തലയന്‍ സ്വര്‍ണ അണലിയെ കുറിച്ചുള്ള ആദ്യ റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. കടലിലൂടെ കടന്നുപോകുന്ന കപ്പലുകളെ നയിക്കാൻ സഹായിക്കുന്നതിനായി 1920- കളിൽ നിർമ്മിച്ച ഒരു ലൈറ്റ്ഹൗസ് ഈ ദ്വീപിൽ ഉണ്ട്. ലൈറ്റ്ഹൗസിന്റെ ചുമതല ഒരു ചെറിയ സംഘത്തിനായിരുന്നു. നിർഭാഗ്യവശാൽ, ലൈറ്റ്ഹൗസിൽ ജോലിചെയ്തിരുന്ന ഓരോരുത്തരും ഒടുവിൽ പാമ്പുകടിയേറ്റ് മരിച്ചു. അവസാനമായി ലൈറ്റ്ഹൗസിലെ ജീവനക്കാരനും കുടുംബവും നൂറുകണക്കിന് വരുന്ന പാമ്പുകളുടെ കടിയേറ്റ് മരിച്ചതിനു ശേഷം ജീവനക്കാരെ ആരെയും തന്നെ ദ്വീപിലേക്ക് അയച്ചിട്ടില്ല. ഓട്ടമാറ്റിക് സംവിധാനങ്ങൾ ലൈറ്റ്ഹൗസിൽ ഉപയോഗിക്കുവാൻ തുടങ്ങിയതോടെ ഇവിടേക്ക് ആരും വരാതെയായി.
1970- കളുടെ തുടക്കത്തോടെ ബ്രസീൽ സർക്കാർ ദ്വീപിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം നിരോധിച്ചു. നിലവിൽ ബ്രസീൽ നേവിയുടെ കീഴിലാണ് ദ്വീപിന്റെ നിയന്ത്രണം. ഗവേഷകർക്കും നേവി ഉദ്യോഗസ്ഥർക്കും മാത്രമേ ഇവിടെ പ്രവേശിക്കുവാൻ സാധിക്കു. ബ്രസീൽ സർക്കാരിന്റെ പ്രത്യേക അനുമതിയുണ്ടെങ്കിൽ നേവിയുടെ നേതൃത്വത്തിൽ ദ്വീപിൽ പ്രവേശിക്കുവാൻ സാധിക്കുന്നതാണ്. അധികാരികളുടെ കണ്ണുവെട്ടിച്ച് ദ്വീപിൽ വരുന്നവരുമുണ്ട്. എന്നാൽ ഇവർ വരുന്നത് ദ്വീപിന്റെ സൗന്ദര്യം ആസ്വദിക്കുവാനോ, ദ്വീപിൽ പണ്ട് എപ്പോഴോ കുഴിച്ചിട്ടിട്ടുണ്ട് എന്ന് പറയപ്പെടുന്ന നിധി എടുക്കുവാനോ അല്ല, മറിച്ച് ലോകത്തിലെ ഏറ്റവും അപകടകാരിയായ കുന്തത്തലയന്‍ സ്വര്‍ണ അണലികളെ കടത്തി കൊണ്ട് പോകുവാനാണ്. കരിച്ചന്തയിൽ ഈ അണലികൾക്ക് കുറഞ്ഞത് 20 ലക്ഷം രൂപയാണ് വില. അതുകൊണ്ടു തന്നെ വേട്ടയാടലിന്റെ വലിയ ഭീഷണി കുന്തത്തലയന്‍ സ്വര്‍ണ അണലികൾ നേരിടുന്നുണ്ട്.
സ്നേക്ക് ഐലൻഡ് ഒരു നിരോധിത പറുദീസയായി തന്നെ തുടരുന്നു. പാമ്പുകളുടെ മരണക്കെണി ദ്വീപിന്റെ പ്രശസ്തി അതിനെ ലോകത്തിലെ ഏറ്റവും അപകടകരവും എന്നാൽ കൗതുകകരവുമായ ദ്വീപുകളിലൊന്നാക്കി മാറ്റി. ദ്വീപിൽ ആധിപത്യം പുലർത്തുന്ന അണലികളായാലും അല്ലെങ്കിൽ പാമ്പുകടിയേറ്റ ദ്വീപിൽ മരണപ്പെട്ടവരുടെ കഥകൾ ആണെങ്കിലും സ്നേക്ക് ഐലൻഡിനെ കുറിച്ച് കേൾക്കുന്നവരുടെ ഭാവനകളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ദ്വീപിന്റെ ദൃശ്യ ഭംഗി കണ്ട് ദ്വീപിൽ എത്തുന്നവർ കാണുന്നത് മരണത്തെയാണ്. മരണം പതിയിരിക്കുന്ന ദ്വീപ് എന്ന് തന്നെ ഇൽഹ ഡാ ക്യൂമാഡ ഗ്രാൻഡയെ വിശേഷിപ്പിക്കുവാൻ സാധിക്കുന്നതാണ്.