

കൊച്ചി: കുടുംബശ്രീ അംഗങ്ങൾ ഉത്പാദിപ്പിക്കുന്ന കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങളെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ 'കെ-ഇനം' ബ്രാൻഡ് വിപണിയിലെത്തുന്നു. പദ്ധതിയുടെ ഉദ്ഘാടനം നാളെ നെടുമ്പാശ്ശേരിയിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് നിർവ്വഹിക്കും.(Kudumbashree’s K-INAM brand to hit the market tomorrow)
രാജ്യത്തെ പ്രമുഖ കാർഷിക ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന 30 തരം ഭക്ഷ്യോത്പന്നങ്ങളാണ് ആദ്യഘട്ടത്തിൽ പുറത്തിറങ്ങുന്നത്.
കെ-ടാപ്പ് 2.0: ഉത്പാദനത്തിലും വിപണനത്തിലും ഡിജിറ്റൽ-അത്യാധുനിക സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്ന 'കേരള ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാമിൻ്റെ' രണ്ടാം ഘട്ടം ചടങ്ങിൽ അവതരിപ്പിക്കും. ട്രി-ബാൻഡ്: ഗോത്രവർഗ്ഗക്കാരുടെ പരമ്പരാഗത അറിവുകളും പ്രകൃതിദത്ത ചായങ്ങളും ഉപയോഗിച്ച് തയ്യാറാക്കുന്ന സുസ്ഥിര വസ്ത്ര ബ്രാൻഡും ഇതോടൊപ്പം പുറത്തിറക്കും. കുടുംബശ്രീയുടെ കീഴിൽ പുതിയ സ്റ്റാർട്ടപ്പ് ശൃംഖലയായ 'യുക്തി'ക്കും നാളെ തുടക്കമാകും.
'വീട്ടിൽ നിന്ന് ലോകത്തേക്ക്' എന്ന ആപ്തവാക്യവുമായി എത്തുന്ന ഈ പദ്ധതിയിലൂടെ കുടുംബശ്രീ ഉത്പന്നങ്ങൾക്ക് ഏകീകൃത ബ്രാൻഡിംഗും വിപുലമായ വിപണന സാധ്യതയും ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങൾ ഉൾപ്പെടുത്തി പ്രത്യേക 'ഗിഫ്റ്റ് ബോക്സുകളും' കുടുംബശ്രീ വിപണിയിലെത്തിക്കുന്നുണ്ട്. നെടുമ്പാശ്ശേരി ഫ്ലോറ ഇൻ്റർനാഷണൽ ഹോട്ടലിൽ വെച്ച് നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ മേഖലയിലെ പ്രമുഖർ പങ്കെടുക്കും.