റാഗിങ് പരാതിപ്പെടാൻ മിഹിറിന്റെ പേരിൽ ‘മിഹിർ ആപ്പ്’ തുടങ്ങണം; എഫ്.ഡി.സി.എ | F.D.C.A

റാഗിങ് പരാതിപ്പെടാൻ മിഹിറിന്റെ പേരിൽ ‘മിഹിർ ആപ്പ്’ തുടങ്ങണം; എഫ്.ഡി.സി.എ | F.D.C.A
Published on

​കൊച്ചി: തൃപ്പൂണിത്തുറയിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മിഹിര്‍ അഹമ്മദിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ നേരിടുന്ന ഭീഷണികളെകുറിച്ച് പരാതിപ്പെടാൻ മിഹിറിന്റെ പേരിൽ ആപ്പ് തുടങ്ങണമെന്ന് ഫോറം ഫോർ ഡെമോക്രസി ആൻഡ് കമ്യൂണൽ അമിറ്റി (എഫ്.ഡി.സി.എ) . ഈ ആവശ്യം ഉന്നയിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം സമർപ്പിച്ചു. (F.D.C.A)

വിദ്യാലയങ്ങളിൽ കുട്ടികൾ നേരിട്ടുന്ന നാനാതരം ശാരീരിക മാനസിക പീഡനങ്ങൾ സുഗമവും സുതാര്യമായി പരാതിപ്പെടാനും ഉത്തരവാദികളായവരെ വേഗത്തിൽ നിയമത്തിനു മുന്നിൽ കൊണ്ട് വരാനും സാധിക്കും . ഇതിലൂടെ വിദ്യാര്‍ഥികളിലെ വര്‍ധിച്ചുവരുന്ന ആത്മഹത്യാ പ്രവണത തടയാനും കഴിയും. ഈ വിഷയത്തിൽ ഉടൻ കാര്യക്ഷമമായ ഇടപെടലുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി എഫ്.ഡി.സി.എ സംഘത്തിന് ഉറപ്പുനൽകി.

നിവേദനത്തിന്റെ പൂർണരൂപം:

തൃപ്പൂണിത്തുറയിലെ ഒമ്പതാംക്ലാസ്സ് വിദ്യാർത്ഥി മിഹിറിൻ്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കൗമാര പ്രായത്തിലെ വിദ്യാർഥികളിലെ വർധിച്ചുവരുന്ന ആത്മഹത്യാ പ്രവണതയിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ അടിയന്തിര ശ്രദ്ധ വേണ്ടതാണ്. ഈ വിഷയത്തിൽ സംസ്ഥാനത്തെ വിദ്യാർത്ഥികൾ നേരിടുന്ന റാഗിംഗ്/ബുള്ളിയിംഗ് പരാതിപ്പെടാൻ കഴിയുന്ന ലളിതവും ഏത് പ്രായത്തിലുള്ള വിദ്യാർത്ഥികൾക്കും പ്രാപ്യവുമായ മാർഗം എന്ന നിലക്ക് മരണപ്പെട്ട മിഹിറിന്റെ പേരിൽ ഒരു ആപ്പ് ഉടൻ തുടങ്ങുന്നതിന് വിദ്യാഭ്യാസവകുപ്പ് ശ്രമം നടത്തണം.

വിദ്യാലയങ്ങളിലും കുടുംബത്തിലും കുട്ടികൾ നേരിടുന്ന സംഘർഷങ്ങൾ ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്ന സംഭവങ്ങൾ രാജ്യത്ത് ആവർത്തിക്കുകയാണ്. രാജ്യത്ത് ഓരോ 42 മിനിറ്റിലും ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്യുന്നു എന്നാണ് 2020ലെ നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ (എൻസിആർബി) കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. അതായത്, പ്രതിദിനം 34ൽ അധികം വിദ്യാർത്ഥികൾ വിവിധ കാരണങ്ങളാൽ ജീവനൊടുക്കുന്നു. ആത്മഹത്യ ബോധവത്കരണ പരിപാടികൾ കൊണ്ട് മാത്രം പരിഹരിക്കാനാവുന്നതല്ല ഈ പ്രവണത.

വിദ്യാലയ പരിസരത്തുണ്ടാവുന്ന ബുള്ളിയിംഗ് പോലുള്ളവ കർശനമായി നിയന്ത്രിക്കപ്പെടുന്ന വിധത്തിൽ കുട്ടികളുടെ സംരക്ഷണത്തിനുള്ള സർക്കാർ സംവിധാനങ്ങൾ സമയത്ത് ഇടപെടുകയും പ്രശ്നങ്ങൾ പരിഹരിക്കുകയുമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായത്. . അതിനാൽ സർക്കാർ -സർക്കാരിതര വിദ്യാലയങ്ങളിൽ സഹപാഠികളിൽ നിന്നോ അധ്യാപകരിൽ നിന്നോ കുട്ടികൾ നേരിടുന്ന വിവേചനങ്ങളും ബുള്ളിയിംഗ് ഉൾപ്പെടെയുള്ള പ്രശനങ്ങളും പരാതിപ്പെടാനും വേഗത്തിൽ പരിഹരിക്കാനും കഴിയുന്ന രീതിയിൽ ചില നിർദ്ദേശങ്ങൾ എഫ്. ഡി. സി. എ കേരള ഘടകം (ഫോറം ഫോർ ഡെമോക്രസി ആൻഡ് കമ്മ്യൂണൽ അമിറ്റി) സംസ്ഥാന സർക്കാരിൻ്റെ പരിഗണനക്കായി സമർപ്പിക്കുകയാണ്.

1. റാഗിംഗ്/ ബുള്ളിയിംഗ് പരാതിപ്പെടാൻ കഴിയുന്ന അപ്ലിക്കേഷൻ മരണപ്പെട്ട മിഹിറിന്റെ പേരിൽ (മിഹിർ ആപ്പ്) തയ്യാറാക്കുക.

2. ഇത്തരം പരാതികൾക്കായി പ്രത്യേക ഹെൽപ് ലൈൻ നമ്പർ തയ്യാറാക്കുക. ഈ നമ്പർ സർക്കാർ സർക്കാരിതര വിദ്യാലയങ്ങളിൽ പരസ്യമായി പ്രദർശിപ്പിക്കുക.

3. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന നാനാതരം വിവേചനങ്ങളിൽ അവരെ സഹായിക്കാനും കഴിയുന്ന കൗൺസിലറുടെ സാന്നിധ്യം സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഉണ്ടെന്ന് ഉറപ്പാക്കുക.

4. ബുള്ളിയിംഗ് പോലുള്ള പരാതികളിൽ ഇടപെട്ട് പരിഹരിക്കാൻ കഴിയുന്ന വിദഗ്‌ധരുടെ പ്രാതിനിധ്യമുള്ള അധ്യാപക-രക്ഷാകർത്യ ഇൻ്റേണൽ സംവിധാനം വിദ്യാലയങ്ങളിൽ രൂപീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക

Related Stories

No stories found.
Times Kerala
timeskerala.com