മഞ്ജുളയുടെ പൂമാലയും ഉണ്ണിക്കണ്ണനും | Lord Krishna

മഞ്ജുള പൂമാല സമർപ്പിച്ച ക്ഷേത്രത്തിൻ്റെ കിഴക്കു വശത്തുള്ള ആ ആൽമരം ഇപ്പോഴും അവളുടെ പേരിലാണ് അറിയപ്പെടുന്നത്..
Manjula the great devotee of Lord Krishna
Times Kerala
Published on

ഒരു കഥ പറഞ്ഞാലോ.. വളരെ മനോഹരമായ ഒരു കഥ.. ഗുരുവായൂർ ക്ഷേത്രത്തിന് സമീപം ഒരു പെൺകുട്ടി ഉണ്ടായിരുന്നു. മഞ്ജുള എന്നായിരുന്നു അവളുടെ പേര്. എന്നും പൂമാല കെട്ടി അവൾ കണ്ണനടുത്ത് എത്തും. അത് ഉണ്ണിക്കണ്ണനെ അണിയിക്കാമോയെന്ന് മേൽശാന്തിയോട് ചോദിക്കും. നിഷ്കളങ്കയായ അവളുടെ അഭ്യർത്ഥന മാനിച്ച് അദ്ദേഹം സന്തോഷത്തോടെ തന്നെ ആ പൂമാല കണ്ണനെ അണിയിക്കും.(Manjula the great devotee of Lord Krishna )

ഒരു ദിവസം പതിവ് പോലെ പൂമാലയുമായി മഞ്ജുള ക്ഷേത്രത്തിൽ എത്തി. എന്നാൽ അന്ന് അവളുടെ പൂമാല മേൽശാന്തി വാങ്ങിയില്ല. നടയടച്ചു കഴിഞ്ഞുവെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു. അവൾക്ക് സങ്കടമായി. തൻ്റെ മാല കണ്ണന് കൊടുക്കാൻ പറ്റിയില്ലല്ലോ എന്നാലോചിച്ച് ആ മനസ് വേദനിച്ചു.

കണ്ണൻ അത് വേണ്ടെന്ന് വിചാരിച്ചിട്ടാണ് എന്ന് വിചാരിച്ച് മഞ്ജുള അവിടെയിരുന്ന് തേങ്ങിക്കരഞ്ഞു. കുറച്ച് സമയം അങ്ങനെ കടന്നു പോയി. അപ്പോഴാണ് ഒരു ബ്രാഹ്മണൻ അങ്ങോട്ടേക്ക് എത്തിയത്. അദ്ദേഹം മഞ്ജുള കരയുന്നത് കണ്ട് അമ്പരന്നു.. അവിടെയിരുന്ന് കരയുന്നത് എന്തിനാണെന്ന് അദ്ദേഹം അവളോട് ചോദിച്ചു. മഞ്ജുള കാര്യം വിശദീകരിച്ചു.

അദ്ദേഹം അവൾക്കൊരു വഴി പറഞ്ഞ് കൊടുത്തു. സമീപത്തുള്ള ഒരു ആൽമരം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു, പൂമാല അവിടെ വച്ചാൽ മതി, കണ്ണൻ എടുത്ത് കൊള്ളുമെന്ന്.. കുഞ്ഞ് മഞ്ജുള ആ ഉപദേശം അതേപടി അനുസരിച്ചു. തന്നോട് ഇഷ്ടമുണ്ടെങ്കിൽ കണ്ണൻ അത് എടുക്കുമെന്ന് അവൾ മനസിൽ നിനച്ചു. പിറ്റേ ദിവസം ഒരു അത്ഭുതം സംഭവിച്ചു!

നട തുറന്ന മേൽശാന്തി ഞെട്ടിപ്പോയി. അതാ.. കഴിഞ്ഞ ദിവസം മഞ്ജുള കൊണ്ട് വന്ന മാല കണ്ണൻ്റെ കഴുത്തിൽ! അദ്ദേഹം എത്ര ശ്രമിച്ചിട്ടും അത് എടുത്ത് മാറ്റാനും സാധിച്ചില്ല. അത് കണ്ട മഞ്ജുളയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.

മഞ്ജുള പൂമാല സമർപ്പിച്ച ക്ഷേത്രത്തിൻ്റെ കിഴക്കു വശത്തുള്ള ആ ആൽമരം ഇപ്പോഴും അവളുടെ പേരിലാണ് അറിയപ്പെടുന്നത്.. കഥയിൽ അൽപ്പം കാര്യം കൂടി ആയാലോ? മഞ്ജുളയ്ക്ക് ആ ഉപദേശം നൽകിയത് പൂന്താനം നമ്പൂതിരി ആയിരുന്നു!

Related Stories

No stories found.
Times Kerala
timeskerala.com