
ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം ഏതാണ് എന്ന് അറിയാമോ? കംബോഡിയെന്ന കുഞ്ഞൻ രാജ്യത്തിന്റെ ഇതിഹാസവും പാരമ്പര്യവും പേറുന്ന ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമായ അങ്കോർ വട്ട്. കംബോഡിയയിലെ സീം റീപിലാണ് അങ്കോർ വാട്ട് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെമറ്റു ക്ഷേത്രങ്ങളോട് താരതമ്യം ചെയുമ്പോൾ ഏറ്റവും വലിയ ക്ഷേത്രം എന്ന ഖ്യാതി അങ്കോർ വാട്ട് ക്ഷേത്രത്തിന് സ്വന്തമാണ്. 402 ഏക്കറിൽ വ്യാപിച്ച കിടക്കുന്ന ക്ഷേത്രം ആരും ഒന്ന് കണ്ടിരിക്കേണ്ട വാസ്തുവിദ്യാ അത്ഭുതം തന്നെയാണ്.
നിർമാണ ചാതുര്യത്താൽ കാഴ്ചക്കാരിൽ വിസ്മയം ജനിപ്പിക്കും അങ്കോർവാട്ടിലെ ഓരോ കാഴ്ചകളും. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഖെമർ രാജാവായ സൂര്യവർമ്മൻ രണ്ടാമനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. മഹാ വിഷ്ണുവിനായി സമർപ്പിച്ചിരുന്ന ക്ഷേത്രം, നൂറ്റാണ്ടിന്റെ അവസാനത്തോടെ ബുദ്ധ ക്ഷേത്രമായി പരിവർത്തനം ചെയ്യപ്പെടുന്നു. നിലവിൽ അങ്കോർ വാട്ട് ഒരു ഹൈന്ദവ ബുദ്ധ ക്ഷേത്രമായി നിലകൊള്ളുന്നു. ഏകദേശം 30 വർഷം കൊണ്ടാണ് ക്ഷേത്ര നിർമാണം പൂർത്തിയാകുന്നത്. സൂര്യവർമന്റെ ഭരണകാലത്താണ് ക്ഷേത്ര നിർമാണം ആരംഭിച്ചതെങ്കിലും അത് പൂർത്തീകരിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. പിന്നീട് ആ പ്രദേശം കീഴടക്കിയ ജയവർമ്മൻ ഏഴാമനാണ് ക്ഷേത്രത്തിന്റെ അവസാനഘട്ട പണികൾ പൂർത്തിയാക്കുന്നത്. എന്നാൽ ഹൈന്ദവ ദൈവങ്ങളോടുള്ള വിശ്വാസം നഷ്ടപ്പെട്ട ജയവർമ്മൻ, അങ്കൂർ വാട്ടിനെ ഒരു ബുദ്ധക്ഷേത്രമാക്കി മാറ്റുന്നു. ഹൈന്ദവ വിഗ്രഹങ്ങളെല്ലാം തന്നെ ക്ഷേത്രത്തിൽ നിന്നും പൂർണമായും നീക്കം ചെയ്യുന്നു. എന്നാൽ ഇപ്പോഴും ക്ഷേത്രത്തിലെ ചുമരുകളിൽ ക്ഷേത്രത്തിന്റെ ഹൈന്ദവ വിശ്വാസങ്ങളുടെ പാരമ്പര്യത്തെ കാത്തുസൂക്ഷിക്കുന്നു.
അഞ്ചു കിലോമീറ്റർ ദൈർഘ്യമുള്ള കിടങ്ങിനാൽ ചുറ്റപ്പെട്ട ക്ഷേത്രത്തിന്റെ ചുറ്റുമതിലിന്റെ നീളം ആറു കിലോമീറ്ററാണ്. പർവത ക്ഷേത്രഘടനയിലും ഗോപുര മാതൃകയിലുമാണ് ക്ഷേത്രം പണിതിരിക്കുന്നത്. സീംറീപിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെയാണ് ക്ഷേത്രം സ്ഥിതിചെയുന്നത്. അങ്കോർ വാട്ടിന്റെ ഏറ്റവും പ്രധാനമായ സവിശേഷത 3000 ത്തിൽ പരം അപ്സര കന്യകമാരുടെ ശില്പങ്ങൾ കൊത്തിയ ചുമരുകളാണ്. അപ്സരസുകൾ നൃത്തം ചെയ്യുന്ന രൂപത്തിലുള്ളതാണ് ഈ ശില്പങ്ങൾ. ദൈവതകളും ഗരുഡനും താമരയുമെല്ലാം നിറയുന്ന ക്ഷേത്രത്തിന്റെ ചുവരുകൾ കലയുടെ സമ്മിശ്രമായ സമ്മേളനമാണ്. ഈ ശില്പ ചാരുത തന്നെയാണ് അങ്കോർ വാട്ടിന്റെ സൗന്ദര്യത്തിന് കൂടുതൽ മിഴിവേകുന്നത്.ക്ഷേത്ര രൂപകല്പന ശൈവ ഹൈന്ദവ രീതികളിൽ നിന്നും വിഭിന്നമാണ്. ക്ഷേത്രം ആദ്യകാലത്ത് നിർമ്മിച്ചിരുന്നത് സൂര്യവർമ്മന്റെ തലസ്ഥാനം നഗരമായിട്ടാണ്. ഒരു നാടിന്റെ തന്നെ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ആഴത്തിലുള്ള വേരുകളായി ഇന്നും നിലകൊള്ളുന്ന ക്ഷേത്രം ആത്മീയതയുടെ ത്രസിപ്പിക്കുന്ന ലോകത്തേക്ക് സഞ്ചാരികളെ കൂട്ടിക്കൊണ്ടു പോകുന്നു. പുരാതന കമ്പോഡിയ ഭാഷയിൽ മാത്രമല്ല മറിച്ച് ഹൈന്ദവ പൗരാണിക ഭാഷയായ സംസ്കൃതത്തിലുള്ള എഴുത്തുകളും ക്ഷേത്രത്തിന്റെ ചുമരുകളിൽ സജീവമാണ്. ഈ എഴുത്തുകൾ പുരാതനകാലത്ത് ക്ഷേത്രത്തിൽ ഹൈന്ദവ വിശ്വാസങ്ങൾ പുലർത്തിയിരുന്നതിന്റെ ശക്തമായ തെളിവുകളാണ്.
അങ്കോർ വാട്ടിന്റെ പ്രവേശന കവാടവും കമ്പോഡിയയുടെ തലസ്ഥാനവുമാണ് ക്ഷേത്ര നഗരമായ സീയോം റിപ്. യുനെസ്കോ പൈതൃക സ്ഥാനമായി അംഗീകരിച്ച സീയോം റിപിലെ ക്ഷേത്രങ്ങളിലേക്കുള്ള പൊതുപ്രവേശന ടിക്കറ്റ് ഇവിടെ നിന്ന് ലഭിക്കുന്നതാണ്.
ക്ഷേത്രത്തിലേക്കുള്ള യാത്ര പച്ചപ്പ് നിറഞ്ഞ കാട്ടിലൂടെയാണ്. ഏകദേശം അഞ്ചര കിലോമീറ്ററോളം സഞ്ചരിച്ചു കഴിഞ്ഞാൽ അതിമനോഹരമായ ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരുന്നു. അങ്ങനെ ക്ഷേത്രത്തിൽ എത്തിച്ചേരുന്ന സഞ്ചാരകർക്ക് മുന്നിൽ ക്ഷേത്രം തുറന്നു നൽകുന്നത് മാസ്മരികതയുടെ പുത്തൻ അനുഭൂതിയാണ്.
നൂറ്റാണ്ടുകളോളം കാടിന്റെ വന്യതയിൽ ഒളിഞ്ഞിരുന്ന ക്ഷേത്രത്തെപ്പറ്റി പുറംലോകം അറിയുന്നത് വിഖ്യാത ഫ്രഞ്ച് പരിവേഷകനായിരുന്നു ഹെൻറി മൻഹോട്ടിലൂടെയാണ്. 1860 ലാണ് ഹെൻറി മൗഹോട്ട് ക്ഷേത്രത്തെ കണ്ടെത്തുന്നത്. മൗഹോട്ട് ക്ഷേത്രത്തെ കണ്ടെത്തുന്ന വേളയിൽ തീർത്തും ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു അങ്കോർ വാട്ട്. ചുറ്റും കാടാൽ മൂടപ്പെട്ട, വർഷങ്ങളോളം മനുഷ്യരുടെ കരസ്പർശം ഏൽക്കാത്ത ക്ഷേത്രം. ക്ഷേത്രത്തിന്റെ സമീപപ്രദേശത്ത് ഏതാനും ബുദ്ധ സന്യാസിമാർ ജീവിച്ചിരുന്നുവെങ്കിലും അവർക്കാർക്കും തന്നെ ക്ഷേത്രം ആരാണ് നിർമ്മിച്ചതെന്നോ, ക്ഷേത്രത്തിന്റെ ചരിത്രത്തെ പറ്റിയോ യാതൊന്നും അറിയില്ലായിരുന്നു. ആദ്യകാലങ്ങളിൽ പലരും വിശ്വസിച്ചിരുന്നത് ക്ഷേത്രം സ്വയംഭൂവാണ് എന്ന്. എന്നാൽ പിൽക്കാലത്ത് നടത്തിയ പഠനങ്ങളിലൂടെയാണ് ക്ഷേത്ര നിർമ്മാണത്തെക്കുറിച്ച് വ്യക്തമാകുന്നത്. കാലചക്രത്തിന്റെ ഒഴുക്കിൽപ്പെട്ട് ഉപേക്ഷിക്കപ്പെട്ട ക്ഷേത്ര ഇന്ന് ഒരു രാജ്യത്തിന്റെ പ്രൗഢിയുടെയും പൈതൃകത്തിന്റെയും നേർചിതമായി നിലകൊള്ളുന്നു.